പുത്തന്‍ മാറ്റങ്ങളുമായി വിപണി കീഴടക്കാന്‍ ഹോണ്ട വരുന്നു
Big Buy
പുത്തന്‍ മാറ്റങ്ങളുമായി വിപണി കീഴടക്കാന്‍ ഹോണ്ട വരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2012, 2:32 pm

ഇരുചക്രവാഹന വിഭാഗത്തില്‍ ഇന്നും മറ്റൊരെതിരാളികള്‍ക്കും അവസരം കൊടുക്കാതെ മുന്നേറുന്ന ഹോണ്ട പുതിയ മാറ്റങ്ങളുമായി വിപണിയിലേക്ക് വീണ്ടും എത്തുകയാണ്.

2019 – 20 ആകുമ്പോഴേക്ക് ഇന്ത്യയിലെ വാര്‍ഷിക ഉല്‍പ്പാദനശേഷി ഒരു കോടി യൂണിറ്റായി വര്‍ധിപ്പിക്കാനാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ(എച്ച്. എം. എസ്. ഐ.) ലക്ഷ്യമിടുന്നത്.[]

ഇതിന്റെ ഭാഗമായി രാജ്യത്ത് നിര്‍മാണ ശാലകളുടെ എണ്ണം കൂടാനും ഹോണ്ട തയ്യാറെടുക്കുന്നുണ്ട്. നിലവില്‍ രണ്ട് നിര്‍മാണ ശാലകളാണ് ഹോണ്ടയ്ക്ക് ഉള്ളത്.

കര്‍ണാടകത്തില്‍ പ്രവര്‍ത്തന സജ്ജമാവുന്ന മൂന്നാമത്തെ ഫാക്ടറിയുടെ ജോലി അവസാന ഘട്ടത്തിലാണ്. ഇവിടെ ഏതാണ്ട് നാലായിരത്തോളം ജീവനക്കാരെയാണ് കമ്പനി നിയമിക്കുക. ഈ ഫാക്ടറി കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ വാര്‍ഷിക ഉത്പാദന ശേഷി വര്‍ധിപ്പിക്കാനാണ് ഹോണ്ടയുടെ തീരുമാനം.

വിവിധ മോഡലുകള്‍ ഇടവിട്ടിറക്കി പുതുമ പരീക്ഷിക്കാനും ഹോണ്ട തയ്യാറെടുക്കുന്നുണ്ട്. ഇതില്‍ തന്നെ ഓരോ ബ്രാന്‍ഡിലുമുള്ള വാഹനവിലയില്‍ കുറവ് വരുത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ഹോണ്ടയുടെ ആദ്യപങ്കാളിയായിരുന്ന ഹീറോയും ഹോണ്ടയില്‍ നിന്നും ഒട്ടും പിറകിലല്ല. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക വില്‍പ്പന ഒരു കോടി യൂണിറ്റിലെത്തിച്ച് 1000 കോടി ഡോളര്‍ വിറ്റുവരവ് നേടുകയാണ് കമ്പനിയുടെ ലക്ഷ്യം.