ന്യൂദൽഹി: മണിപ്പൂരിലെ രൂക്ഷമായ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ഇരട്ട എൻജിൻ സർക്കാർ പരാജയപ്പെട്ടെന്നും മണിപ്പൂരിലെ അശാന്തിക്ക് കാരണം അമിത് ഷാ ആണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
‘ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെട്ടു. മണിപ്പൂരിലെ അശാന്തിക്ക് ആഭ്യന്തരമന്ത്രി ഉത്തരവാദിയാണ്. അമിത് ഷാ രാജിവെക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം മണിപ്പൂരിലെ നിലവിലെ അവസ്ഥക്ക് കാരണം അമിത് ഷാ ആണ്, ‘ അദ്ദേഹം പറഞ്ഞു. ദൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം നടക്കുന്ന പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപബാധിത സംസ്ഥാനം സന്ദർശിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മണിപ്പൂരിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണണമെന്നും ദേശീയ തലത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
‘2023 മെയ് മൂന്ന് മുതൽ മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു, പ്രസംഗങ്ങൾ നടത്തി. പക്ഷേ മണിപ്പൂർ സന്ദർശിക്കാൻ സമയം കണ്ടെത്തിയില്ല. പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനും രാഷ്ട്രീയ പാർട്ടികൾ, രാഷ്ട്രീയക്കാർ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ എന്നിവരെ കാണാനും സമയം കണ്ടെത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം,’ ജയറാം രമേശ് പറഞ്ഞു.
2022ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 60ൽ 32 സീറ്റും ലഭിച്ചെങ്കിലും 15 മാസത്തിനുള്ളിൽ മണിപ്പൂർ കത്തിയെരിയാൻ തുടങ്ങി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാനവും കേന്ദ്രസർക്കാരും അക്രമം വർധിപ്പിക്കുകയാണ് ചെയ്തതെന്ന് ജയറാം രമേശ് പറഞ്ഞു.
‘മണിപ്പൂരിൻ്റെ വേദന രാജ്യത്തിൻ്റെ വേദനയാണ്. 300ലധികം ആളുകൾ മരിക്കുകയും 60,000ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. ഇരട്ട എൻജിൻ സർക്കാരിൻ്റെ സമ്പൂർണ പരാജയമാണിതിൽ നമുക്ക് കാണാൻ സാധിക്കുക,’ അദ്ദേഹം പറഞ്ഞു.
300ഓളം പേർ കൊല്ലപ്പെടുകയും 60,000ത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്ത മെയ്തി-കുക്കി സംഘർഷത്തിൽ മണിപ്പൂർ കഴിഞ്ഞ വർഷം മെയ് മുതൽ ജ്വലിച്ചുനിൽക്കുകയാണ്. സൈന്യം ഉൾപ്പെടെയുള്ള സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടായിട്ടും ഇടയ്ക്കിടെ അക്രമ സംഭവങ്ങൾ തുടരുകയാണ്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ സംഘർഷം ആരംഭിച്ചതു മുതൽ മെയ്തി ആധിപത്യമുള്ള ഇംഫാൽ താഴ്‌വര കുക്കി ആധിപത്യമുള്ള പ്രദേശങ്ങളിൽ നിന്ന് വിഭജിക്കപ്പെട്ടിരുന്നു.
നേരത്തെ അജ്ഞാത മൃതദേഹം കണ്ടെത്തിയ മലയോര ജില്ലയായ ജിരിബാമിൽ കോൺഗ്രസിൻ്റെയും ബി.ജെ.പിയുടെയും ഓഫീസുകൾ ആൾക്കൂട്ടം അടിച്ചുതകർത്തതിനെ തുടർന്ന് സംസ്ഥാനത്ത് അക്രമം തുടരുകയാണ്.
അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിൽ പ്രകോപിതരായ ജനക്കൂട്ടം മൂന്ന് ബി.ജെ.പി നിയമസഭാംഗങ്ങളുടെ വസതികൾക്ക് തീയിട്ടതിന് ശേഷമാണ് സംഭവങ്ങൾ ഉണ്ടായത്.
Content Highlight: Home minister Shah responsible for Manipur crisis, must resign: Congress