| Sunday, 1st April 2018, 7:56 pm

മുന്‍ഭാഗത്തെ സ്‌പെന്‍ഷനില്‍ പ്രശ്‌നം; മൂന്നു മോഡല്‍ സ്‌കൂട്ടറുകള്‍ ഹോണ്ട തിരിച്ചു വിളിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സസ്‌പെന്‍ഷനിലെ പ്രശ്‌നങ്ങള്‍ കാരണം ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ മൂന്നു മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചു വിളിച്ചു. എത്തിക്കുന്ന സ്‌കൂട്ടറുകള്‍ കമ്പനി പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സംശയമുള്ള ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുമെന്നും ഹോണ്ട ഇന്നലെ അറിയിച്ചു.

ഏവിയേറ്റര്‍, ആക്ടിവ 125, ഗ്രേസിയ എന്നീ സ്‌കൂട്ടര്‍ മോഡലുകള്‍ക്കാണ് കമ്പനി പരിശോധന നടത്തുകയും തകരാറുള്ള ഭാഗങ്ങള്‍ മാറ്റി നല്‍കുകയും ചെയ്യുക. മുന്‍ഭാഗത്തെ ഫോര്‍ക്കിലെ ബോള്‍ട്ട് ഫ്‌ളേഞ്ചിന് (10×42) കാഠിന്യം ആവശ്യത്തിലും കൂടിയതായാണ് ഹോണ്ട കണ്ടെത്തി തിരിച്ചറിഞ്ഞത്. മൂന്നു മോജലുകളിലെ 56,194 യൂണിറ്റുകളില്‍ ഈ പ്രശ്‌നം ഉണ്ട്.

ഹോണ്ട ഗ്രേസിയ

ഈ വര്‍ഷം ഫെബ്രുവരി 7-നും മാര്‍ച്ച് 16-നും ഇടയില്‍ നിര്‍മ്മിച്ച സ്‌കൂട്ടറുകളാണ് ഹോണ്ട തിരിച്ചു വിളിച്ചത്. പ്രശ്‌നമുള്ള സ്‌കൂട്ടറുകളില്‍ സൗജന്യമായാണ് ഈ ഭാഗം മാറ്റിനല്‍കുക. വണ്ടിയുടെ വാറന്റിയെ ഇത് ബാധിക്കില്ലെന്നും ഹോണ്ട വ്യക്തമാക്കി.

ഹോണ്ട ഏവിയേറ്റര്‍

ഉപഭോക്താക്കളെ ഈ വിവരം അറിയിക്കണമെന്ന് ഡീലര്‍മാര്‍ക്ക് ഹോണ്ട നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതു കൂടാതെ ഉപഭോക്താക്കളെ ഫോണ്‍വിളിയിലൂടെയും ഇ-മെയില്‍, എസ്.എം.എസ് എന്നീ മാര്‍ഗങ്ങളിലൂടെ കമ്പനി നേരിട്ടും വിവരം അറിയിക്കുന്നുണ്ട്.

ഹോണ്ട ആക്ടിവ 125

സ്വന്തം സ്‌കൂട്ടറിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (വി.ഐ.എന്‍) കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കി തങ്ങളുടെ വണ്ടി പ്രശ്‌നം ബാധിച്ച വണ്ടികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിക്കുകയും ചെയ്യാം.


Watch Video Report: നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയെ രക്ഷിക്കുന്നതെങ്ങനെ?

We use cookies to give you the best possible experience. Learn more