| Monday, 30th August 2021, 7:42 pm

ഇത് ഡിലീറ്റാക്കിയത് നന്നായി അല്ലെങ്കില്‍ ഭാസിയെ എല്ലാരും പിന്നേം പ്രാകും; ഹോമിലെ ഡിലീറ്റഡ് സീന്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ആസ്വാദകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് റോജിന്‍ തോമസിന്റെ സംവിധാനമികവില്‍ പുറത്തിറങ്ങിയ ‘ഹോം’. മലയാള സിനിമയിലെ ഏറ്റവും മികച്ച ഫീല്‍ ഗുഡ് മൂവികളില്‍ ഒന്ന് എന്ന നിലയിലേക്ക് ഹോം ആഘോഷിക്കപ്പെട്ടു കഴിഞ്ഞു.

ആഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തിലെ രണ്ടാമത്തെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഇന്ദ്രന്‍സ് കുടുംബസമേതം കാറില്‍ സഞ്ചരിക്കുന്ന ഡിലീറ്റഡ് കട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഹംപ് ചാടുമ്പോള്‍ വേഗത കുറയ്ക്കാനാവശ്യപ്പെട്ട് മകനായ ആന്റണിയെ സ്‌നേഹത്തോടെ ശാസിക്കുന്ന രംഗമാണിത്. ‘മക്കളേ, ബംപ് വരുമ്പാള്‍ ഗിയര്‍ ഡൗണ്‍ ചെയ്ത് വണ്ടി ചവിട്ടിയെടുക്കണം,’ എന്നാണ് ഇന്ദ്രന്‍സ് ഉപദേശിക്കുന്നത്.

ഏതിരെ വരുന്ന ലോറി കണ്ട് പേടിക്കുന്ന കുട്ടിയമ്മയും അമ്മയോട് കയര്‍ക്കുന്ന ആന്റണിയും ഇത് കണ്ട് സഹികെട്ട് ‘വണ്ടിയൊന്ന് ഒതുക്കുമോ, ഞാന്‍ നടന്ന് വന്നോളാം,’ എന്ന പഞ്ച് ഡയലോഗടിക്കുന്ന ചാള്‍സുമാണ് ഡിലീറ്റ് ചെയ്ത സീനിലുള്ളത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സീന്‍ പുറത്തുവിട്ടിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

ഈ സീന്‍ കൂടി കണ്ട് കഴിഞ്ഞപ്പോള്‍ ഇന്ദ്രന്‍സ് എന്ന വ്യക്തിയോടുള്ള സ്‌നേഹം കൂടി എന്നാണ് കുറേയാളുകള്‍ പറയുന്നത്. ഈ സീന്‍ ഡിലീറ്റാക്കിയത് നന്നായി അല്ലെങ്കില്‍ ശ്രീനാഥ് ഭാസിയെ എല്ലാരും പിന്നേം പ്രാകും, ഇതൊക്കെ എന്തിനാ ഡിലീറ്റാക്കിയത് തുടങ്ങിയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമിനെ അഭിനന്ദിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ എത്തിയിരുന്നു. മഹാമാരിക്കാലത്ത് താന്‍ കണ്ട ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്നാണ് ഹോം എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

ഹോമിനെ അഭിനന്ദിച്ചുകൊണ്ട് പ്രിയദര്‍ശന്‍ അയച്ച ടെക്സ്റ്റ് മെസേജ് ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവാണ് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. ഈ അഭിനന്ദനം തന്നെ ഏറെ സന്തോഷവാനാക്കിയെന്നാണ് വിജയ് ബാബു എഴുതിയത്

ആഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഹോമിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റോജിന്‍ തോമസ് തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ഇന്ദ്രന്‍സായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

മഞ്ജു പിള്ള, കൈനകരി തങ്കരാജ്, ശ്രീനാഥ് ഭാസി, നസ്ലന്‍, ദീപ തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Home movie deleted scene

We use cookies to give you the best possible experience. Learn more