സ്വവര്‍ഗ്ഗാനുരാഗവും ഭാരതീയ പാരമ്പര്യവും മനുഷ്യാവകാശവും
Discourse
സ്വവര്‍ഗ്ഗാനുരാഗവും ഭാരതീയ പാരമ്പര്യവും മനുഷ്യാവകാശവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2013, 6:09 pm

വിവാഹപ്രായ വിഷയത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളെ മാതൃകയാക്കുന്നവര്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 100 ല്‍ പരം രാഷ്ടങ്ങളില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയുണ്ടെന്ന പരമാര്‍ത്ഥത്തെ പരിഗണിക്കാനും അത്തരമൊരു നീതി ഇന്ത്യയിലെ 30 ലക്ഷത്തോളം സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വാദിക്കാനും തയ്യാറാകാത്തതിന്റെ ന്യായാന്യായങ്ങള്‍ തീരെ ദുര്‍ബലമാണ്.


എസ്സേയസ്/ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

[]സ്വവര്‍ഗ്ഗാനുരാഗവും ലൈംഗിക വൈകൃതങ്ങളും രണ്ടും രണ്ടാണ്. പഠിക്കാന്‍ വരുന്ന ബാലന്മാരുടെ ചുണ്ടുകള്‍ സ്‌നേഹചുംബനം നല്‍കാനെന്ന വ്യാജേന കടിച്ചു പറിക്കുക, ആണ്‍കുട്ടികളെ മടിയിലിരുത്തി കുത്തിത്തിരിപ്പുകള്‍ ചെയ്തു നോവിക്കുകയും അസ്ഥസ്ഥപ്പെടുത്തുകയും ചെയ്യുക എന്നീ ചേഷ്ടകളെല്ലാം നിയമദൃഷ്ട്യാ ബാലപീഡനം എന്ന കുറ്റകൃത്യവും മനശാസ്ത്രദൃഷ്ട്യാ ചികിത്സാഹര്‍മായ മാനസിക രോഗവും മതദൃഷ്ട്യാ ശിക്ഷാര്‍ഹമായ പാപവുമാണ്.

ഇമ്മാതിരി പ്രവണതകള്‍ നമ്മുടെ മദ്രസകളിലും ചര്‍ച്ചുകളിലും ആശ്രമങ്ങൡും ഒക്കെ നടന്നുവരുന്നുണ്ട്. ചിലതൊക്കെ പുറംലോകമറിയുകയും ബന്ധപ്പെട്ടവരെ നിയമനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

ഹരേകൃഷ്ണ പ്രസ്ഥാന പ്രവര്‍ത്തകരെ ഇത്തരം ലൈംഗിക വൈകൃതങ്ങളാല്‍ പീഡിതരായവരുടെ പരാതിയെ തുടര്‍ന്ന് ശിക്ഷണ നടപടികള്‍ക്ക് വിധേയരാക്കിയിരുന്നു. ബലിഷ്ഠ ശരീരികളും അവിവാഹിതരും ആയ ആര്‍.എസ്.എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ അഥവാ പ്രചാരകമാരെന്ന “അധികാരി” കളില്‍ നിന്ന് നിരവധി സ്വയം സേവകന്മാര്‍ക്ക് ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വരാറുണ്ട്.

സംഘഭക്തിയും ഭയവും കൊണ്ട് പലരും അതൊന്നും പറുത്തുപറയാറില്ല. എന്നാല്‍ ചില സ്വയംസേവകര്‍ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് സംഘബന്ധമേ ഒഴിവാക്കാറുമുണ്ട്. അത്തരം ചിലരെ ഈ ലേഖകന് നേരിട്ടറിയാം.

ഇത്തരം ലൈംഗിക വൈകൃതമുള്ളവരാല്‍ പീഡിതരാകുന്നവരുടെ പരാതികള്‍ ഉണ്ടായാല്‍ അവരെ നിയമനടപടികള്‍ക്ക് വിധേയമാക്കേണ്ടതും ലൈംഗികമനോരോഗികള്‍ എന്ന നിലയില്‍ ചികിത്സയ്ക്ക് വിധേയരാക്കേണ്ടതുമുണ്ട്.

ഇതുകൂടാതെ നിരന്തരസഹവാസം, ഇതര സമ്മര്‍ദ്ദങ്ങള്‍ എന്നീ കാരണങ്ങളാല്‍ സ്വയംഭോഗത്തിന് ബദലായി സ്വവര്‍ഗ്ഗഭോഗാനുഭവത്തെ സ്വീകരിക്കുന്നവരുണ്ട്. ഹോസ്റ്റലുകളിലും മറ്റും ജീവിക്കുന്ന സ്ത്രീ പുരുഷന്‍മാര്‍ അങ്ങിനെ സ്വവര്‍ഗ്ഗ ഭോഗാനുഭവമുള്ളവരാകാറുണ്ട്.

ഇത്തരക്കാര്‍ മിക്കവാറും സാഹചര്യം മാറുമ്പോള്‍ അഥവാ വിവാഹനാന്തരം സഹജമായ ലൈംഗികാനുഭവങ്ങൡലക്ക് മടങ്ങാറുമുണ്ട്. എന്നാല്‍ ഇപ്പറഞ്ഞതിലൊന്നും ഉള്‍പ്പെടുത്താനാകാത്ത വിധം ശാരീരികവും മാനസികവുമായ ഒരു സവിശേഷ സംവേദന സ്വത്വമാണ് സ്വവര്‍ഗ്ഗാനുരാഗത്തിനുള്ളത്.

അന്യായവും ക്രൂരതയുമാണ് സ്വര്‍ഗ്ഗാനുരാഗ പ്രകൃതര്‍ തമ്മില്‍ വിവാഹം ഉള്‍പ്പെടെ ചെയ്തു അവര്‍ക്ക് ജീവിക്കാനുള്ള അവകാശത്തിന് നിയമസാധുത്വം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി. അതിനെ മനുഷ്യാവകാശ ബോധമുള്ളവര്‍ക്കൊന്നും നീതീകരിക്കാനാവില്ല.

സ്വവര്‍ഗ്ഗാനുരാഗം ചൊട്ട മുതല്‍ ചുടലവരെ നിലനിന്നേക്കാവുന്ന ഒരു സവിശേഷ ലൈംഗിക സംവേദന സ്വത്വമാണ്. കട്ടിമീശയും കനത്ത താടി രോമങ്ങളും ഒക്കെയുണ്ടെങ്കിലും സംസാരിക്കുന്നത് കേട്ടാല്‍ നാണം കുണുങ്ങിയായൊരു പെണ്ണിന്റെ ശബ്ദമാണെന്ന് നൂറ് ശതമാനവും തോന്നാവുന്ന ശബ്ദത്തോട് കൂടിയ ചില പുരുഷന്‍മാരെ കാണറില്ലേ? യേശുദാസിന്റെ ശരീരപ്രകൃതവും എസ് ജാനകിയുടെ സ്വര പ്രകൃതവുമുള്ള അത്തരം പുരുഷന്മാരെ എന്ത് മുരുന്ന് കൊടുത്ത് എന്ത് കൗണ്‍സിലിങ് നടത്തിയാണ് യേശുദാസിന്റെ സ്വരമുള്ളവരാക്കാനാവുക?

അത്തരം സാധ്യതകള്‍ ഇന്നത്തെ നിലയില്‍ നടപ്പാക്കാനാവില്ല. എന്നു കരുതി ആണിന്റെ ശരീരവും പെണ്ണിന്റെ സ്വരവുമുള്ള ഒരാള്‍ ഒരു കുറ്റവാളിയെപ്പോലെ കൈകാര്യം ചെയ്യപ്പെടണം എന്ന് പറയുന്നത് അന്യായവും ക്രൂരതയുമാണ്. ഇതിന് സമാനമായൊരു അന്യായവും ക്രൂരതയുമാണ് സ്വര്‍ഗ്ഗാനുരാഗ പ്രകൃതര്‍ തമ്മില്‍ വിവാഹം ഉള്‍പ്പെടെ ചെയ്തു അവര്‍ക്ക് ജീവിക്കാനുള്ള അവകാശത്തിന് നിയമസാധുത്വം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി. അതിനെ മനുഷ്യാവകാശബോധമുള്ളവര്‍ക്കൊന്നും നീതീകരിക്കാനാവില്ല.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന അഭിപ്രായമുള്ളവര്‍ അവരുടെ അഭിപ്രായത്തില്‍ പുരോഗമന വിരുദ്ധതയൊന്നും ഇല്ലെന്ന് സമര്‍ത്ഥിക്കുവാന്‍ ഉന്നയിച്ച ഒരു പ്രധാനവാദം നിരധി യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവാഹപ്രായം 13 വരെയാക്കിയിട്ടുണ്ട് എന്നതാണ്.

വിവാഹപ്രായ വിഷയത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളെ മാതൃകയാക്കുന്നവര്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 100 ല്‍ പരം രാഷ്ടങ്ങളില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയുണ്ടെന്ന പരമാര്‍ത്ഥത്തെ പരിഗണിക്കാനും അത്തരമൊരു നീതി ഇന്ത്യയിലെ 30 ലക്ഷത്തോളം സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വാദിക്കാനും തയ്യാറാകാത്തതിന്റെ ന്യായാന്യായങ്ങള്‍ തീരെ ദുര്‍ബലമാണ്.

അടുത്ത പേജില്‍ തുടരുന്നു


സ്വര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുമോ എന്നൊരു ചോദ്യം ചിലര്‍ ഉയര്‍ത്തുന്നു. ഇത്തരക്കാരെ സംബന്ധിച്ച് കുഞ്ഞുണ്ടാകാന്‍ മാത്രമാണ് ലൈംഗികത. പ്രണയിച്ച് വിവാഹം കഴിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടാവാത്ത നിരവധി സ്ത്രീ പുരുഷന്‍മാര്‍ നാട്ടിലുണ്ട്. അവര്‍ക്കൊന്നും ലൈംഗികതയും അതിന്റെ സന്തോഷങ്ങളും ഇല്ലേ? എന്തായലും കടല്‍ ഉണ്ടായിരിക്കുന്നത് മുക്കുവര്‍ക്ക് മീന്‍ പിടിക്കാന്‍ മാത്രമല്ല.


homo-sex1

തങ്ങളുടെ താല്പര്യങ്ങള്‍ക്ക് നിരക്കുന്നിടത്തോളം”സായിപ്പ് ശരി” എന്നാണോ വിവാഹപ്രായം 16 ആക്കുന്നതിന് യൂറോപ്യന്‍ രാഷ്ട്രങ്ങളെ മാതൃയാക്കണം എന്നു വാദിച്ചവരുടെ നിലപാട്? ആണെങ്കിലതും സൗകര്യവാദമാണ്.

എന്തായാലും മനസിന്റേയും ശരീരത്തിന്റേയും ചികിത്സാരംഗത്ത് ഇന്ത്യക്കാരേക്കാള്‍ ഒട്ടും മോശക്കാരല്ല യൂറോപ്യര്‍. അതിനാല്‍ സ്വവര്‍ഗാനുരാഗം അത്തരം ചികിത്സാരീതികളെക്കൊണ്ട് പരിഹരിക്കാവുന്ന ഒരു വിഷയം മാത്രമായിരുന്നെങ്കില്‍ ഒരു യൂറോപ്യന്‍ രാജ്യവും സ്വര്‍ഗ്ഗവിവാഹത്തിനും മറ്റും നിയമ പരിരക്ഷ നല്‍കുവാന്‍ തയ്യാറാകുമായിരുന്നില്ല.

ഇക്കാര്യം മനസിലാക്കി സ്വര്‍ഗ്ഗാനുരാഗികളെ സവിശേഷസ്വത്വമുള്ള മനുഷ്യരായിക്കണ്ട് അവരുടെ ലൈംഗിക ജീവിതം ഉള്‍പ്പെടെയുള്ള സ്വകാര്യതകള്‍ക്ക് മതിയായ നിയമപരിരക്ഷ ഉറപ്പാക്കുവാന്‍ വേണ്ടുന്ന നടപടികളിലേക്ക് ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഒട്ടും താമസിക്കാതെ മുന്നേറേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധി എടുത്ത നിലപാട് ഒരു ജനാധിപത്യ വ്യവസ്ഥയിലെ രാഷ്ട്രീയ നേതാവ് ചെയ്യണ്ടതെന്തോ അതിന്റെ സ്വഭാവം ഉള്‍ക്കൊള്ളുന്ന മനുഷഖ്യാവകാശനീതിയുടെ അത്മചൈതന്യം ഉള്ളതു തന്നെയാണ് എന്ന കാര്യം പറയാതെ വയ്യ.

സ്വര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുമോ എന്നൊരു ചോദ്യം ചിലര്‍ ഉയര്‍ത്തുന്നു. ഇത്തരക്കാരെ സംബന്ധിച്ച് കുഞ്ഞുണ്ടാകാന്‍ മാത്രമാണ് ലൈംഗികത. ഇത്തരം വാദഗതികള്‍ ഗോളടിക്കാന്‍ മാത്രമേ ഫുട്‌ബോള്‍ തൊടാവൂ എന്ന് പറയുന്നതുപോലെ ശുദ്ധമഠയത്തരമാണ്.

സ്വര്‍ഗ്ഗാനുരാഗികള്‍ക്ക് ലിംഗ യോനി ബന്ധത്തിലൂടെ കുഞ്ഞുങ്ങളെ ഉണ്ടാക്കാനാവില്ല എന്നതിനാല്‍ അവര്‍ക്ക് ദമ്പതികളെന്ന നിയമപരിരക്ഷയോടെ ജീവിക്കാന്‍ അവസരം അനുവദിക്കരുതെന്ന വാദം ഇക്കാലത്ത് മുഖവലിയ്‌ക്കെടുക്കാതെ തന്നെ തള്ളികളയേണ്ടതാണ്.

പ്രണയിച്ച് വിവാഹം കഴിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടാവാത്ത നിരവധി സ്ത്രീ പുരുഷന്‍മാര്‍ നാട്ടിലുണ്ട്. അവര്‍ക്കൊന്നും ലൈംഗികതയും അതിന്റെ സന്തോഷങ്ങളും ഇല്ലേ? എന്തായലും കടല്‍ ഉണ്ടായിരിക്കുന്നത് മുക്കുവര്‍ക്ക് മീന്‍ പിടിക്കാന്‍ മാത്രമല്ല എന്നതുപോലെ ബോധപരമായ സിദ്ധികളാല്‍ സൃഷ്ടികളുടെ മകുടമായിരിക്കുന്ന മനുഷ്യനില്‍ പ്രകൃതി ലൈംഗികത നിക്ഷേപിച്ചിരിക്കുന്നതും മറ്റു മൃഗങ്ങളില്‍ എന്ന പോലെ വെറും പ്രജോല്‍പ്പാദനത്തിന് വേണ്ടി മാത്രമാണെന്ന ധാരണ പ്രകൃതിയില്‍ മനുഷ്യനെ വെറും മൃഗം മാത്രമാക്കി ചുരുക്കികാണലാണ്.

ധാരാളം കുഞ്ഞുങ്ങളും അതുവഴി ജനസംഖ്യാപെരുപ്പവും അതിന്റേതായ സംഘര്‍ഷ സംത്രാസങ്ങളും ഒക്കെ അനുഭവിച്ചു വരുന്ന ഭൂമിയില്‍ എന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ മാത്രമേ ഞാന്‍ സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യൂ എന്നൊക്കെ കരുതുന്ന സ്വാര്‍ത്ഥ മനസ്‌ക്കര്‍ക്ക് മാത്രമേ കുഞ്ഞുങ്ങള്‍ ഉണ്ടാക്കാനാവാത്ത ലൈംഗിക ജീവിതം അനാശാസ്യമാണെന്നൊക്കെ വിധിക്കാനാവൂ.

സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് എന്തുകൊണ്ട് നിരാലംബരായ അനേകലക്ഷം കുഞ്ഞുങ്ങളില്‍ ഒന്നോ രണ്ടോ പേരെ ദത്തെടുത്ത് വളര്‍ത്തികൂടാ? ഉല്പാദനം മാത്രമല്ല പരിപാലനവും മനുഷ്യരാശിയുടെ നിലനില്‍പ്പിന് ആവശ്യമല്ലേ?

ഉല്പാദിപ്പിച്ചവര്‍ പരിപാലിച്ചാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ നിലനില്‍ക്കു എന്ന വല്ല നിയമവും പ്രകൃതിയില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അനാഥ മന്ദിരങ്ങള്‍ നടത്തുന്നതുപോലും പ്രകൃതിവിരുദ്ധ പ്രവര്‍ത്തനം ആവില്ലേ? ഇത്തരം വിരവധി ചോദ്യങ്ങളെ അഭിസംബോധന ചെയ്യാതെ “കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ദാമ്പത്യ ബന്ധങ്ങളെ മാത്രമേ സാധു”വായി പരിഗണിക്കൂ എന്ന് വാദിക്കുന്നത് ഇന്നത്തെകാലത്ത് വിവരക്കേടെന്ന് മാത്രമേ വിലയിരുത്താനാകൂ.

മാത്രമല്ല ലിംഗ-യോനി ബന്ധത്തിലൂടെ ഗര്‍ഭപാത്രത്തില്‍ വെച്ചു പിറവിയെടുക്കുന്ന കുഞ്ഞുങ്ങളെ മാത്രമേ പ്രോജല്‍പ്പാദനം എന്ന് പറയാനാകൂ എന്ന വാദത്തിനും ഇക്കാലത്തെ ക്ലോണിങ്, ടെസ്റ്റ് ട്യൂബ് ശിശു എന്നിങ്ങനെയുള്ള ആധുനിക-ശാസ്ത്ര- സാങ്കേതിക വിജ്ഞാന പുരോഗതിയുടെ സാധ്യതകളെ പരിഗണിക്കുമ്പോള്‍ വലിയ പ്രസക്തിയൊന്നും ഇല്ലെന്ന് കൂടി സൂചിപ്പിക്കട്ടെ.

അതിനാല്‍ സ്വര്‍ഗ്ഗാനുരാഗികള്‍ക്ക് ലിംഗ യോനി ബന്ധത്തിലൂടെ കുഞ്ഞുങ്ങളെ ഉണ്ടാക്കാനാവില്ല എന്നതിനാല്‍ അവര്‍ക്ക് ദമ്പതികളെന്ന നിയമപരിരക്ഷയോടെ ജീവിക്കാന്‍ അവസരം അനുവദിക്കരുതെന്ന വാദം ഇക്കാലത്ത് മുഖവലിയ്‌ക്കെടുക്കാതെ തന്നെ തള്ളികളയേണ്ടതാണ്.

അടുത്ത പേജില്‍ തുടരുന്നു


കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പാരമ്പര്യത്തിനിണങ്ങുന്നതാണെങ്കിലും അല്ലെങ്കിലും പരിഗണിക്കേണ്ടതുണ്ട്. ഇനി ഭാരതീയ പാരമ്പര്യത്തില്‍ എവിടേയും സ്വര്‍ഗ്ഗാനുരാഗത്തെപ്പറ്റി പറഞ്ഞിട്ടില്ലെന്ന് വാദിക്കുവാന്‍ മുന്നോട്ടു വരുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. വാത്സ്യായനന്റെ കാമസൂത്രത്തിലും അതിനെ ആധാരാമാക്കി കൊത്തപ്പെട്ട ഖജൂരാഹോ ഉള്‍പ്പെടെയുള്ള ശില്പങ്ങളിലും സ്വവര്‍ഗ്ഗാനുരാഗത്തിന്റെ സ്പഷ്ടമായ ചിത്രീകരണങ്ങളുണ്ട്.


homo-sexuality

ചാതുര്‍വ്വര്‍ണ്യത്തിലെ ശൂദ്രന്മാരുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും അക്ഷരാഭ്യാസമോ വേദപഠനാധികാരമോ ഇല്ലെന്നതാണ് എല്ലാ സ്മൃതികളുടേയും മതം. ശ്രീശങ്കരാചാര്യരും അപശൂദ്രാധികരണവാദത്തിലൂടെ ശൂദ്രന്മാര്‍ക്ക് വേദപഠനം വിലക്കിയിരുന്നു.

ഇതാണ് പാരമ്പര്യം എന്ന് പറഞ്ഞ് ഇന്ത്യാക്കാരില്‍ ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം നിഷേധിക്കുവാന്‍ ഏതെങ്കിലും കോടതി ഇക്കാലത്ത് തയ്യാറാകുമോ?ഇല്ലെന്നുറപ്പ്. അതില്‍ നിന്ന് വ്യക്തമാവുന്നത് പാരമ്പര്യത്തെ അതേപടി അംഗീകരിക്കലല്ല മറിച്ച് കാലോചിതമായി പരിഷ്‌ക്കരിച്ചുകൊണ്ടു മാത്രമേ നിയമപരിപാലനം സാധ്യമാകൂ എന്നാണ്.

ഈ നിലയില്‍ ചിന്തിച്ചാല്‍ ഭാരതത്തിലെ പാരമ്പര്യപരമായ പ്രമാണിക ഗ്രന്ഥങ്ങളില്‍ ഒന്നും സ്വവര്‍ഗാനുരാഗികളുടെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് യാതൊന്നും പറഞ്ഞിട്ടില്ല എന്ന കാരണം പറഞ്ഞ് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഇക്കാലത്ത് യാതൊരു പരിരക്ഷയും നല്‍കേണ്ടെന്ന് വാദിക്കുന്നത് പരമാബദ്ധമാണെന്ന് വിലയിരുത്തേണ്ടി വരും.

കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പാരമ്പര്യത്തിനിണങ്ങുന്നതാണെങ്കിലും അല്ലെങ്കിലും പരിഗണിക്കേണ്ടതുണ്ട്. ഇനി ഭാരതീയ പാരമ്പര്യത്തില്‍ എവിടേയും സ്വര്‍ഗ്ഗാനുരാഗത്തെപ്പറ്റി പറഞ്ഞിട്ടില്ലെന്ന് വാദിക്കുവാന്‍ മുന്നോട്ടു വരുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. വാത്സ്യായനന്റെ കാമസൂത്രത്തിലും അതിനെ ആധാരാമാക്കി കൊത്തപ്പെട്ട ഖജൂരാഹോ ഉള്‍പ്പെടെയുള്ള ശില്പങ്ങളിലും സ്വവര്‍ഗ്ഗാനുരാഗത്തിന്റെ സ്പഷ്ടമായ ചിത്രീകരണങ്ങളുണ്ട്.

ജീവനേയും ജീവിത ശൈലികളേയും നിയമപരിരക്ഷ നല്‍കി സംരക്ഷിക്കേണ്ട ബാധ്യതയാണ് ഭരണക്കൂടങ്ങള്‍ക്കുള്ളത്. ഇന്ത്യന്‍ ഭരണകൂടവും ആ ബാധ്യത നിറവേറ്റുവാന്‍ പ്രതിജ്ഞാബദ്ധത കാണിക്കണം.

വാത്സ്യായന മഹര്‍ഷിയും ഖജൂരാഹോ ശില്‍പ്പങ്ങളും ഒന്നും ഭാരതീയ പാരമ്പര്യത്തില്‍ ഉള്‍പ്പെടില്ലേ? പഞ്ചമ വേദം എന്നറിയപ്പെടുന്ന മഹാഭാരതേതിഹാസത്തില്‍ ഭീഷ്മ പിതാമഹന്റെ മരണത്തിന് കാരണമമെന്ന നിലയില്‍ വളരെ പ്രാധാന്യം നേടിയ ഒരു കഥാപാത്രമുണ്ട്. ശിഖണ്ഡി.

ശിഖണ്ഡി ധനുര്‍വ്വേദത്തില്‍ മാഹാരഥത്വമെന്ന ബിരുദം നേടിയ ആളാണ്. അതോടൊപ്പം ആണെന്നോ പെണ്ണെന്നോ നിര്‍ണ്ണയിക്കാനാവാത്ത ശാരീരികവും മാനസികവുമായ സവിശേഷതകള്‍ ഉള്ളയാളാണ്.

ശിഖണ്ഡിക്ക് ലൈംഗികത ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നെങ്കില്‍ അത് ഏത് വിധത്തിലുള്ളതായിരുന്നിരിക്കണം ഈ വക ചോദ്യങ്ങള്‍ക്കും ഇത്തരം തേടേണ്ടതുണ്ട്. ഭീഷ്മരെ തറപ്പറ്റിച്ച ശിഖണ്ഡി എന്ന കഥാപാത്രത്തെ മഹാഭാരതം അവതരിപ്പിക്കുന്നു എന്നതിനാല്‍ ആണും പെണ്ണും അല്ലാത്ത മാനവ ജീവിതങ്ങളേയും പരിഗണിക്കുന്ന പാരമ്പര്യം വ്യാസ വിശാലഭാരതീയതയില്‍ ഉണ്ടെന്ന് തന്നെ വേണം കരുതുവാന്‍.

അങ്ങിനെ കരുതുവാന്‍ കഴിയാത്തവര്‍ ഭാരതീയ പാരമ്പര്യമെന്തെന്ന് പഠിക്കുന്നത് ആര്‍.എസ്.എസ്സിന്റെ സംഘകാര്യാലയത്തില്‍ നിന്നാണെന്ന് വേണം കരുതുവാന്‍. ഇന്ന് ഭാരതത്തില്‍ ഏറെ ആരാധിക്കപ്പെടുന്ന ഒരു സര്‍വ്വേശ്വര ഭാവമാണ് ശബരിമല അയ്യപ്പന്‍.

അയ്യപ്പന്റെ ജനനവുമായി ബന്ധപ്പെട്ട് ഭൂതനാഥ സര്‍വ്വസ്വം എന്ന കൃതിയില്‍ പറയുന്ന പുരാവൃത്ത പ്രകാരം പുരുഷനായ ശിവനും സ്ത്രീ വേഷം കെട്ടിയ പുരുഷനായ വിഷ്ണവും പരസ്പരാനുരാഗത്തോടെ ലൈംഗിക കേളികള്‍ നടത്തിയതു വഴി ഉണ്ടായ വിശിഷ്ട പുത്രനാണ് അയ്യപ്പന്‍ എന്നത്രേ.

അതിനാല്‍ “സ്വാമിയേ ശരണമയ്യപ്പാ” എന്ന് വിളിക്കുന്ന ഒരു ഭാരതീയനും സ്വവര്‍ഗ്ഗാനുരാഗം ഭാരതീയ പാരമ്പര്യത്തില്‍ ഇല്ലെന്ന് പറയാനാവുകയില്ല. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് നിമയപരിരക്ഷ നല്‍കുന്നത് പാരമ്പര്യത്തിന് നിരക്കുന്നതാവില്ലെന്ന് പറഞ്ഞ് കോടതി അയ്യപ്പാരാധന അഭാരതീയമാണെന്ന് പറയാന്‍ ധൈര്യപ്പെടുമോ? ഈ ചോദ്യത്തിനും സ്വവര്‍ഗ്ഗാനുരാഗം പാരമ്പര്യ വിരുദ്ധമെന്ന് വാദിക്കുന്ന പാരമ്പര്യ സംരക്ഷര്‍ ഉത്തരം പറയേണ്ടതുണ്ട്.

ആണോ പെണ്ണോ എന്ന് ഉറപ്പിക്കാനാകാത്ത മനുഷ്യപ്പിറവികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ ആണിന്റെ അവകാശമാണോ പെണ്ണിന്റെ അവകാശമാണോ നല്‍കേണ്ടത് എന്ന വിഷയത്തില്‍ ഇസ്ലാമിലെ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

പെണ്ണിന്റെ അവകാശം ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നവര്‍ക്ക് നല്‍കിയേ തീരൂ എന്ന് കര്‍മ്മശാത്ര പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ആണോ പെണ്ണോ എന്ന് നിര്‍ണ്ണയിക്കാവാകാത്ത മനുഷ്യപ്രജകളോട് ഇത്രയും ഉദാരത കാണിച്ച ഇസ്ലാമിക പണ്ഡിതന്മാരുടെ ഇന്നത്തെ പ്രതിനിധികള്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അവകാശപ്പെട്ട മനുഷ്യാവകാശങ്ങളെ പാടെ തള്ളിപ്പറയുന്ന നിലപാടെടുക്കുമ്പോള്‍ അവര്‍ പിന്‍പറ്റുന്ന ഇസ്ലാം ഏതെന്ന് ചോദിക്കേണ്ടി വരുന്നു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശാധികരാങ്ങളെ ഇസ്ലാം എങ്ങിനെ കാണുന്നു എന്നറിയുവാന്‍ കര്‍മ്മ ശാസ്ത്ര ഗ്രന്ധമായ മിന്‍ഹാജിന്റെ വ്യാഖ്യാന ഗ്രന്ഥമായ മുഹ്നി തുഹഷയും മറ്റും ഒന്നു മറിച്ചു നോക്കാനെങ്കിലുമുള്ള മര്യാദ സ്വര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ വാളോങ്ങും മുന്‍പ് നമ്മുടെ നാട്ടിലെ ഇസ്ലാമിക വാദികള്‍ കാണിച്ചാല്‍ നന്ന്.

എതായാലും സ്വര്‍ഗ്ഗാനുരാഗികള്‍ക്ക് ജീവനുണ്ടെന്നത് തീര്‍ച്ചയാണ്. അതിനാല്‍ ജീവിത ശൈലികളും ഉണ്ടാവും. ജീവനേയും ജീവിത ശൈലികളേയും നിയമപരിരക്ഷ നല്‍കി സംരക്ഷിക്കേണ്ട ബാധ്യതയാണ് ഭരണക്കൂടങ്ങള്‍ക്കുള്ളത്. ഇന്ത്യന്‍ ഭരണകൂടവും ആ ബാധ്യത നിറവേറ്റുവാന്‍ പ്രതിജ്ഞാബദ്ധത കാണിക്കണം.