| Sunday, 11th October 2020, 3:55 pm

യു.എസില്‍ വിവാഹിതരായ സ്വവര്‍ഗ ദമ്പതികള്‍ക്കെതിരെ ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം: 'ഇത് സംസ്‌ക്കാരത്തിന് വിരുദ്ധം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയയില്‍ വിവാഹിതരായ സ്വവര്‍ഗ ദമ്പതികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക അധിക്ഷേപം. കഴിഞ്ഞ മാസം വിവാഹിതരായ ഡോ.ശരത് പൊന്നപ്പക്കും സുന്ദീപ് ദോശഞ്ചിനുമെതിരെയാണ് വ്യാപക അധിക്ഷേപമുണ്ടായത്. കൊടവ വിഭാഗക്കാരാനാണ് ശരത് പൊന്നപ്പ. കൊടവ പരമ്പരാഗത വസ്ത്രത്തിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഹോമോഫോബിക് അധിക്ഷേപങ്ങള്‍ ആരംഭിച്ചത്.

പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചതിലൂടെ ഇവര്‍ കൊടവ വിഭാഗത്തെ അപമാനിച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം.

ദമ്പതികള്‍ ചെയ്തത് കൊടവ സംസ്‌ക്കാരത്തിന് എതിരാണെന്നായിരുന്നു ഇരുവര്‍ക്കെതിരെ രംഗത്തെത്തിയ ചില കൊടവ സംഘടനകളുടെ ആരോപണം. കുടക് ജില്ലയിലെ കൊടവ സംഘടനയായ മഡിക്കേരി കൊടവ സമജ പ്രസിഡന്റ് കെ.എസ് ദേവായ്യ അടക്കമുള്ളവര്‍ ദമ്പതികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സെപ്തംബര്‍ 26ന് നടന്ന ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ കുടക് ജില്ലയിലെ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. വലിയ ഓണ്‍ലൈന്‍ വിദ്വേഷ പ്രചരണമായിരുന്നു ക്യാംപെയ്‌നായിരുന്നു ഇതേതുടര്‍ന്ന് നടന്നത്.

വിവിധ സംഘടനകളുടെ ഔദ്യോഗിക പ്രസ്താവനകള്‍ കൂടി പുറത്തു വന്നതോടെ പ്രചരണങ്ങള്‍ക്ക് ശക്തി കൂടുകയായിരുന്നു. തുടക്കത്തില്‍ വിദ്വേഷ പ്രചാരണങ്ങളോട് പ്രതികരിക്കാതിരുന്ന ശരതും സുന്ദീപും പ്രചരണങ്ങള്‍ പരിധി വിട്ടതോടെ പ്രതികരണവുമായി മുന്നോട്ടുവരികയായിരുന്നു.

‘എതിര്‍പ്പുകളുണ്ടാകുമെന്ന് അറിയാമായിരുന്നു. ജനിച്ച നാള്‍ മുതല്‍ ഹോമോഫോബിയക്കെതിരെയും സമൂഹത്തില്‍ സ്വീകാര്യത നേടുന്നതിനായും പോരാടിക്കൊണ്ടിരിക്കുകയാണ്. തുല്യതക്കും ബഹുമാനത്തിനുമായി പോരാടുകയാണ്. ഞങ്ങളാരാണോ ആ സത്യത്തില്‍ തന്നെ ജീവിക്കാനും ഞങ്ങളുടെ സ്വവര്‍ഗ വിവാഹം ആഘോഷിക്കാനും തന്നെയാണ് തീരുമാനം. എതിര്‍പ്പുള്ളവര്‍ അതേക്കുറിച്ച് തുറന്നു പറയട്ടെ. തുറന്ന ചര്‍ച്ചകള്‍ ഉണ്ടാവട്ടെ. എല്ലാവരും തുല്യരാണ്.’ ശരതും സന്ദീപും പറയുന്നു.

ഇവര്‍ക്കെതിരെ വിദ്വേഷപ്രചരണങ്ങളും അധിക്ഷേപങ്ങളും നടന്ന സമയത്ത് മറ്റു ചില കൊടവ സംഘടനകള്‍ ദമ്പതികള്‍ക്ക് പിന്തുണയുമായും എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Homophobic hate comments against Indian gay couple married in USA

We use cookies to give you the best possible experience. Learn more