കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടിയെ പരിഹസിച്ച് വി.ടി. ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിക്കൊപ്പം എം. ശിവശങ്കര്‍ നടന്നുവരുന്ന ഫോട്ടോ പങ്കുവെച്ച് ”ബഹു. കേരള മുഖ്യമന്ത്രി നടന്നുവരുന്നു. ആ ചുവന്ന കരയുള്ള മുണ്ടുടുത്ത ആളെയാണ് ഉദ്ദേശിച്ചത്,’ എന്നായിരുന്നു വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ഫോട്ടോയില്‍ സ്വപ്‌ന സുരേഷിനേയും കാണാം.
ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിരുന്നു. ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെയാണ് ശിപാര്‍ശ ചെയ്യാന്‍ സമിതി തീരുമാനിച്ചത്. സമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ത്തുവെങ്കിലും കുറ്റപത്രം നല്‍കിയിട്ടില്ല. ഈ കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ മാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനായിരുന്നു കത്ത്. പക്ഷെ കസ്റ്റംസ് വിവരങ്ങള്‍ ഇതുവരെ അറിയിച്ചില്ല. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വര്‍ഷമായി സസ്‌പെന്‍ഷിലുള്ള ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമായിരുന്നു സമിതിയുടെ ശിപാര്‍ശ.
നിലവില്‍ പുതിയ നിയമനം എവിടെ നല്‍കും എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല.
സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിന്റെ നിയമനത്തിലുള്ള ശിവശങ്കറിന്റെ ഇടപെടലുമെല്ലാമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.
ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്.
2023 ജനുവരി വരെ ശിവശങ്കറിനു സര്‍വീസ് ശേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ഒക്ടോബര്‍ 28നായിരുന്നു എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളിലാണ് അറസ്റ്റുണ്ടായിരുന്നത്. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.
സ്വപ്നയെ ഒരു മുഖമാക്കി വെച്ചുകൊണ്ട് ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടെന്ന് ഇ.ഡി പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തിലെ പല കാര്യങ്ങളും ആസൂത്രണം ചെയ്തത് പോലും അദ്ദേഹമായിരുന്നെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിന് വ്യക്തമായി അറിയാമായിരുന്നെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍, കേസില്‍ ശിവശങ്കറിനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആക്കാന്‍ സാധിക്കാതായതോടെ ശിവശങ്കറിന് ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 25നാണ് ആരോഗ്യ പ്രശ്‌നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നല്‍കിയത്. കസ്റ്റഡിയില്‍ വെച്ച് പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത് എന്ന് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
അതേസമയം, ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.
ശിവശങ്കറിനെതിരെ തെളിവുണ്ടെന്നും ഇതു പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റല്‍ ജനറല്‍ എസ്.വി രാജു വാദിച്ചിരുന്നു.
എന്നാല്‍ ശിവശങ്കറില്‍നിന്നു കണ്ടെടുത്ത പണം ഒരു കോടിയില്‍ താഴെയാണെന്നും അദ്ദേഹം അസുഖ ബാധിതനാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ വാദം തള്ളിയത്.