പരിഷ്‌കരിച്ച ഹോണ്ട സിറ്റി സെഡാന്‍ ദില്ലിയില്‍ അവതരിപ്പിച്ചു
Big Buy
പരിഷ്‌കരിച്ച ഹോണ്ട സിറ്റി സെഡാന്‍ ദില്ലിയില്‍ അവതരിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2013, 8:32 pm

[]ന്യൂദല്‍ഹി: ഹോണ്ട സിറ്റിയുടെ പരിഷ്‌കരിച്ച പതിപ്പ് തിങ്കളാഴ്ച ദില്ലിയില്‍ അവതരിപ്പിച്ചു. അടുത്ത ജനുവരി മുതല്‍ കാറിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി.

1.5 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിനുമായാണ് ഹോണ്ടയുടെ നാലാം തലമുറ സിറ്റി സെഡാന്‍ വരുന്നത്. പുതിയതായി വികസിപ്പിച്ചെടുത്ത 1.5 ലിറ്ററിന്റെ ഐഡിടെക് ഡീസല്‍ എന്‍ജിനുമായാണ് സിറ്റി ഡീസല്‍ മോഡലിന്റെ വരവ്.

ഇന്ധനക്ഷമതയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നതെന്ന അവകാശവാദവുമായാണ് ഡീസല്‍ മോഡലുകളെത്തുന്നത്.  സെഗ്മെന്റില്‍ ഏറ്റവും മികച്ച പ്രകടനശേഷിയും ഈ എന്‍ജിനുണ്ടെന്നു പറയുന്നു ഹോണ്ട. ഗ്രെയ്റ്റര്‍ നോയ്ഡയിലെ പ്ലാന്റിലാവും വാഹനത്തിന്റെ ഉല്‍പ്പാദനം.

ഇന്ത്യയിലെ സി സെഗ്മെന്റ് വിപണിയെ കയ്യടക്കി വച്ചിരുന്ന സിറ്റി സെഡാന്‍, വിപണിയിലെ ഡീസല്‍ കാര്‍ ട്രെന്‍ഡ് തുടങ്ങിയതോടെ തലകുത്തി വീഴുകയായിരുന്നു. പുതിയ എന്‍ജിനുമായെത്തുന്ന ഡീസല്‍ മോഡല്‍ വിപണിയില്‍ നഷ്ടപ്പെട്ട തിളക്കം തിരിച്ച് നല്‍കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട അധികൃതര്‍.

കോംപാക്റ്റ് സെഡാന്‍ അമേസ്, ഹാച്ച് ബാക്ക് ബ്രിയോ അടക്കം നിലവില്‍ കമ്പനിയുടെ അഞ്ച് മോഡലുകളാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 73,000 കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്്. പുതിയ മോഡലുകളുടെ വരവോട് ഇത്തവണ ഒന്നരലക്ഷം കാറുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.