എല്ലാവരും പുകഴ്ത്തിപ്പറഞ്ഞ സിനിമയായിരുന്നു ഹോം എന്നും എന്നാല്‍ ഒരാള്‍ മാത്രം ആ സിനിമയെ കുറിച്ച് ഒരു നെഗറ്റീവ് കമന്റ് പറഞ്ഞിട്ടുണ്ടെന്നും നടി മഞ്ജു പിള്ള. എന്നാല്‍ എതിര്‍പ്പറിയിച്ച വ്യക്തിയുടെ പേര് മഞ്ജുപിള്ള പറഞ്ഞിട്ടില്ല. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് സിനിമ ചെയ്യാനാകില്ലെന്നും ഒരു പ്രത്യേക വിഭാഗം എന്തെങ്കിലും കാരണം കൊണ്ട് എതിര്‍പ്പ് പറഞ്ഞുകൊണ്ടിരിക്കുമെന്നും അവര്‍ പറഞ്ഞു.
‘ എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം പറയാം. ഒരു പക്ഷെ ഇതിനെതിരെ വിമര്‍ശനങ്ങള്‍ വന്നേക്കാം. സിനിമ എന്നല്ല, ഒന്നും നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ചെയ്യാന്‍ കഴിയില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് നമുക്കൊരു സിനിമ ചെയ്യാനാകില്ല.
എല്ലാവരും പുകഴ്ത്തിപ്പറഞ്ഞ സിനിമയായിരുന്നു ഹോം. ഒരു മനുഷ്യന് പോലും അതിനെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. എന്നാല്‍ ഒരാള്‍ മാത്രം പറഞ്ഞു. ഒരു കമന്റ് വന്നിട്ടുണ്ട്. അതുകൊണ്ട്, നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. ഫാലിമിയിലും അങ്ങനെ മോശമായിട്ടൊന്നും കേട്ടിട്ടില്ല,’ മഞ്ജുപിള്ള പറഞ്ഞു.
അമ്മ വേഷങ്ങളില്‍ താന്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടുപോകുമോ എന്ന് ഭയക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ തെരഞ്ഞെടുത്തെങ്കില്‍ മാത്രമല്ലേ അത് വരികയൊള്ളൂ എന്നും മഞ്ജു പിള്ള പറയുന്നു. ഇപ്പോള്‍ ചെയ്ത മൂന്ന് അമ്മ വേഷങ്ങളും വളരെ വ്യത്യസ്തമായതുകൊണ്ടാണ് താന്‍ ചെയ്തത് എന്നും അവര്‍ പറഞ്ഞു. ക്യാരക്ടര്‍ നല്ലതാണെങ്കില്‍ അമ്മ വേഷം ചെയ്യുന്നത് കൊണ്ട് കുഴപ്പില്ല. ക്യാരക്ടര്‍ നല്ലതാണെങ്കില്‍ ഇനിയും അമ്മ വേഷങ്ങള്‍ ചെയ്യുമെന്നും മഞ്ജുപിള്ള പറഞ്ഞു.
കുറെ അമ്മ വേഷങ്ങള്‍ ഇപ്പോള്‍ വരുന്നുണ്ടെന്നും എന്നാല്‍ വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അവ ഒഴിവാക്കുകയായിരുന്നു എന്നും മഞ്ജുപിള്ള പറയുന്നു. മാത്രവുമല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഇപ്പോഴും മുമ്പും കുറച്ച് ചൂസിയാണെന്നും മഞ്ജുപിള്ള പറഞ്ഞു.
content highlights: Home was a movie that everyone praised, but only one person said negatively: Manju Pillai