ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ നടന്ന ആക്രമണങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബംഗാളിലെ ബഷീര്‍ഹട്ടിലും, നോര്‍ത്ത് 24 പാര്‍ഗനാസിലും ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാനും ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവ് അംഗം മുകുള്‍ റോയ് കേന്ദ്ര മന്ത്രിക്ക് സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്.
എന്നാല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലെ അനാവശ്യമായി ഇടപെടലാണെന്ന് ബംഗാള്‍ മന്ത്രി ജ്യോതി പ്രിയ മല്ലിക് കുറ്റപ്പെടുത്തി.
‘സംസ്ഥാനത്തെ ക്രമസമാധാനം ഭരണഘടന നിഷ്‌കര്‍ഷിച്ച പ്രകാരമാണ്, കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ല. കേന്ദ്ര മന്ത്രി ബി.ജെ.പിയുടെ ആഭ്യന്തരമന്ത്രി അല്ലെന്നും, രാജ്യത്തിന്റെതാണെന്നും ഓര്‍ത്താല്‍ നന്ന്’- മല്ലിക് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനം ഭരണം ലഭിച്ചത് പോലെയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്ന് തൃണമൂലിന്റെ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജി കുറ്റപ്പെടുത്തി. ‘ചില സീറ്റുകളില്‍ വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടാവാം, എന്നാല്‍ തൃണമൂലിന് തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും വലിയ വോട്ട് ഷെയര്‍. പ്രതീക്ഷ നശിച്ച് അവര്‍ ആക്രമണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്’- ചാറ്റര്‍ജി പറയുന്നു.