തിരുവനന്തപുരം: സ്വവർഗാനുരാഗികൾ കാരണം ധാരാളം സാമൂഹ്യ പ്രശ്നങ്ങളുണ്ടെന്ന് ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ.
പീഡോഫീലിയയും (കുട്ടികൾക്കെതിരായ ലൈംഗിക വൈകൃതം) എയ്ഡ്‌സ് കേസുകളും വർധിക്കാൻ പ്രധാന കാരണങ്ങളിലൊന്ന് സ്വവർഗാനുരാഗമാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മുനീർ പറഞ്ഞു.
പത്ത് വർഷം മുമ്പ് ലീഗിന്റെ പുരോഗമന മുഖമായിരുന്ന മുനീർ ഇപ്പോൾ തീവ്രനിലപാടിലേക്ക് മാറിയതിന് പിന്നിലെന്താണെന്ന ചോദ്യത്തോട് എന്താണ് തീവ്രനിലപാടുകൾ എന്ന് മുനീർ ചോദിച്ചു.
മുനീർ തന്നെ കൊണ്ടുവന്ന ട്രാൻസ്ജൻഡർ നയത്തിന് വിരുദ്ധമാണ് ജൻഡർ ന്യൂട്രൽ യൂണിഫോമിനെ കുറിച്ചും സ്വവർഗാനുരാഗത്തെ കുറിച്ചുമുള്ള മുനീറിന്റെ നിലപാടുകൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുനീറിന്റെ വിവാദ പരാമർശങ്ങൾ.
‘ഞാനെപ്പോഴും ട്രാൻസ്ജൻഡർ സമുദായത്തോടൊപ്പമാണ്. ഞാനാണ് ട്രാൻസ്ജൻഡർ നയം നടപ്പാക്കിയത് എന്നാൽ സ്വവർഗാനുരാഗത്തിലേക്ക് വരുമ്പോൾ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. എയ്ഡ്സ് കേസുകളും പീഡോഫീലിക്ക് കുറ്റകൃത്യങ്ങളും വർധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് സ്വവർഗാനുരാഗമാണ്.
പ്രായപരിധിയോ സമ്മതമോ കൂടത്തെ ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാൻ സ്വവർഗാനുരാഗികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പുതിയ സംഘമുണ്ട് ഇപ്പോൾ.
പ്രൈഡ് മാർച്ചുകൾ ഇന്ന് കേരളത്തിലും സംഘടിപ്പിക്കുന്നുണ്ട്. അത്തരം പ്രൈഡ് മാർച്ചുകൾ സ്പോൺസർ ചെയ്യുന്നത് കോർപ്പറേറ്റ് കമ്പനികളാണ്,’ മുനീർ പറഞ്ഞു.
സ്വവർഗാനുരാഗം ഒരു സാമൂഹിക പ്രശ്നമല്ലെങ്കിൽ എന്തുകൊണ്ടാണ് അവരുടെ വിവാഹം സുപ്രീം കോടതി നിയമവിധേയമാക്കാത്തത് എന്നായിരുന്നു മുനീറിന്റെ വാദം.
ജൻഡർ ന്യൂട്രൽ യൂണിഫോമുകളുടെ കാര്യത്തിൽ താൻ സ്ത്രീകൾക്കൊപ്പമാണെന്നും പുരുഷമേധാവിത്വ സമൂഹത്തിൽ നമ്മൾ ഒരിക്കലും പുരുഷന്മാരോട് ഒരു പ്രത്യേക വേഷം ധരിക്കാൻ ആവശ്യപ്പെടാറില്ല എന്നും മുനീർ പറഞ്ഞു.
സംസ്ഥാന സർക്കാർ ജൻഡർ ന്യൂട്രൽ യൂണിഫോം അവതരിപ്പിച്ചപ്പോൾ പിണറായി വിജയൻ സാരി ഉടുക്കുമോ എന്ന് മുനീർ ചോദിച്ചത് വലിയ വിവാദമായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ എയ്ഡ്‌സ് വരുത്തുന്നത് സ്വവർഗലൈംഗികതയാണെന്ന മുനീറിന്റെ പരാമർശവും വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.
Content Highlight: Homosexuality is the reason for the increase in the number of AIDS cases and paedophilic crimes says Dr. MK Muneer