'തേജ് ബഹദൂറിന്റെ 17% ഫേസ്ബുക്ക് സുഹൃത്തുക്കളും പാകിസ്ഥാനികള്‍: ഇതിലെത്രഐ.എസ്.ഐ ചാരന്മാരുണ്ടെന്ന് ആര്‍ക്കറിയാം' ബി.എസ്.എഫ് ജവാനെതിരെ ഗുരുതര ആരോപണങ്ങളുമായി ആഭ്യന്തര മന്ത്രാലയം
India
'തേജ് ബഹദൂറിന്റെ 17% ഫേസ്ബുക്ക് സുഹൃത്തുക്കളും പാകിസ്ഥാനികള്‍: ഇതിലെത്രഐ.എസ്.ഐ ചാരന്മാരുണ്ടെന്ന് ആര്‍ക്കറിയാം' ബി.എസ്.എഫ് ജവാനെതിരെ ഗുരുതര ആരോപണങ്ങളുമായി ആഭ്യന്തര മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th February 2017, 1:53 pm

തേജ് ബഹദൂറിനെ അജ്ഞാതകേന്ദ്രത്തില്‍ ബി.എസ്.എഫ് ഒളിപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.

ന്യൂദല്‍ഹി: സൈനിക ക്യാമ്പുകളില്‍ ജവാന്മാര്‍ക്ക് നല്ല ഭക്ഷണംപോലും ലഭിക്കുന്നില്ലെന്ന് തുറന്നുകാട്ടിയ ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആഭ്യന്തര മന്ത്രാലയം.

തേജ് ബഹദൂര്‍ യാദവിന് പാകിസ്ഥാനില്‍ 500ഓളം സുഹൃത്തുക്കളുണ്ടെന്നും അതില്‍ ഐ.എസ്.ഐ ചാരന്മാരുമുണ്ടാവാമെന്നൊക്കെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. അദ്ദേഹത്തിന്റെ പേരില്‍ 39 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും അതുവഴിയാണ് എല്ലാ വിവാദങ്ങളും സജീവമായി നിലനിര്‍ത്തുന്നതെന്നും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു.

” തേജ് ബഹദൂര്‍ യാദവിന്റെ അക്കൗണ്ട് വിശദമായി പരിശോധിച്ചാല്‍ മനസിലാവും അദ്ദേഹത്തിന്റെ 17% ഫേസ്ബുക്ക് സുഹൃത്തുക്കളും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. ഇതിലെത്രപേര്‍ക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് ആര്‍ക്കറിയാം. അദ്ദേഹത്തിന്റെ പേരില്‍ 39 വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അതുവഴിയാണ് ഈ വിവാദങ്ങളെല്ലാം സജീവമായി നിലനിര്‍ത്തുന്നത്.” ആഭ്യന്തരമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

തേജ് ബഹദൂറിനെ അജ്ഞാതകേന്ദ്രത്തില്‍ ബി.എസ്.എഫ് ഒളിപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.

ജവാന്മാര്‍ക്ക് അനുവദിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കുകയാണെന്നും ജവാന്മാര്‍ക്ക് കൃത്യമായി ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നുമാണ് തേജ് ബഹദൂര്‍ യാദവ് തെൡവുസഹിതം തുറന്നുകാട്ടിയത്. നിയന്ത്രണ രേഖയ്ക്കരികില്‍ പോസ്റ്റു ചെയ്ത സമയത്തായിരുന്നു തേജ് ബഹദൂര്‍ ഇക്കാര്യം തുറന്നുകാട്ടുന്ന സെല്‍ഫി വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

വീഡിയോ വൈറലായതോടെ ബി.എസ്.എഫിനെതിരെ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാല്‍ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും വെളിപ്പെടുത്തലിന്റെ പേരില്‍ തേജ് ബഹദൂറിനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.