| Tuesday, 12th November 2019, 12:59 pm

പത്ത് ദിവസത്തിനുള്ളില്‍ 650 ജീവനക്കാരെ പിരിച്ചു വിട്ടു; ഹോണ്ട കരാര്‍ തൊഴിലാളികള്‍ ഒരാഴ്ചയായി സമരത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുരുഗ്രാം: ജീവനക്കാരെ പിരിച്ചുവിട്ടെന്നാരോപിച്ച് മനേസറിലെ ഹോണ്ട പ്ലാന്റിന് മുന്നില്‍ കരാര്‍ത്തൊഴിലാളികളുടെ സമരം തുടരുന്നു. പത്ത് ദിവസത്തിനുള്ളില്‍ 650-ഓളം ജീവനക്കാരെയാണ് കാരണം വ്യക്തമാക്കാതെ ഹോണ്ട പിരിച്ചു വിട്ടത്.

നവംബര്‍ അഞ്ചിന് 1500- കരാര്‍ത്തൊഴിലാളികളും ചേര്‍ന്ന് തുടങ്ങിയ സമരമാണ് ഒരാഴ്ച പിന്നിട്ടിട്ടും ലക്ഷ്യം കാണാതെ തുടരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ മൂലം പ്ലാന്റ് ജീവനക്കാരെ പിരിച്ചു വിടുകയാണെന്നും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്ലാന്റ് അടച്ചിടുമെന്നും കാണിച്ച് മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഇതിന് ശേഷമാണ് തങ്ങളുടെ സഹപ്രവര്‍ത്തകരുടെ തൊഴില്‍ നഷ്ടത്തില്‍ പ്രതിഷേധിച്ച് കരാര്‍ത്തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്.

തൊഴിലാളികളെ തിരികെയെടുക്കുകയോ അല്ലെങ്കില്‍ നഷ്ടപരിഹാരമായി ഓരോ വര്‍ഷത്തെയും സര്‍വീസ് കണക്കിലെടുത്ത് ഒരു ലക്ഷം രൂപ വീതം ഓരോ ജീവനക്കാരനും നല്‍കുകയോ ചെയ്യണമെന്നാണ് കരാര്‍ത്തൊഴിലാളി യൂണിയന്റെ ആവശ്യം.

തൊഴിലാളി യൂണിയനും മാനേജ്‌മെന്റും തമ്മില്‍ തിങ്കളാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചൊവ്വാഴ്ച മാനേജ്‌മെന്റ് ഒരു തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരാര്‍ത്തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഗൗര്‍ പറഞ്ഞു.

തീരുമാനമാവും വരെ സമരം തുടരുമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി പ്ലാന്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ് വ്യക്തമായ കാരണം നിരത്താതെ മാനേജ്‌മെന്റ് പുറത്താക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോണ്ട മനേസര്‍ പ്ലാന്റില്‍ 1,900- സ്ഥിര തൊഴിലാളികളും 2,500 -താല്‍ക്കാലിക കരാര്‍ത്തൊഴിലാളികളുമാണുള്ളത്. സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എ.ഐ.ടി.യു.സി പ്രവര്‍ത്തകരും മറ്റ് ഓട്ടോമൊബൈല്‍ മേഖലകളില്‍ നിന്നുള്ള ജീവനക്കാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.

മേഖല നഷ്ടത്തിലായതിനാല്‍ ഓഗസ്റ്റില്‍ 700 കരാര്‍ത്തൊഴിലാളികളെ ഹോണ്ട പിരിച്ചു വിട്ടിരുന്നു. ഇന്‍ഡസ്ട്രി സാമ്പത്തികമായി തകര്‍ച്ചയിലാണെന്നും മാനേജ്‌മെന്റ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more