ന്യൂദല്‍ഹി: ലൈംഗികാരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് സമരക്കാരായ ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി വൈകിയാണ് അമിത് ഷായുടെ വസതിയില്‍ സമരക്കാര്‍ എത്തിയതെന്നും ബ്രിജ് ഭൂഷണെതിരായ കേസില്‍ വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ അവരുടെ റെയില്‍വേ ജോലികളില്‍ പുനഃപ്രവേശിച്ചെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യസഭാ എം.പി കപില്‍ സിബലും തിങ്കളാഴ്ച രാവിലെ ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഗുസ്തി സമരം ആരംഭിച്ച ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു അനുഭാവപൂര്‍ണമായ സമീപനം താരങ്ങള്‍ക്ക് നേരെ ഉണ്ടാകുന്നത്. ഗുസ്തി താരങ്ങളുടെ വാക്കുകള്‍ക്ക് അമിത് ഷാ ശ്രദ്ധ നല്‍കിയെന്നും രാത്രി വൈകിയും ചര്‍ച്ച നീണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി ബജ്‌റംഗ് പൂനിയ വെളിപ്പെടുത്തി. സര്‍ക്കാരിന്റെ അവഗണനയിലും പൊലീസ് നടപടികളിലും മനംനൊന്ത് താരങ്ങള്‍ മെഡലുകള്‍ ഗംഗയിലെറിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹരിദ്വാറില്‍ എത്തിയ താരങ്ങളെ പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ല.
ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മണിപ്പൂരിലായിരുന്ന അമിത് ഷാ ദല്‍ഹിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.