| Monday, 23rd August 2021, 6:01 pm

തണ്ണീര്‍മത്തന്‍ കണ്ടപ്പോഴേ ഹോമിലെ അനിയനായി നസ്‌ലനെ തീരുമാനിച്ചിരുന്നു: സംവിധായകന്‍ റോജിന്‍ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലിറങ്ങിയ ഹോം എന്ന സിനിമയാണ് ഇന്ന് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തില്‍ എല്ലാവരുടെയും പ്രകടനം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റിനും മഞ്ജു പിള്ളയുടെ കുട്ടിയമ്മക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു നസ്‌ലന്‍ ചെയ്ത ചാള്‍സ്.

ഇപ്പോള്‍ സിനിമയിലേക്ക് നസ്‌ലന്‍ വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ റോജിന്‍ തോമസ്. ആദ്യ ചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഹോമിലേക്ക് നസ്‌ലനെ ഉറപ്പിച്ചിരുന്നുവെന്നാണ് റോജിന്‍ തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘തണ്ണീര്‍മത്തന്‍ സിനിമ കണ്ട അന്നു മുതല്‍ ഞാന്‍ മനസില്‍ കരുതിവെച്ചതാണ്, അനിയന്റെ കഥാപാത്രം നസ്‌ലന്‍ ചെയ്യണം എന്നുള്ളത്. അന്ന് പക്ഷെ നമ്മുടെ കഥാപാത്രമായ ചാള്‍സിന് ആവശ്യമായ പ്രായം അവന്‍ എത്തിയിട്ടുണ്ടായിരുന്നില്ല,’ റോജിന്‍ പറഞ്ഞു.

നേരത്തെ ഹോമിന്റെ നിര്‍മ്മാതാവായ വിജയ് ബാബു നസ്‌ലനെ പറ്റി പറഞ്ഞ ഒരു കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രാപ്തനായ അഭിനേതാവാണ് നസ്‌ലനെന്നായിരുന്നു വിജയ് ബാബുവിന്റെ അഭിപ്രായം.

‘നസ്‌ലന്‍ ഇന്നുള്ള യുവനടന്മാരില്‍ ഏറ്റവും ഭാവിയുള്ള അഭിനേതാക്കളിലൊരാളാണ്. കുരുതിയിലും തണ്ണീര്‍മത്തനിലും നമ്മള്‍ അത് കണ്ടു. ഇപ്പോള്‍ ഹോമിലും അത്രയും മികച്ച പെര്‍ഫോമന്‍സാണ് നസ്‌ലന്‍ നല്‍കിയിരിക്കുന്നത്. മികച്ച ഭാവിയാണ് നസ്‌ലനെ കാത്തിരിക്കുന്നത് എന്നതില്‍ സംശയമില്ല,’ വിജയ് ബാബു പറഞ്ഞു.

2019ല്‍ ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ കുറഞ്ഞ ഡയലോഗുകള്‍ കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മെല്‍വിനായാണ് നസ്‌ലന്‍ മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് നസ്‌ലനെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു.

തണ്ണീര്‍മത്തനിലെ മെല്‍വിന്റെ ഓരോ ഡയലോഗുകളും ചിത്രത്തിലെ ഏറ്റവും കൈയ്യടിയും പൊട്ടിച്ചിരിയും നേടിയ ഭാഗങ്ങളായിരുന്നു.

പഫ്‌സിന്റെ വില 50 പൈസ കൂട്ടിയെടാ, എന്തൊരു ജാഡയാ എന്നുള്ള ഡയലോഗുകളും ബുദ്ധിയാണ് സാറേ ഇവന്റെ മെയിന്‍ എന്ന് അമ്മ പറയുമ്പോഴുള്ള ആ വിനയാന്വിത ഭാവവുമൊക്കെ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

എന്നാല്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച നസ്‌ലന്‍ കുരുതിയിലെത്തിയപ്പോള്‍ അടിമുടി മാറി. ഹോമിലെത്തിയപ്പോള്‍ ചിരിപ്പിച്ച, ചിന്തിപ്പിച്ച കഥാപാത്രമായി മാറി നസ്‌ലന്‍.

മലയാളത്തിലെ മികച്ച യുവ താരങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരിക്കും ഇനി മുതല്‍ നസ്‌ലന്റെ സ്ഥാനമെന്ന് കുരുതിയിലെ റസൂലും ഹോമിലെ ചാള്‍സും ഉറപ്പിക്കുകയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന അഭിപ്രായങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Home movie director Rojin Thomas about Naslen as Charles

Latest Stories

We use cookies to give you the best possible experience. Learn more