സോസ് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് ഇന്ന്. വീടുകളിലും ഹോട്ടലുകളിലും കൂള്‍ബാറുകളിലുമെല്ലാം ഇന്ന് താരം തക്കാളി സോസാണ്. എന്നാല്‍ ഇതേ സോസ് മായം കലര്‍ന്നതാണ് എന്ന വാര്‍ത്തകളും നേരത്തെ വന്നിരുന്നു. സോസിന്റെ വിലയും സാധാരണക്കാരെ ഇതില്‍ നിന്ന് അകറ്റുന്നുണ്ട്.പക്ഷേ വളരെ എളുപ്പത്തില്‍ മായമില്ലാത്ത തക്കാളി സോസ് വീട്ടിലുണ്ടാക്കാം
ആവശ്യമുള്ള വസ്തുക്കള്‍
തക്കാളി – 1/2 കിലോ
വിനാഗിരി – 500 മില്ലി
ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂണ്‍
കിസ്മിസ് – 2 ടീസ്പൂണ്‍
ഗ്രാമ്പൂ – 3 എണ്ണം
പഞ്ചസാര – 100ഗ്രാം
വെളുത്തുള്ളി – 8 അല്ലി
മുളക് – 10 എണ്ണം
കറുവപ്പട്ട ഒരു കഷണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അതിലേക്ക് ഉപ്പ്, പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ക്കുക. മയം വരുന്നതുവരെ ചെറുതീയില്‍ വേവിച്ച് അടുപ്പില്‍ നിന്ന് വാങ്ങി വെക്കുക.
തുടര്‍ന്ന് മുളക്, കിസ്മിസ്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അല്പം വിനാഗിരി ഒഴിച്ച് മിക്‌സിയില്‍ അരച്ച് എടുക്കണം. ബാക്കിയുള്ള വിനാഗിരിയും പഞ്ചസാരയും ചെറുതീയില്‍ ഉരുക്കി എടുക്കുക.
നേരത്തെ വേവിച്ച തക്കാളി തൊലി മാറ്റി മിക്സിയില്‍ അരച്ച് അരിപ്പയില്‍ അരിച്ചെടുക്കുക. ഇതില്‍ നേരത്തെ തയ്യാറാക്കി വെച്ച് അരപ്പുകൂട്ട് ചാലിക്കുക. ഇതിലേക്ക് പഞ്ചസാര സിറപ്പ് ചേര്‍ക്കുക.
തുടര്‍ന്ന് ചെറു ചൂടില്‍ ഇളക്കുക. തണുത്ത ശേഷം കുപ്പിയില്‍ ആക്കാം.