| Tuesday, 26th May 2015, 1:29 pm

നുണ പരിശോധന ഫലം ചോര്‍ന്നത് അന്വേഷിക്കാന്‍ തയ്യാറല്ല: ആഭ്യന്തര വകുപ്പ് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധന ഫലം ചോര്‍ന്നത് അന്വേഷിക്കാന്‍ തയ്യാറല്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റൊ. നുണ പരിശോധന ഫലം ചോര്‍ന്നത് അന്വേഷിക്കാന്‍ തയ്യാറല്ലെന്നും മറ്റാരേയെങ്കിലും അത് ഏല്‍പ്പിക്കണമെന്നുമുള്ള നിലപാട് സെക്രട്ടറി ആഭ്യന്തര മന്ത്രിയെ അറിയിച്ചു. അതേസമയം അന്വേഷണം ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ അനവേഷിക്കുമെന്ന് ആഭ്യന്ത്ര വകുപ്പ് അറിയിച്ചു

ബാര്‍ കോഴക്കേസില്‍ നിര്‍ണായകമായ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധന ഫലം മാധ്യമങ്ങളക്ക് ചോര്‍ന്ന് ലഭിച്ചതിനെ കുറിച്ച് ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷിക്കുമെന്ന് നേരത്തെ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. അതീവരഹസ്യ സ്വഭാവമുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ചോര്‍ന്നത് കോടതികളുടെയും അന്വേഷണ സംവിധാനത്തിന്റെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുമെന്ന് കാണിച്ച് അഡ്വക്കേറ്റ് എ. ജഹാംഗീര്‍ നല്‍കിയ പരാതിയലാണ് അന്വേഷണം വേണമെന്ന തീരുമാനം എടുത്തത്. അടിയന്തിരമായി അന്വേഷണം വേണമെന്നും മന്ത്രി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം നുണ പരിശോധന റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വിജിലന്‍സിനെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കുന്നതിനും അതിലൂടെ മാണിയ്‌ക്കെതിരെയുള്ള കുറ്റപത്രം ഒഴിവാക്കുന്നതിനും വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ ആരോപിച്ചു. എന്നാല്‍ ഇത് വിജിലന്‍സിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.

We use cookies to give you the best possible experience. Learn more