Daily News
ഹോമിയോപ്പതി ഒട്ടും ഗുണകരമല്ലെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 20, 12:52 pm
Saturday, 20th February 2016, 6:22 pm

homeo രോഗികളുടെ തൃപ്തിക്കുവേണ്ടി നല്‍കുന്ന വസ്തു എന്നിനപ്പുറം ഹോമിയോപ്പതി ചികിത്സയ്ക്ക് യാതൊരു ഗുണഫലവുമില്ലെന്ന് കണ്ടെത്തല്‍. ബോണ്ട് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ അക്കാദമിക്കായ പ്രഫസര്‍ പോള്‍ ഗ്ലാസ്യോയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഹോമിയോപ്പതി ചികിത്സ ഗുണമുള്ളതാണോയെന്നു സ്ഥിരീകരിക്കുന്നതിനായി 176 പരീക്ഷണങ്ങള്‍ പുനപരിശോധിക്കാനായി ചുമതലപ്പെടുത്തിയ നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.

68 രോഗങ്ങളില്‍ 176 വ്യക്തികള്‍ നടത്തിയ പഠനത്തിന്റെ 27 പുനപരിശോധനകളില്‍ നിന്നുമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഒരു വസ്തുവിനെ വെള്ളം ഉപയോഗിച്ച് നേര്‍പ്പിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട മരുന്നാണ് ഹോമിയോപ്പതി.

“ഈ രീതിയില്‍ ഒരു വസ്തുവിനെ എത്രത്തോളം നേര്‍പ്പിക്കുന്നുവോ ഇതിനു രോഗലക്ഷങ്ങളെ ചികിത്സിക്കാനുള്ള ശക്തി അത്രയും വര്‍ധിക്കുമെന്നാണ് ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്നവര്‍ വിശ്വസിക്കുന്നത്. മിക്ക ഹോമിയോപ്പതി മരുന്നുകളിലും പലവട്ടം വെള്ളത്തില്‍ നേര്‍പ്പിച്ച വസ്തുക്കളാണുണ്ടാവുക. ഇതില്‍ മിക്കപ്പോഴും യഥാര്‍ത്ഥ വസ്തു ബാക്കിയുണ്ടാവാറില്ല.” എന്‍.എച്ച്.എസ് പറയുന്നു.

“18ാം നൂറ്റാണ്ടിലെ ചികിത്സാരീതികളില്‍ ഹോമിയോപ്പതി സ്ഥാപകനായ സാമുവല്‍ ഹാനിമാന് അതൃപ്തിയുണ്ടായിരുന്നതായാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഹോമിയോപ്പതിയുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതില്‍ അദ്ദേഹം നിരാശനായിരുന്നു എന്ന് ഊഹിക്കാം. എന്നിട്ടും ഈ ചികിത്സാരീതി തുടര്‍ന്നു.” ഗവേഷണങ്ങള്‍ക്കുനേതൃത്വം നല്‍കിയ പോള്‍ പറയുന്നു.

ബ്രിട്ടനില്‍ രണ്ട് എന്‍.എച്ച്.എസ് ആശുപത്രികള്‍ ഹോമിയോപ്പതി ചികിത്സ നല്‍കുന്നുണ്ട്. ഇതിനുപുറമേ ഒട്ടേറെ ജനറല്‍ പ്രാക്ടീഷണര്‍മാരും ഈ രംഗത്തുണ്ട്.