[] ന്യൂദല്‍ഹി: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ “ഗ്രീന്‍പീസി”നെതിരെ ആഭ്യന്തരമന്ത്രാലയം കടുത്ത നടപടികള്‍ സ്വീകരിക്കുന്നു.ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കും.
“ഗ്രീന്‍പീസ് ഇന്റര്‍നാഷണല്‍”, “ക്ലൈമറ്റ്‌സ് വര്‍ക്ക്‌സ് ഫൗണ്ടേഷന്‍” എന്നീ സംഘടനകളില്‍നിന്ന് ഗ്രീന്‍പീസ് ഇന്ത്യയ്ക്ക് ലഭിക്കുന്ന സംഭാവനകള്‍ നിയന്ത്രിക്കുന്നതിനാണ് നടപടി.
കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായം തേടി.ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പോ സ്ഥാപനമോ ഈ സംഘടനകളില്‍നിന്ന് പണം വാങ്ങുന്നുണ്ടോ എന്നതും നിരീക്ഷിക്കും. “ആംനസ്റ്റി ഇന്റര്‍നാഷണല്‍”, “ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്” എന്നീ വിദേശ സംഘടനകളുടെ സംഭാവനകള്‍ നിയന്ത്രിക്കും.
വിദേശസംഭാവന നിയന്ത്രണനിയമത്തെ മുന്‍നിര്‍ത്തി ഗ്രീന്‍പീസിന്റെ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യണമെന്ന് രഹസ്യാന്വേഷണ ബ്യൂറോ പ്രധാനമന്ത്രിക്കും ദേശീയ സുരക്ഷാ ഏജന്‍സിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഘടനയ്ക്ക് വരുന്ന സംഭാവനകള്‍ അതീവ ഗൗരവത്തോടെ കാണണമെന്നും നികുതി രേഖകള്‍ പരിശോധിക്കണമെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയില്‍ കല്‍ക്കരി ഉപയോഗം ഒഴിവാക്കി സൗരോര്‍ജം വ്യാപകമാക്കാന്‍ പ്രവര്‍ത്തിക്കുന്ന “സിയറ ക്ലബ്ബു”മായി ഗ്രീന്‍പീസിന് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മധ്യപ്രദേശിലെ മഹാന്‍ കല്‍ക്കരിപ്പാടത്തെ ഖനനത്തിനെതിരെ ജനകീയപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്നത് ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയാ പിള്ളയുടെ നേതൃത്വത്തിലായിരുന്നു. മഹാരാഷ്ട്രയിലെ ജയ്താപ്പുര്‍ ആണവ നിലയത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കും ഗ്രീന്‍പീസ് നേതൃത്വം നല്‍കിയിരുന്നു.
എന്നാല്‍, ആരോപണങ്ങള്‍ സംഘടന നിഷേധിച്ചു. സംഘടനയെ ലക്ഷ്യമിടുന്നത് ദുരുദ്ദേശപരമാണെന്നും കല്‍ക്കരി ഖനനത്തിനും ആണവപദ്ധതികള്‍ക്കുമെതിരെയുള്ള സമരത്തിന് മുന്‍പന്തിയില്‍ നിന്നതാണ് കാരണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സമിത് ഐഷ് പ്രതികരിച്ചു.