അഖിലേഷ് യാദവിനുള്ള ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന് നല്‍കിപ്പോന്ന ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അഖിലേഷ് യാദവിനൊപ്പം തന്നെ നിലവില്‍ വി.ഐ.പി സുരക്ഷ നല്‍കിപ്പോരുന്ന ചില നേതാക്കളുടെ കൂടി സുരക്ഷ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കേന്ദ്ര സായുധ പൊലീസ് സേനയ്ക്ക് കീഴില്‍ വി.ഐ.പി സംരക്ഷണം നല്‍കുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിച്ചിരുന്നു. വിഷയത്തില്‍ സമഗ്ര അവലോകനം നടത്തിയതിന് ശേഷമാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അഖിലേഷ് യാദവിന് നല്‍കുന്ന എന്‍.എസ്.ജി സുരക്ഷ പിന്‍വലിക്കാനാണ് തീരുമാനം. നിലവില്‍ അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയൊന്നും ഇല്ലെന്ന അനുമാനത്തെ തുടര്‍ന്നാണ് ഇത്. – മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ അഖിലേഷിന് നിലവില്‍ ലഭിക്കുന്ന സംസ്ഥാന പൊലീസ് സേനയുടെ സുരക്ഷ തുടര്‍ന്നും ഉണ്ടാകും.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2012 ലാണ് അഖിലേഷിന് വി.ഐ.പി സുരക്ഷ നല്‍കുന്നത്. 22 എന്‍.എസ്.ജി കമാന്‍ഡോകളായിരുന്നു സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്.
അതേസമയം അഖിലേഷ് യാദവിന്റെ പിതാവ് മുലായം സിങ് യാദവിന് നല്‍കുന്ന എന്‍.എസ്.ജിയുടെ ബ്ലാക്ക് കാറ്റ് സുരക്ഷ തുടരും. ബി.എസ്.പി അധ്യക്ഷ മായാവതിയ്ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമാണ് നിലവില്‍ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, അസ്സം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനാവാള്‍, ആന്ധ്രാ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഫാറൂഖ് അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ക്കും നിലവില്‍ ഇസെഡ്പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്.