| Sunday, 30th July 2017, 6:15 pm

'കെട്ടിപ്പിടിച്ചു കൊണ്ട് അവന്‍ എന്നെ ചുംബിക്കുകയായിരുന്നു, മറക്കില്ലിത്'; ലങ്കയുടെ സൂപ്പര്‍ ഫാന്‍ അങ്കിള്‍ പേര്‍സിയ്ക്ക് വിരാടിന്റെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോള്‍: പേര്‍സി അബെയ്‌സ്‌കെര എന്ന് പേര് നമുക്ക് പരിചയമില്ലായിരിക്കും. പക്ഷെ അങ്കിള്‍ പേര്‍സി എന്ന പേര് ഓരോ ക്രിക്കറ്റ് ആരാധകനും മനപ്പാഠമായിരിക്കും. ഇന്ത്യയുടെ മത്സരവേദികളില്‍ നിത്യസാന്നിധ്യമായ സുധീറിനെപ്പോലെ, പാകിസ്ഥാന്റെ ചാച്ച ക്രിക്കറ്റിനെപ്പോലെ ലങ്കയുടെ അങ്കിള്‍ പേര്‍സിയും ക്രിക്കറ്റ് ലോകത്തിന് സുപരിചിതനാണ്.

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ആരാധകമുഖമായ അങ്കിളിനിന്നലെ 81 ാം ജന്മദിനമായിരുന്നു. പിറന്നാളിന്റെ മധുരം ഇരട്ടിയാക്കി അങ്കിളിന് സമ്മാനവുമായെത്തിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ്. പിറന്നാള്‍ ദിനത്തില്‍ ലങ്കന്‍ താരങ്ങളടക്കം സമ്മാനവുമായെത്തിയെങ്കിലും പേര്‍സിയ്ക്ക് കോഹ്‌ലിയുടെ സമ്മാനം ഒരിക്കലും മറക്കാന്‍ കഴിയില്ല.

മത്സരശേഷം നടന്ന പ്രെസന്റേഷന്‍ സെറിമണിക്കിടെയായിരുന്നു വിരാട് പേര്‍സിയെ കാണാനെത്തിയത്. കൂട്ടിന് ശിഖര്‍ ധവാനുമുണ്ടായിരുന്നു. ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് അങ്കിള്‍ പേര്‍സിയെ ചേര്‍ത്തു പിടിച്ച വിരാട് അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു കൊണ്ട് ആശംസകള്‍ നേരുകയായിരുന്നു. ഇന്ത്യന്‍ നായകന്റെ സ്‌നേഹത്തിന് നന്ദി സൂചകമായി താരത്തിന്റെ ഇരുകവിളുകളിലും അദ്ദേഹവും സ്‌നേഹചുംബനങ്ങള്‍ നല്‍കി.


Also Read:  ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകികളെ പൊലീസ് പിടികൂടിയത് അതിസാഹസികമായി ; പുലിപ്പാറയില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ ; വീഡിയോ കാണാം 


ഇരു താരങ്ങളും അദ്ദേഹത്തെ കെട്ടിപിടിച്ചാണ് ആശംസകള്‍ നേര്‍ന്നത്. ഇങ്ങനെയൊരു സമ്മാനം താന്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഈ അനുഭവം ഒരിക്കലും മറക്കില്ലെന്നുമായിരുന്നു പിന്നീട് പേര്‍സ് പ്രതികരിച്ചത്.

തനിക്ക് 81 വയസായെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ വിരാടിന് പേര്‍സ് നല്‍കിയ മറുപടി സര്‍ ഗാരി സോബേഴ്‌സിനേക്കാള്‍ രണ്ട് വയസു മാത്രം ഇളയതാണ് താനെന്നായിരുന്നു. കഴിഞ്ഞ തവണ ഇന്ത്യ ലങ്കയില്‍ വന്നതിന്റെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. അന്ന് കനത്ത മഴകാരണം കളി മുടങ്ങിയപ്പോള്‍ തന്നെ രോഹിതും റെയ്‌നയും കോഹ്‌ലിയും ഡ്രസ്സിംഗ് റൂമിലേക്ക് ക്ഷണിച്ചതും അവര്‍ക്കൊപ്പം സമയം ചിലവിട്ടതൊക്കെയും അദ്ദേഹം ഓര്‍ത്തെടുത്തു.

അന്ന് ഡ്രസ്സിംഗ് റൂമില്‍ താന്‍ കളിച്ച ഡാന്‍സ് ഓര്‍മ്മപ്പെടുത്തിയാണ് കോഹ്‌ലി ഇത്തവണ സംസാരിച്ചതെന്നും പേര്‍സി പറഞ്ഞു. അന്ന് ടീമിലെ ഷൈ ബോയി ആയ റെയ്‌നയെ ചുംബിക്കാന്‍ എല്ലാവരും ആവശ്യപ്പെട്ടതും റെയ്‌നയുടെ കവിളിലും നെറുകയിലും ചുംബിച്ചതുമെല്ലാം ഇന്ന് നടന്നതുപോലെ അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more