[] ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗം നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്.
ഹിന്ദു സംസ്‌കാരപ്രകാരം സ്വവര്‍ഗരതി പാപമല്ലെന്നും അയ്യപ്പന്‍ സ്വവര്‍ഗരതിക്കാരുടെ പുത്രനാണെന്നുമാണ് ശ്രീ ശ്രീയുടെ വാദം.
മതങ്ങളും സുപ്രീംകോടതിയും നിയമവിരുദ്ധമാക്കിയ സ്വവര്‍ഗാനുരാഗം ഹിന്ദു മതത്തില്‍ നിഷിദ്ധമായിരുന്നില്ലെന്നാണ് പുരാണ ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നതെന്നും സ്വവര്‍ഗബന്ധത്തെ എതിര്‍ക്കേണ്ടതില്ലെന്നുമാണ് ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നത്.
ട്വിറ്റര്‍ വഴിയായിരുന്നു ശ്രീ ശ്രീയുടെ പ്രതികരണം.
“ഹിന്ദു സംസ്‌കാരപ്രകാരം സ്വവര്‍ഗരതി പാപമല്ല. ഭഗവാന്‍ അയ്യപ്പന്‍ ജന്മം കൊണ്ടത് ഹരിയും ഹരനും ചേര്‍ന്നാണ്. “- ശ്രീ ശ്രീ ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞു.
ഒരാളും ലൈംഗിക താല്‍പ്പര്യത്തിന്റെ പേരില്‍ വിവോചനത്തിന് പാത്രമാകരുതെന്നും ഈ പേരില്‍ അവരെ അപരാധി എന്ന് മുദ്രകുത്തുന്നത് ബുദ്ധി ശൂന്യതയാണെന്നും അദ്ദേഹം പറയുന്നു.
മൂന്നാം ലിംഗവും സ്വവര്‍ഗാനുരാഗവും പുതിയ കാര്യങ്ങളല്ല. നപുംസകം എന്ന പദം പണ്ട് ഇതിഹാസ കാവ്യമായ മഹാഭാരതം ശിഖണ്ഡിയിലൂടെ പരിചയപ്പെടുത്തിയതാണ്. പെണ്ണായി ജനിച്ച് ആണായ ദ്രുതപുത്രന്‍ ശിഖണ്ഡി പുതിയ പ്രതിഭാസമല്ലെന്നും ശ്രീ ശ്രീ പറയുന്നു.
37ാം വകുപ്പ് പ്രകാരമാണ് സ്വവര്‍ഗാനുരാഗം നിയമവിരുദ്ധവും ക്രമിനല്‍ കുറ്റവുമാണെന്ന് സുപ്രീംകോടതി പ്രസ്താവിച്ചത്.
പ്രസ്തുത വിധിക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര മന്ത്രി പി.ചിദംബരം, സി.പി.ഐ.എം നേതാവ് ബൃന്ദാ കാരാട്ട്, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നിയമ മന്ത്രി കപില്‍ സിബല്‍ തുടങ്ങി നിരവധി പ്രമുഖര്‍ കോടതി വിധിക്കെതിരെ രംഗത്തു വന്നിരുന്നു.
കോടതി വിധി മറികടക്കാനായി പ്രത്യേക സര്‍ക്കുലര്‍ ഇറക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും പി.ചിദംബരം അറിയിച്ചിരുന്നു.