കോഴിക്കോട്: ചരിത്രം, സ്വവര്‍ഗാനുരാഗികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയാന്‍ ബാധ്യസ്ഥരാണെന്നാണ് സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രസ്താവനയ്ക്കിടെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞത്. എന്നാല്‍ വര്‍ത്തമാന കാലം സുപ്രീം കോടതി വിധിയോടും, എല്‍.ജി.ബി.ടി.ഐ.ക്യു സമൂഹത്തോടും പൂര്‍ണമായും ഐക്യപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവാണ് സ്വവര്‍ഗ ലൈംഗിക വിനിമയം നടത്തുന്നവര്‍ക്ക് രക്തദാനം നല്‍കാന്‍ രാജ്യത്ത് ഇന്നും നിലനില്‍ക്കുന്ന പരിമിതികള്‍.
രക്തദാനം നടത്തുന്ന വ്യക്തി തന്റെ ലൈംഗിക അഭിരുചി വ്യക്തമാക്കണം എന്ന് ചില ആശുപത്രികളിലെ രക്തദാനം സംബന്ധിച്ച നിബന്ധനകളില്‍ പറയുന്നുണ്ട്. സ്വവര്‍ഗ ലൈംഗിക വിനിമയത്തിലേര്‍പ്പെടുന്നവരാണെങ്കില്‍ രക്തം ദാനം ചെയ്യുന്നതിന് നിലവില്‍ പരിമിതികളുണ്ട്. നാഷണല്‍ എയ്ഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്റെ (എന്‍. എ. സി. ഒ) നിബന്ധനകള്‍ക്കനുസരിച്ചാണിത്. സ്വവര്‍ഗ ലൈംഗികതയെ അപകടരമായ ജീവിത രീതിയെന്നാണ് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ രക്തം ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പൂരിപ്പിക്കേണ്ട ഫോമില്‍ വിശേഷിപ്പിക്കുന്നത്. സ്വര്‍ഗാനുരാഗികള്‍ക്ക് എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് എ, ബി പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ് എന്നും അതിനാലാണ് ഈ മുന്‍ കരുതലെന്നുമാണ് നാഷണല്‍ എയ്ഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്റെ വാദം.
എന്നാല്‍ സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് ശാസ്ത്രീയമായ ധാരണകള്‍ ഉണ്ടാവേണ്ട ഡോക്ടര്‍മാരുടെ സമൂഹത്തില്‍ നിന്ന് തന്നെ ഇത്തരം വിവേചനങ്ങള്‍ ഉണ്ടാവുന്നത് ആശ്ചര്യകരമാണ്. സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുള്ള കൃത്യമായ ബോധവത്കരണത്തിലൂടെയും രക്ത പരിശോധനയില്‍ ഇന്ന് ലഭ്യമായ ആധുനിക ടെക്നോളജിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തിയും വിവേചനം ഒഴിവാക്കാന്‍ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. സൈക്യാര്‍ട്ടിസ്റ്റായ ഡോ. ജിതിന്‍ ടി. ജോസഫിന്റെ അഭിപ്രായമനുസരിച്ച് സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിലൂടെ പകരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ രക്തദാനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടാതിരിക്കാനെന്ന നിലയിലാണ് എന്‍.എ.സി.ഒ ഇത്തരം ഒരു മാനദണ്ഡം മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാല്‍ ഈ മാനദണ്ഡം കാലാനുസൃതമായ മാറ്റം ആവശ്യപ്പെടുന്നുണ്ട് എന്ന് ഡോ. ജിതിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“സ്വവര്‍ഗ ലൈംഗികത നിയവിരുദ്ധമായ വികസ്വര രാജ്യങ്ങളില്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ സുരക്ഷിതമല്ലാത്ത രീതിയിലുള്ള ലൈംഗിക വിനിമയങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് എച്ച്.ഐ.വി വരാനുള്ള സാധ്യതയും കൂടുതലായിരുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിലും ഇതു തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ സ്വവര്‍ഗ ലൈംഗികതയെ ആളുകള്‍ സ്വാഭാവികതയായി കാണുകയും, സുരക്ഷിതമായ ലൈംഗിക വിനിമയങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ ലൈംഗിക രോഗങ്ങളുടെ വ്യാപനത്തിനുള്ള സാധ്യതകള്‍ കുറഞ്ഞു. അമേരിക്കയില്‍ ഇന്ന് ഒരു ഹെട്രോസെക്ഷ്വലിനും ഹോമോസെക്ഷ്വലിനും എച്ച്.ഐ.വി വരാന്‍ ഒരേ സാധ്യതയാണുള്ളത്”- ഡോ.ജിതിന്‍ പറയുന്നു.
സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് ശാസ്ത്രീയമായ അവബോധവും നിലപാടുമുള്ള ഡോക്ടര്‍മാരുടേയും, സൈക്യാര്‍ട്ടിസ്റ്റുകളുടേയും ഇടപെടല്‍ പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണ മാറ്റുന്നതിന് അത്യന്താപേക്ഷികമാണെന്നും. എന്നാല്‍ കേരളത്തില്‍ ചുരുക്കം ചിലരെ ഇതിന് തയ്യാറായി മുന്നോട്ടു വരുന്നുള്ളുവെന്നും ക്വിയര്‍ള എന്ന സംഘടനയുടെ സ്ഥാപക അംഗവും എല്‍.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റും സ്വവര്‍ഗ്ഗ പ്രണയിയുമായ ജിജോ കുരിയാക്കോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സ്വവര്‍ഗ ലൈംഗികത എച്ച്.ഐ.വി പോലുള്ള രോഗങ്ങള്‍ വര്‍ധിക്കാനിടയാക്കുമെന്ന വാദം ഉന്നയിച്ച് സ്വര്‍ഗരതി നിയമവിധേയമാക്കരുതെന്നാവശ്യപ്പെട്ട് “ട്രസ്റ്റ് ഗോഡ് മിനിസ്ട്രീസ്” എന്ന എന്‍.ജി.ഒ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, സ്വര്‍ഗ ലൈംഗിക ബന്ധങ്ങള്‍ എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വിക്ടോറിയന്‍ കാലത്തെ സദാചാരവാദവും, നിരോധനവും, മുന്‍കരുതലില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുമാണ് എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ പടരാന്‍ കാരണം. അതിനെ സ്വവര്‍ഗ ലൈംഗികതയുടെ തലയില്‍ വെച്ചു കെട്ടാനാവില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
“ഉദാഹരണത്തിന് നിങ്ങള്‍ വേശ്യാവൃത്തിയെ നിയമപരമാക്കുകയെന്നാല്‍ അതിനെ നിയന്ത്രണവിധേയമാക്കുക എന്നാണര്‍ത്ഥം. നിങ്ങളത് വിക്ടോറിയന്‍ കാലത്തെ സദാചാരവും പറഞ്ഞ് മറച്ചു വെക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുക. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെയല്ല രോഗങ്ങള്‍ പടരുന്നത്. സുരക്ഷിതമല്ലാത്ത രീതിയില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് കൊണ്ടാണ്. പുറത്തു ജോലി ചെയ്യുന്ന ഭര്‍ത്താവില്‍ നിന്ന് ഭാര്യയ്ക്കും എയ്ഡ്സ് പകരാനുള്ള സാധ്യതയുണ്ടല്ലോ. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് തന്നെ നിയമവിരുദ്ധമാക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുമല്ലോ” എന്നായിരുന്നു കോടതി ചോദിച്ചത്.
വിധിയില്‍ വന്നപ്പോള്‍ സുപ്രീം കോടതി പറഞ്ഞത് ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തിന്റെ സമീപനത്തിന് മാറ്റം വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടെന്നാണ്. എന്നാല്‍ കേരളത്തില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒഴിച്ച് സംസ്ഥാനത്തെ പ്രതിനധീകരിക്കുന്ന ആരും തന്നെ ഇതിനെ പറ്റി സംസാരിച്ചിട്ടില്ലെന്ന് ജിജോ പറയുന്നു. “എം.ബി.ബി.എസ് സിലബസില്‍ ഇപ്പോഴും സ്വവര്‍ഗ ലൈംഗികത “unnatuaral sex” ആയിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. സുപ്രീം കോടതി വിധി വന്ന ശേഷം ദല്‍ഹിയില്‍ എം.ബി.ബി.എസ് സിലബസിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ വേദിയില്‍ ഇതിനെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായില്ല. പുതിയ വിദ്യാര്‍ത്ഥികള്‍ ഇന്നും സ്വവര്‍ഗ ലൈംഗികത തെറ്റാണെന്ന് തന്നെയാണ് പഠിക്കുന്നത്”- ജിജോ പറയുന്നു.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ എടുത്തിരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കൃത്യമായ ബോധവല്‍കരണം നല്‍കിവരുന്നുണ്ടെന്നും എന്നാല്‍ ആരോഗ്യമേഖലയില്‍ നിന്ന് കമ്മ്യൂണിറ്റിക്ക് വേണ്ട തരത്തില്‍ പിന്തുണ ലഭിക്കുന്നില്ലെന്നും ജിജോ ചൂണ്ടിക്കാട്ടുന്നു. “സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതു കൊണ്ടല്ല എച്ച്.ഐ.വി പകരുന്നത്, മറിച്ച് സ്വവര്‍ഗാനുരാഗിയായ ഒരാള്‍ക്ക് സത്വപരമായ കാരണങ്ങള്‍ക്കൊണ്ട് ചികിത്സ നിഷേധിക്കുമ്പോഴാണ് കമ്മ്യൂണിറ്റിയില്‍ എച്ച്.ഐ.വിയും കൂടുന്നത്. സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് എച്ച്.ഐ.വിയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാന്‍ ആശുപത്രികള്‍ തയ്യാറാവുന്നില്ല എന്നതാണ് വിഷയം”- ജിജോ പറഞ്ഞു.
സ്വവര്‍ഗരതി എന്ന പ്രയോഗം മാറ്റി പകരം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നാക്കുകയാണ് വേണ്ടത്. കുറച്ചു സര്‍വകലാശാലകളില്‍ സ്വര്‍ഗലൈംഗികതയെയും അതിന്റെ സാമൂഹിക വശങ്ങളേയും പഠന വിധേയമാക്കുകയും, ചില ഫെമിനിസ്റ്റ്, മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ഇത് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ടെന്നല്ലാതെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ ഇത് സ്വീകാര്യമാക്കാനുള്ള ഒരു നീക്കമുണ്ടാവുന്നില്ലെന്നും ജിജോ പറഞ്ഞു.
ഹോമോഫോബിയയുടേയും പണ്ടു കാലത്ത് നിലനിന്നിരുന്ന ഒരു മുന്‍കരുതലിന്റേയും ആകെത്തുകയാണ് ഇപ്പോഴും തുടരുന്ന ഇത്തരം സമീപനങ്ങളെന്ന് ഡോ. ജിതിന്‍ പറയുന്നു. “ഇന്ത്യയിലാണെങ്കില്‍ ഇന്ന് കൃത്യമായ സ്‌ക്രീനിങ്ങ് ടൂളുകളുണ്ട്. ആര്‍.എന്‍.എ അല്ലെങ്കില്‍ പി.വി.ആര്‍ ടെസ്റ്റുകളൊക്കെ ഇന്ന് സാധ്യമാണ്. രക്തദാനം ചെയ്യാനുദ്ദേശിക്കുന്നവരുമായുള്ള കൃത്യമായ ആശയവിനിമയവും, പുതിയ ടെക്നോളജിയും ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരം വിവേചനപരമായ ചോദ്യങ്ങള്‍ എടുത്തു മാറ്റാവുന്നതേയുള്ളു”- ജിതിന്‍ പറയുന്നു.
“രക്തദാനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായ സ്‌ക്രീനിങ്ങ് കൊണ്ടു വന്ന് എല്ലാ തരത്തിലുള്ള ആളുകളെയും രക്തദാനത്തില്‍ പങ്കാളികളാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. സുരക്ഷിത ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ കൃത്യമായ ബോധവല്‍കരണം എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിക്കുള്ളില്‍ നടക്കുന്നുണ്ട്”- ജിതിന്‍ പറഞ്ഞു
എല്ലാ രാജ്യങ്ങളും പിന്തുടര്‍ന്ന് പോന്നിരുന്ന ഒരു പ്രവണതയായിരുന്നു ഇത്. എന്നാല്‍ സ്വവര്‍ഗ ലൈംഗികത നിയവിധേയമാക്കുകയും ബോധവല്‍ക്കരണം ശക്തമാക്കുകയും ചെയ്തതോടെ പല രാജ്യങ്ങളിലും ഇത് പിന്നീട് എടുത്തുകളയുകയായിരുന്നു. പൊതു സമൂഹത്തില്‍ ഇത്തരം ഒരു വിവേചനം ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും ജിതിന്‍ പറയുന്നു.
“കേരളത്തിലെ എല്‍.ജി.ബി.ടി.ഐ.ക്യു കമ്മ്യൂണിറ്റി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേതിനെ അപേക്ഷിച്ച് സംഘടിതമാണ്. നമ്മുടെ ആരോഗ്യമേഖലയും മെച്ചപ്പെട്ടതാണ്. കേരളത്തിനു മാത്രമായി ഈ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഈ മാനദണ്ഡം എടുത്തുകളയാന്‍ കഴിയില്ല. എന്നാല്‍ ഇത് പൂര്‍ണമായും എടുത്തുകളയാന്‍ ആവശ്യപ്പെടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ നമുക്ക് കഴിയണം”- ജിതിന്‍ പറഞ്ഞു.