| Thursday, 4th December 2014, 11:29 am

നാദാപുരം പീഡനം: അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നില്‍ ആഭ്യന്തര മന്ത്രിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാദാപുരം: എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ആഭ്യന്തര മന്ത്രിയും. കേസ് ക്രൈംബ്രാഞ്ചിന് വിട്ടത് പോലീസ് രണ്ടുതട്ടിലായതിനാലാണെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാദം അടിസ്ഥാന രഹിതമാണന്ന് തെളിഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറിയും മതപണ്ഡിതനുമായ പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതെന്നാണ് എ.ഡി.ജി.പിയുടെ ഉത്തരവിലുള്ളത്.

കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കഴിഞ്ഞദിവസം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, അഭ്യന്തര മന്ത്രി തുടങ്ങിയവരെ കണ്ട് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ആ സമയത്താണ് ആഭ്യന്തര മന്ത്രി പോലീസ് രണ്ട് തട്ടിലായതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് വിശദീകരണം നല്‍കിയത്.

എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ വാദത്തിന് വിരുദ്ധമായാണ് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയെ മോശക്കാരിയായി ചിത്രീകരിച്ച് പ്രസംഗിച്ച കേസില്‍ പ്രതിയായ പേരോടിന്റെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതെന്ന റിപ്പോര്‍ട്ട് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കൂടാതെ വിവാദ പ്രസംഗത്തിന്റെ പേരില്‍ പേരോടിനെ പ്രതിയാക്കി വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും ക്രൈംബ്രാഞ്ചിന് വിട്ടിട്ടുണ്ട്.

പീഡനവുമായി ബന്ധപ്പെട്ട അന്തര സംഭവങ്ങളില്‍ കുറ്റാരോപിതനായ പ്രതിയുടെ പരാതിയില്‍ കേസന്വേഷണ ഏജന്‍സിയെ തന്നെ ആഭ്യന്തര വകുപ്പ് വാറ്റിയതില്‍ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആശങ്കയിലാണ്.

നാദാപുരം ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ നാദാപുരം സി.ഐ. എ.എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കൊന്നും അന്വേഷണത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ അഭിപ്രായവ്യത്യാസങ്ങളില്ല. കുട്ടികളുടെ ബന്ധുക്കളും പ്രദേശത്തെ സര്‍വ്വകക്ഷി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞിട്ടുമുണ്ട്.

പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. ഇവരെ തൊട്ടുകാണിക്കുകയും പയ്യോളി മജിസ്‌ട്രേറ്റിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇവര്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായി സൈബര്‍ സെല്‍ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

കേസിന്റെ ചുമതലയില്ലാത്ത താമരശേരി ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ. എബ്രഹാമിന് മാത്രമാണ് കേസന്വേഷണത്തില്‍ അഭിപ്രായ വ്യത്യാസമുള്ളത്. കേസ് അട്ടിമറിക്കുന്നതിനായാണ് ജെയ്‌സണ്‍ കെ. എബ്രഹാം നാദാപുരത്തെത്തിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സ്‌കൂള്‍ ബസ് ക്ലീനറാണ് പ്രതിയെന്ന ഇയാളുടെ വാദമാണ് ആഭ്യന്തര മന്ത്രി അംഗീകരിക്കുന്നത്. സ്‌കൂളിലെ ബസ് ക്ലീനര്‍ കുറ്റസമ്മതം നടത്തിയതിന്റെ രേഖകള്‍ പോലീസിന്റെ കയ്യിലുണ്ടെന്നും കുട്ടിയുടെ മൊഴി പ്രകാരമാണ് ജയിലില്‍ കഴിയുന്ന രണ്ടുപേരെ അറസ്റ്റുചെയ്തതെന്നുമാണ് ചെന്നിത്തലയുടെ വാദം. എന്നാല്‍ മുനീറിന്റെ കുറ്റസമ്മത മൊഴി പോലീസ് മര്‍ദ്ദനത്തിന്റെ ഫലമാണെന്ന് ആരോപണമുണ്ട്. ഉന്നത ബന്ധമുള്ള പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് മുനീറിനെ പ്രതിയാക്കുന്നതെന്നും കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആരോപിച്ചിരുന്നു.

കേസില്‍ മുനീറിനെ വീണ്ടും പ്രതിയാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ബുധനാഴ്ച പ്രചാരണം വന്നിരുന്നു. ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതിനിടെ, മുനീറിനെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴുള്ള രംഗങ്ങളടക്കം ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തായതായി റിപ്പോര്‍ട്ടുണ്ട്. കസ്റ്റഡിയില്‍ ക്രൂരപീഡനത്തിന് വിധേയനായതായി മുനീര്‍ പരാതിപ്പെട്ടിരുന്നു. നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതായും മുനീര്‍ പ്രതികരിച്ചിരുന്നു. ഈ രംഗങ്ങളെല്ലാം ചിത്രീകരിച്ച സീഡിയാണ് പുറത്തായത്. സീഡി പുറത്തായതില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി. പി.എച്ച് അശ്‌റഫ് അറിയിച്ചു.

We use cookies to give you the best possible experience. Learn more