| Saturday, 28th May 2022, 12:35 pm

ഞങ്ങള്‍ക്ക് തന്നെയാണ് അവാര്‍ഡെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചു, അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല: ഹോം സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ പ്രതികരണവുമായി ഹോം സിനിമയുടെ സംവിധായകന്‍ റോജിന്‍ തോമസ്. അവാര്‍ഡ് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്നും സിനിമ ഇറങ്ങിയപ്പോള്‍ കിട്ടുന്ന പ്രതികരണത്തില്‍ സന്തോഷമുണ്ടായിരുന്നെന്നും തങ്ങളെ സംബന്ധിച്ച് അതാണ് ഏറ്റവും വലിയ അവാര്‍ഡെന്നും റോജിന്‍ പറഞ്ഞു.

ജൂറി തീരുമാനമെന്ന് പറയുന്നത് കുറച്ചുപേര്‍ എടുക്കുന്ന തീരുമാനമാണ്. മറ്റുള്ളവരെ ഫീല്‍ ചെയ്യിച്ചതുപോലെ അവരെ ഫീല്‍ ചെയ്യിപ്പിക്കാന്‍ പറ്റാതെ പോയതില്‍ വിഷമമുണ്ട്.

സിനിമ ഇറങ്ങിയപ്പോള്‍ കിട്ടുന്ന പ്രതികരണത്തില്‍ സന്തോഷമുണ്ടായിരുന്നു. അതാണ് ഏറ്റവും വലിയ അവാര്‍ഡ്. അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പ് ചിലരൊക്കെ വിളിച്ച് നിങ്ങള്‍ക്ക് തന്നെയാണ് അവാര്‍ഡ് എന്ന് പറഞ്ഞപ്പോള്‍, മനുഷ്യനാണല്ലോ സ്വാഭാവികമായും ഒരു പ്രതീക്ഷ ഉണ്ടാകുമല്ലോ, അങ്ങനെ ഒരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമൊന്നും ഇല്ല.

സിനിമ ജൂറി കണ്ടോ ഇല്ലയോ എന്ന് അറിയില്ല. സത്യാവസ്ഥ അറിയില്ല. ഇന്നലെ അവാര്‍ഡ് കിട്ടിയതുപോലെ തന്നെയാണ് ആളുകള്‍ വിളിച്ച് പ്രതികരിക്കുന്നത്.

വിജയ് ബാബു വിവാദം കാരണം സിനിമയെ മാറ്റി നിര്‍ത്തിയെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ജൂറി ഹോം കണ്ടിട്ടില്ല എന്ന് തോന്നുന്നില്ലെന്നായിരുന്നു റോജിന്റെ മറുപടി. ഹോം അവസാന റൗണ്ടില്‍ ഉണ്ടായിരുന്നു എന്നൊക്കെ മാധ്യമങ്ങളില്‍ കണ്ടിരുന്നു. ജൂറി സിനിമ കണ്ടിട്ടില്ല എന്ന് തോന്നിയിട്ടില്ല. പക്ഷേ കണ്ട സിനിമ അവര്‍ക്ക് അവാര്‍ഡിന് അര്‍ഹതപ്പെട്ടതാണെന്ന് തോന്നിയില്ലായിരിക്കാം.

പിന്നെ വിവാദത്തിന്റെ സത്യാവസ്ഥ അറിയില്ലല്ലോ. വ്യക്തിപരമായ വിവാദത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തിയിട്ടുണ്ടെങ്കില്‍ തെറ്റാണ്. ആറ് വര്‍ഷത്തെ കഷ്ടപ്പാടില്‍ എഴിതിയെടുത്ത ഷൂട്ട് ചെയ്ത സിനിമയാണ്. ഒരുപാടു ആളുകളുടെ ഹാര്‍ഡ് വര്‍ക്ക് ഇതിന് പിന്നിലുണ്ട്. പിന്നെ ഇന്ദ്രന്‍സേട്ടന്റെ 40 വര്‍ഷത്തെ കരിയറിനുള്ളില്‍ കിട്ടിയിട്ടുള്ള ഫുള്‍ ലെങ്ത് ക്യാരക്ടര്‍ ആയിരുന്നു അത്. ഇനിയും ഉടനെ അങ്ങനെ ഒരു കഥാപാത്രം അദ്ദേഹത്തിന് കിട്ടുമോ എന്നറിയില്ല.

അത്തരത്തില്‍ വ്യക്തിപരമായ കാര്യത്തിന്റെ പേരില്‍ സിനിമ മാറ്റിനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അതൊരു തെറ്റായ പ്രവണതയാണ്. അല്ലാതെ ജൂറിയുടെ തീരുമാനത്തില്‍ അവാര്‍ഡ് കിട്ടിയില്ലെന്നതില്‍ പ്രതിഷേധമൊന്നും ഇല്ല, റോജിന്‍ പറഞ്ഞു.

Content Highlight: Home Movie Director Rojin Thomas About State Film Award Controversy

We use cookies to give you the best possible experience. Learn more