വാഷിങ്ടൺ: കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്. വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഫലസ്തീൻകാരിയായ ലെഖാ കോർഡയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്ത ഫലസ്തീൻ ഗ്രീൻ കാർഡ് ഉടമയായ മഹ്മൂദ് ഖലീലിന്റെ അറസ്റ്റിന് പിന്നാലെയാണ് കോർഡയുടെ അറസ്റ്റ്. ഫലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രവർത്തകർക്കെതിരായ വ്യാപകമായ നടപടിയുടെ ഭാഗമായിട്ടായിണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയെന്ന് ആരോപിച്ച് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) ഏജന്റുമാർ ലെഖാ കോർഡയെ കസ്റ്റഡിയിലെടുത്തത്. സമാനമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 2024ലും കോർഡയെ അറസ്റ്റ് ചെയ്തിരുന്നെന്ന് ഡി.എച്ച്.എസ് പറഞ്ഞു. കൊളംബിയയിലെ ഇന്ത്യൻ ഡോക്ടറേറ്റ് വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസൻ ചൊവ്വാഴ്ച രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങളും ഡി.എച്ച്.എസ് പങ്കിട്ടിട്ടുണ്ട്.
ഫലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് രഞ്ജനി ശ്രീനിവാസന്റെ വിസ കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതായി ഡി.എച്ച്.എസ് കൂട്ടിച്ചേർത്തു.
കൊളംബിയയിലെ ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ ‘തീവ്രവാദ അനുഭാവികൾ’ എന്ന് ഡി.എച്ച്.എസ് മുദ്രകുത്തി. ഫലസ്തീൻ അനുകൂല വിദ്യാർത്ഥികൾ അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം ആരോപിച്ചു.
വ്യാഴാഴ്ച രാത്രി കൊളംബിയ യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർത്ഥികളുടെ വസതികളിൽ ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയതായും ഡി.എച്ച്.എസ് പറഞ്ഞു.
‘വ്യാഴാഴ്ച രാത്രി രണ്ട് വിദ്യാർത്ഥികളുടെ വസതികളിൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ (DHS) നിന്നുള്ള ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയിരുന്നു,’ കൊളംബിയ പ്രസിഡന്റ് കത്രീന ആംസ്ട്രോങ് സ്ഥിരീകരിച്ചു.
ഫലസ്തീനെ അനുകൂലിക്കുന്ന വ്യക്തികൾക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ അറസ്റ്റുകളും നാടുകടത്തലുകളും നടക്കുന്നത്. ഖലീലിന്റെ അറസ്റ്റിനെ നേരത്തെ പ്രശംസിച്ച ട്രംപ്, വരാനിരിക്കുന്ന നിരവധി അറസ്റ്റുകളിൽ ആദ്യത്തേതായിരിക്കും ഇതെന്ന് പറഞ്ഞിരുന്നു. പിന്നീട്, കൊളംബിയ യൂണിവേഴ്സിറ്റിക്ക് അനുവദിച്ച ഏകദേശം 400 മില്യൺ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും റദ്ദാക്കിയതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.
ഖലീലിന്റെ അറസ്റ്റിനെത്തുടർന്ന്, ട്രംപ് അദ്ദേഹത്തെ ‘തീവ്രവാദ വിദേശ ഹമാസ് അനുകൂല വിദ്യാർത്ഥി’ എന്ന് വിശേഷിപ്പിക്കുകയും അമേരിക്കൻ സർവകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രകടനങ്ങളോട് തന്റെ ഭരണകൂടത്തിന്റെ സീറോ ടോളറൻസ് നയം വ്യക്തമാക്കുകയും ചെയ്തു.
യു.എസിലുടനീളം ഇസ്രഈല്‍ വംശഹത്യക്കെതിരെ പൊട്ടിപ്പുറപ്പെട്ട കാമ്പസ് പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു കൊളംബിയ. ഏപ്രിലില്‍ ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ അവിടെ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് പ്രചോദനം നല്‍കുകയും ചെയ്തു.
നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlight: Homeland Security agents arrest another pro-Palestinian protester from Columbia University