വിദേശസഹായം സ്വീകരിക്കാനുള്ള ക്രിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
national news
വിദേശസഹായം സ്വീകരിക്കാനുള്ള ക്രിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th September 2020, 6:21 pm

ന്യൂദല്‍ഹി: വിദേശസഹായം സ്വീകരിക്കാനുള്ള ക്രിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കി. നാല് കിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍ സാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയത്.

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് പ്രകാരം ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സാണ് റദ്ദാക്കിയത്. വിദേശസഹായം സ്വീകരിക്കാന്‍ എ ന്‍.സി.ആര്‍.എ) ലൈസന്‍സ് നിര്‍ബന്ധമാണ്.

ജാര്‍ഖണ്ഡ്, മണിപ്പൂര്‍, മുംബൈ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സംഘടനകളുടെ ലൈസന്‍സുകളാണ് നിലവില്‍ റദ്ദാക്കിയത്. എന്നാല്‍ ലൈസന്‍സ് റദ്ദാക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇതിന് പുറമെ യു.എസ് അടിസ്ഥാനമായുള്ള സെവന്‍ത് ഡേ അഡൈ്വന്റിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവ നിരീക്ഷണത്തിലാണെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രാലയം വിശദമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഏപ്രില്‍, സെപ്റ്റംബര്‍ മാസത്തില്‍ മുംബൈയില്‍ വെച്ച് ഈ സംഘടനകള്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്രംഗദള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരം യോഗങ്ങളില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ബജ്രംഗദള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

ഈ നാല് സംഘടനകളും നിരവധി വര്‍ഷങ്ങളായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നവയാണ്. 1964 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ദി ന്യൂ ലൈഫ് ഫെലോഷിപ്പ് അസോസിയേഷന്റെ ലൈസന്‍സ് കഴിഞ്ഞ ഫെബ്രുവരി മാസം 10ാം തിയതി റദ്ദാക്കിയിരുന്നു. മതപരിവര്‍ത്തനം ആരോപിച്ചുള്ള പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

1964 ല്‍ ന്യൂസിലന്റില്‍ നിന്നും എത്തിയ മിഷണറിമാരാണ് ഇന്ത്യയില്‍ ന്യൂലൈഫ് ചര്‍ച്ച് ആരംഭിക്കുന്നത്. 1910 ല്‍ ഇന്ത്യയിലെത്തിയ മിഷണറിയാണ് ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ രൂപം നല്‍കിയത്. 1952 മുതല്‍ മണിപൂരില്‍ നിന്ന് ഈ സംഘടന പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

അതേസമയം ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഇതുവരെ സംഘടനകളൊന്നും പ്രതികരിച്ചിട്ടില്ല. ലൈസന്‍സ് റദ്ദാക്കല്‍
രാജ്നന്ദഗാവ് കുഷ്ഠ രോഗ ആശുപത്രി, ഡോണ്‍ ബോസ്‌കോ ട്രെബല്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

മതപരിവര്‍ത്തനം നടത്തുന്നെന്ന പരാതിക്ക് പിന്നാലെ 2017 ല്‍ യു.എസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘടനയായ കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന ഇന്ത്യയിലുള്ള പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. എഫ്.സി.ആര്‍.എ നിര്‍ദേശപ്രകാരമായിരുന്നില്ല സംഘടന പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന രാജീവ് മെറിഷി പ്രതികരിച്ചത്.

അതേവര്‍ഷം തന്നെ ബ്ലൂംബെര്‍ഗ് ഫിലാന്‍ത്രോപീസ് എന്ന അമേരിക്കന്‍ കമ്പനിയില്‍ നിന്നും സഹായം സ്വീകരിക്കുന്ന രണ്ട് എന്‍.ജി.ഒകളുടെ ലൈസന്‍സ് കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയും റദ്ദാക്കിയിരുന്നു.

നിലവിലെ കണക്കനുസരിച്ച് 22457 എന്‍.ജി.ഒകളും സംഘടനകളുമാണ് എഫ്.സി.ആര്‍.എക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 20674 എന്‍.ജി.ഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. 6702 സംഘടനകളുടേത് കൂടി റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Home Ministry Suspends FCRA Licenses of Four Christian Associations