| Friday, 3rd December 2021, 3:00 pm

ആഭ്യന്തരവകുപ്പിന്റെ നയസമീപനങ്ങള്‍ കേരളത്തെ ചോരക്കളമാക്കുന്നു; വി.എം. സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവുന്നത് ആഭ്യന്തരവകുപ്പിന്റെ തെറ്റായ നയസമീപനങ്ങള്‍ കാരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്ന് ഉണ്ടാകുന്ന ദുസ്ഥിതിയാണ് കേരളത്തിലുള്ളതെന്നും മനുഷ്യ ജീവന് ഒരു വിലയുമില്ലാത്ത ദുരവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം നടത്തിയവരെയും കൊലപാതകത്തിന് നേതൃത്വം നല്‍കുന്നവരെയും ശിക്ഷിക്കാന്‍ സാധിക്കുന്നില്ലെന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സുധീരന്‍ പറഞ്ഞു.

പെരിയ ഇരട്ടകൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് തടയിടാന്‍ പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്തു കൊണ്ട് സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയതിന്റെ തെളിവ് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും പൊലീസില്‍ പോലും കുറ്റവാളികള്‍ പെരുകി വരുന്നതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പൂണമായും പരാജയപ്പെട്ടെന്നും സുധാരന്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ തെറ്റായ നയസമീപനങ്ങള്‍ തിരുത്തണമെന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ചോരകളമാക്കുന്ന സാഹതര്യം ഇല്ലാതാക്കണമെങ്കില്‍ ജനാധിപത്യ വിശ്വാസികളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അത്യന്തം നിര്‍ഭാഗ്യകരവും അങ്ങേയറ്റം അപലപനീയവും അതീവ ദുഃഖകരവുമായ രാഷ്ട്രീയകൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് തിരുവല്ല പെരിങ്ങര സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റേത്. ആര്‍.എസ്.എസ്സുകാരാണ് ഇതിന്റെ പിന്നിലുള്ളതെന്ന് സി.പി.എം. ആരോപിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പാലക്കാട് എലപ്പുള്ളി സ്വദേശിയും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ സഞ്ജിത് കൊലചെയ്യപ്പെട്ടത്. എസ്.ഡി.പി.ഐ.കാരാണ് ഇതിനുത്തരവാദികളെന്ന് ബി.ജെ.പി. ആരോപിക്കുന്നു.

ഇതേസമയം തന്നെയാണ് പെരിയ ഇരട്ടക്കൊലപാതകകേസില്‍ സി.പി.ഐ.എം.പ്രവര്‍ത്തകരെ സി.ബി.ഐ. അറസ്റ്റു ചെയ്തത്. മുന്‍ എം.എല്‍.എ. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സി.ബി.ഐ. അന്വേഷണത്തിന് തടയിടാന്‍ പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്തു കൊണ്ട് സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയതിന്റെ പൊരുള്‍ സംശയാതീതമായി ഇതോടെ വ്യക്തമായിരിക്കുകയാണ്.

രാഷ്ട്രീയകൊലപാതകങ്ങള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി ഉണ്ടാകുന്ന ദുസ്ഥിതിയാണ് കേരളത്തിലുള്ളത്. മനുഷ്യജീവന് തെല്ലും വിലയില്ലാത്ത, നാടിനപമാനകരമായ ദുരവസ്ഥ. അക്ഷരാര്‍ത്ഥത്തില്‍ കേരളം കൊലക്കളമായി മാറിയിരിക്കുകയാണ്.

സംഘര്‍ഷങ്ങളും അക്രമങ്ങളും യഥാസമയം തടയുന്നതിനോ കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിന്റെ പിടിയില്‍ പൂര്‍ണ്ണമായി കൊണ്ടുവരുന്നതിനോ അര്‍ഹമായ നിലയില്‍ ശിക്ഷിക്കപ്പെടുന്നതിനോ കഴിയുന്നില്ലെന്ന സാഹചര്യമാണ് സംസ്ഥാനത്തു നിലനില്‍ക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും വ്യാപകമാകുന്നു. പോലീസിലാകട്ടെ ക്രിമിനലുകളുടെ എണ്ണം പെരുകിവരുന്നു. കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയും അത് തുടരുന്നത് നിരര്‍ത്ഥകമാണെന്നു വന്നിരിക്കുന്നു. കേരളം രാഷ്ട്രീയ കുരുതിക്കളമായി മാറ്റിയത് ആഭ്യന്തരവകുപ്പിന്റെ തെറ്റായ നയസമീപനങ്ങളും പ്രവര്‍ത്തന രീതിയുമാണ്. ഇതെല്ലാം അടിമുടി തിരുത്തപ്പെടണം. യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും വേണം.

അതിനു കഴിയുന്ന സാഹചര്യം ഒരുക്കിയില്ലെങ്കില്‍ കേരളം ക്രിമിനലുകളുടെ സ്വന്തം നാട് എന്ന നിലയിലാകുമെന്ന ആശങ്കയാണ് സാര്‍വത്രികമായി വളര്‍ന്നു വന്നിട്ടുള്ളത്. കേരളത്തെ ചോരക്കളമാക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തില്‍ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിന് സമാധാനകാംഷികളായ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അസാധാരണ സാഹചര്യമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തിയേ മതിയാകൂ..ഈ ചോരകളി അവസാനിപ്പിക്കണം…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Home Ministry policy approaches make Kerala a bloodbath; V.M. Sudheeran

We use cookies to give you the best possible experience. Learn more