| Tuesday, 6th August 2019, 4:16 pm

അമിത് ഷാ പറയുന്നത് പച്ചകള്ളം; താന്‍ വീട്ടുതടങ്കലില്‍; പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും ഫാറൂഖ് അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അപ്രഖ്യാപിത വീട്ടുതടങ്കലിലാണ് താന്‍ ഉള്ളതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള.വീടിന് മുന്‍പില്‍ പൊലീസ് സന്ദര്‍ശകരെ നിയന്ത്രിക്കുന്നുണ്ടെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

എന്നാല്‍ ഫാറൂഖ് അബ്ദുള്ളയെ തടവില്‍ വെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.
എന്നാല്‍ താന്‍ തടവില്‍ തന്നെയാണെന്നും ആഭ്യന്തരമന്ത്രി ഇങ്ങനെ കള്ളം പറയുന്നതില്‍ ദു:ഖമുണ്ടെന്നും ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു.

” ആഭ്യന്തര മന്ത്രി കള്ളം പറയുകയാണ്. എന്റെ ആഗ്രഹപ്രകാരമല്ല ഞാന്‍ ഈ വീട്ടില്‍ ഇപ്പോള്‍ ഇരിക്കുന്നത്. വീടിന് പുറത്തിറങ്ങാന്‍ എന്നെ അനുവദിക്കുന്നില്ല. വീടിന് മുന്‍പില്‍ ഡി.എസ്.പിയെ നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങള്‍ വീട്ടുതടങ്കലിലാണ്. ആരേയും വീടിന് അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.

ഈ രാജ്യത്തുനിന്നും കശ്മീരിനെ വേര്‍പെടുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ക്ക് ബഹുമാനം വേണം, ഞങ്ങള്‍ക്ക് അന്തസ്സ് വേണം- ടൈംസ് നൗവിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഫാറൂഖ് അബ്ദുള്ള ഇന്ന് ലോക്സഭയില്‍ ഹാജരായിരുന്നില്ല. ഫാറൂഖ് അബ്ദുള്ളയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.

കശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല തുടങ്ങിയ നേതാക്കളെല്ലാം വീട്ടുതടങ്കലില്‍ ആയിരുന്നു.

എന്നാല്‍ അപ്പോഴും ഫാറൂഖ് അബ്ദുള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നില്ല. രണ്ടു ദിവസമായി കശ്മീരില്‍ നിന്നുള്ള വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന ഉത്തരവും അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കവെ ഡി.എം.കെ എം.പി ടി.ആര്‍ ബാലുവും ദയാനിധി മാരനുമാണ് ഫാറൂഖ് അബ്ദുള്ള എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞത്.

‘എന്റെ സുഹൃത്ത് ഫാറൂഖ് അബ്ദുള്ള എവിടെയാണെന്ന് എനിക്കറിയില്ല. വീട്ടുതടങ്കലിലാണോ അല്ലയോ എന്നറിയില്ല. എവിടെയാണ് ഒമറും മെഹ്ബൂബയും? ഞങ്ങള്‍ക്കറിയില്ല.’- ഫാറൂഖ് അബ്ദുള്ള സഭയില്‍ എത്താതിരുന്നതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ബാലു പറഞ്ഞു.

‘ ഈ സഭയിലെ ഒരു അംഗമായ ഫാറൂഖ് അബ്ദുള്ളയെ കാണാനില്ല. അദ്ദേഹത്തെ അറസ്റ്റു ചെയ്തോ. ഞങ്ങള്‍ക്ക് ഒരു സൂചനയുമില്ല. ഒരു സ്പീക്കര്‍ എന്ന നിലയില്‍ നിങ്ങള്‍ അംഗങ്ങളെ സംരക്ഷിക്കണം. നിങ്ങള്‍ നിഷ്പക്ഷനാവണം’- ദയാനിധി മാരന്‍ പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി നിലനിര്‍ത്തുന്നതിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിക്കണമെന്ന് അഗസ്റ്റ് നാലിന് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഫറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം.

കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരും പാകിസ്താനും വിട്ടുനില്‍ക്കണമെന്ന് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. കശ്മീരിലേക്ക് അസാധാരണമാം വിധം സുരക്ഷാ സേനകളെ വിന്യസിച്ചതും ഭീകര ഭീഷണിയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചതും ആശങ്കയുണ്ടാക്കുന്നതാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more