| Sunday, 6th September 2020, 9:49 pm

കൊവിഡ് പ്രതിരോധിക്കാന്‍ ഹോമിയോയ്ക്ക് കഴിയുമോ ? ; ആരോഗ്യമന്ത്രിയുടെ വാദങ്ങളും എതിര്‍പ്പുകളും

കവിത രേണുക

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടേയിരിക്കുകയാണ്. പ്രതി ദിനം രണ്ടായിരത്തിലധികം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തെ കൊവിഡ് നിരക്കുകള്‍ ഉയര്‍ന്ന് വരുന്നു. മറുഭാഗത്ത് ആഗോളതലത്തില്‍ കൊവിഡ് വാക്‌സിനുകളുടെ പരീക്ഷണം നടന്നു കൊണ്ടിരിക്കുന്നു. ഏത് വിധേനയും കൊവിഡിനെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലാണ് കേരളവും.

കൊവിഡിനെ പ്രതിരോധിക്കാനായി ലഭ്യമായ എല്ലാ പ്രതിരോധ മരുന്നുകളും ഉപയോഗിക്കാമെന്ന് കേരള ആരോഗ്യമന്ത്രി നേരത്തെ പറയുകയുണ്ടായി. അതിനിടയില്‍ സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭഘട്ടം മുതല്‍ ഹോമിയോപതി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തരം ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്നുമുണ്ട്.

കൊവിഡിന്റെ ചികിത്സയ്ക്കായി ഹോമിയോപതി ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍ പ്രോട്ടോകോളില്‍ പറയുന്നുണ്ട്. ഹോമിയോപതിക്കെതിരെ ഐ.എം.എ അടക്കമുള്ള സംഘടനകള്‍ രംഗത്ത് വരികയും ചെയ്യുന്നുണ്ട്. ഇതേസാഹചര്യത്തിലാണ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഹോമിയോ മരുന്നുകള്‍ വീടുകളിലെത്തിച്ച് നല്‍കുന്നത്.

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഞായറാഴ്ച പറഞ്ഞിരുന്നു. സിനിമാ സംവിധായകനും പത്തനംതിട്ട മുന്‍ ഡി.എം.ഒയുമായ ഡോ. ബിജു നടത്തിയ പഠനം ഇത് വ്യക്തമാക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.

ഹോമിയോമരുന്നുകള്‍ക്ക് അനുകൂലമായും പ്രതികൂലമായുമുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പുതിയ പ്രസ്താവന. ഇത് വഴി കൊവിഡ് ചികിത്സയും ഹോമിയോ മരുന്നുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ് .

കൊവിഡ് ചികിത്സയ്ക്കായല്ല, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായാണ് ഹോമിയോപതിയില്‍ മരുന്നുകള്‍ നല്‍കുന്നതെന്നാണ് ഡോ. ബിജു പ്രതികരിച്ചത്. രണ്ട് മാസം മുമ്പ് പ്രതിരോധം കൂടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പഠനമാണ്. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള ഹോമിയോ മരുന്ന് കൊടുത്ത ശേഷം പ്രതിരോധ ശേഷി കുറഞ്ഞ ആളുകളില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നുണ്ടോ എന്നാണ് പരീക്ഷിച്ചതെന്നും അത് വിജയകരമായിരുന്നെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ആ പഠനം സത്യത്തില്‍ രണ്ട് മാസം മുമ്പ് വന്നിട്ടുള്ളതാണ്. പ്രതിരോധം കൂടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പഠനമാണ്. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള ഹോമിയോ മരുന്ന് കൊടുത്ത ശേഷം രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നുണ്ടോ എന്നാണ് പരീക്ഷിച്ചത്. ഈ മരുന്ന് പ്രധാനമായും കൊവിഡിനെതിരായി നല്‍കുന്നതല്ല. പ്രതിരോധം വര്‍ധിപ്പിക്കാന്‍ എന്ന തരത്തില്‍ ചെയ്യുന്നതാണ്.’ ഡോ. ബിജു പറഞ്ഞു.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ നല്‍കാം എന്നാണല്ലോ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവ്. അപ്പോള്‍ രോഗ പ്രതിരോധ ശേഷി കൂട്ടുമ്പോള്‍ കൊവിഡിനെ ഒരു പരിധിവരെ ചെറുക്കാം. ഇനി അഥവാ രോഗം വന്നാലും അത് ഗുരുതരമല്ലാത്ത രീതിയിലായിരിക്കും ബാധിക്കുകയെന്നും ബിജു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘വൈറല്‍ രോഗങ്ങളെ ചെറുക്കുന്നതിനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനുമായി ഹോമിയോപതിയില്‍ നേരത്തെ തന്നെ ധാരാളം മരുന്നുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ആഴ്‌സ്നിക് ആല്‍ബ് എന്ന ഈ മരുന്നും മുന്‍പ് മുതലേ അത്തരത്തില്‍ ഉപയോഗിച്ചു വരുന്ന മരുന്ന് ആണ്. കൊവിഡിന്റെ ലക്ഷണങ്ങള്‍ക്ക് ഇത് അനുയോജ്യമായത് കൊണ്ടാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പ്രതിരോധം വര്‍ധിപ്പിക്കാന്‍ ഈ മരുന്ന് നല്‍കാമെന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അനുമതി നല്‍കിയത്,’ ഡോ. ബിജു പറഞ്ഞു.

നിലവില്‍ മരുന്ന് കഴിച്ച ശേഷം രോഗം വന്നവരില്‍ തന്നെ നേരിയ തോതിലാണ് രോഗം വന്നതായി കണ്ടെത്തിയിട്ടുള്ളതെന്നും ഡോ. ബിജു പറയുന്നു. ഡോ. ബിജുവിന്റെ വാക്കുകള്‍ തന്നെയാണ് ആരോഗ്യമന്ത്രിയും പറഞ്ഞത്.

‘രോഗം വരാതിരിക്കാനുള്ള ഹോമിയോ പ്രതിരോധ മരുന്ന് കേരളത്തില്‍ ഉടനീളം നല്‍കിയിട്ടുണ്ട്. ഈ മരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ക്ക് മാത്രമേ രോഗം വന്നിട്ടുള്ളു. മരുന്ന് കഴിച്ചവരില്‍ രോഗം വന്നവര്‍ക്ക് വളരെ പെട്ടെന്ന് മൂന്നോ നാലോ ദിവസംകൊണ്ട് കൊവിഡ് നെഗറ്റീവ് ആയി മാറുന്ന അവസ്ഥയുണ്ടായെന്ന് ഡോ. ബിജുവിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം നിലവില്‍ കൊവിഡ് പോസ്റ്റീവ് ആയവരെ ഹോമിയോ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനെന്ന പേരില്‍ ഹോമിയോ മരുന്നുകള്‍ കൊടുത്തത് രോഗത്തിന്റെ ഗുരുതരാവസ്ഥ കുറച്ചുവെന്ന് പറയുന്നത് തെറ്റിധാരണയുണ്ടാക്കുന്നതാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഒരു പ്രസ്താവന കാണുകയുണ്ടായി. അതില്‍ വ്യക്തമായി പറയുന്നത് രോഗ മുക്തികിട്ടിയവരില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗമുക്തി ഉണ്ടാകാന്‍ കാരണം ഒരു പ്രത്യേക മരുന്ന് കഴിച്ചതിന് ശേഷമാണ് എന്നാണ്. ആ മരുന്ന് കഴിച്ചവരുടെ രോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചില്ല എന്നും അതില്‍ പറയുന്നു. എന്നാല്‍ ആ സന്ദേശം വളരെ തെറ്റിധാരണയുണ്ടാക്കുന്നതാണ്.

പൊതു ജനങ്ങള്‍ അത് കണ്ട് കഴിഞ്ഞാല്‍ അവര്‍ക്ക് ആ രീതിയിലുള്ള ഒരു മരുന്ന് മാത്രം കഴിച്ചാല്‍ മതിയെന്നും ഇനി മറ്റ് സ്വയം രക്ഷോപകരണങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കേണ്ടെന്നുമുള്ള ധാരണ വരും. അതായത് പിപിഇ കിറ്റോ, മാസകോ അങ്ങനെയൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ലാതെ കൊവിഡിനെ പ്രതിരോധിക്കാമെന്ന ധാരണ ഉടലെടുക്കും,’ എബ്രഹാം വര്‍ഗീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിരോധമാണ് ഉദ്ദേശിക്കുന്നതെന്നും ഡോ. ബിജു പറയുന്നു. ഇവര്‍ പ്രവര്‍ത്തിക്കുന്നതും ഐ.സി.എം.ആറും ലോകാരോഗ്യ സംഘടനയും പറയുന്ന നിര്‍ദേശ പ്രകാരമാണെന്നും അദ്ദേഹം പറയുന്നു.

‘കേരളത്തില്‍ സര്‍ക്കാര്‍ അനുമതിയോടെയാണല്ലോ പ്രതിരോധ മരുന്നുകള്‍ നല്‍കുന്നത്. ഓരോ വൈദ്യ ശാസ്ത്രങ്ങളുടെയും ഉപയോഗ രീതിയും ശാസ്ത്രീയ കാഴ്ചപ്പാടും തീര്‍ത്തും വ്യത്യസ്തമാണ്. ഇതും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു വൈദ്യശാസ്ത്രമാണല്ലോ. കേരളത്തില്‍ തന്നെ ഹോമിയോപ്പതിക്ക് ആയിരത്തിലേറെ സര്‍ക്കാര്‍ ഡിസ്പന്‍സറികളുണ്ട്. സ്വകാര്യ മേഖലയില്‍ അതിലും എത്രയോ ഇരട്ടി സ്ഥാപനങ്ങള്‍.

ആയുഷ് എന്ന് പറയുന്ന ഒരു പ്രത്യേക വകുപ്പ് തന്നെയുണ്ട് ഇന്ത്യയിലും കേരളത്തിലും. ആ ഘട്ടത്തില്‍ ഇത് അശാസ്ത്രീയമാണെന്ന് വേറൊരു വിഭാഗം വൈദ്യശാസ്ത്രത്തിന് എങ്ങനെയാണ് പറയാന്‍ സാധിക്കുക. കൊവിഡ് പോസിറ്റീവ് ആയ രോഗികളെ ആയുഷ് ചികിത്സിക്കുന്നില്ല. പ്രതിരോധ മരുന്നുകള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. കൊവിഡിനെ തടയുന്നതിനായി ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും ഒക്കെ പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, മാസ്‌ക് ഉപയോഗിക്കുക, പ്രതിരോധ ശേഷി കൂട്ടുക എന്നിവ ആണ്. ഇതില്‍ പ്രതിരോധ ശേഷി കൂട്ടുക എന്ന പ്രവര്‍ത്തനമാണ് അടിസ്ഥാനപരമായി ആയുഷ് വിഭാഗങ്ങള്‍ ചെയ്യുന്നത്,’ ഡോ. ബിജു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ഹോമിയോപതി ഇപ്പോള്‍ നടത്തിയെന്ന് പറയുന്ന പഠനത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് ഐ.എം.എ അടിവരയിടുന്നത്. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത പഠനത്തെ അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ തന്നെ പിന്താങ്ങുന്നത് ജനങ്ങളില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതിന് കാരണമാകുമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കൊവിഡുമായി ബന്ധപ്പെട്ട് പല പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പലതും അതിന്റെ പ്രാഥമിക പടിയില്‍ എത്തിനില്‍ക്കുന്നേയുള്ളു. പഠനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ അത് പ്രസിദ്ധീകരിക്കണം. അതായത് പഠനത്തിന്റെ ശാസ്ത്രീയതയുടെ അടിസ്ഥാനത്തില്‍ ആ പഠനങ്ങള്‍ വിശകലനം ചെയ്ത് അതിന്റെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചെങ്കില്‍ മാത്രമേ മെഡിക്കല്‍ സയന്റിഫിക് സമൂഹത്തിന് അത് അംഗീകരിക്കാനാവൂ.

അതായത് പഠനറിപ്പോര്‍ട്ടില്‍ പറയുന്നതെന്താണോ അതിന് ഒരു ആധികാരികത വരുത്തണം. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു ആധികാരിക റിപ്പോര്‍ട്ട് അല്ലെന്ന് തന്നെ വേണം കരുതാന്‍. വെറുതേ ഒരാള്‍ ഞാന്‍ പരീക്ഷിച്ചു, അതില്‍ ഇങ്ങനെയാണ് കണ്ടതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. കൃത്യമായി പഠിച്ച്, അതിന്റെ ശാസ്ത്രീയമായ റിപ്പോര്‍ട്ട് ഏതെങ്കിലും ശാസ്ത്രീയ മാഗസിനില്‍ വന്നെങ്കില്‍ മാത്രമേ അത് നമുക്ക് അംഗീകരിക്കാനാവുകയുള്ളു,’ ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു.

കൊവിഡ് മഹാമാരി ആളുകളെ ഭീതിയിലാഴ്ത്തുന്ന സമയത്ത് അധികാരസ്ഥാനത്തിരിക്കുന്നവരില്‍ നിന്നും ഇങ്ങനൊരു പ്രസ്താവന നടത്തിക്കഴിഞ്ഞാല്‍ അത് പൊതു ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ ആരായാലും പ്രചരിപ്പിക്കരുത് എന്നാണ് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Homeopathy to defend covid; IMA claims health ministers statement is wrong

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more