നെയ്യാറ്റിന്‍കര: രണ്ട് മാസമായി ശമ്പളം കിട്ടാത്തതില്‍ മനം നൊന്ത് താല്‍ക്കാലിക ഹോം ഗാര്‍ഡ് ആത്മഹത്യ ചെയ്തു. തന്റെ ആത്മഹത്യക്ക് കാരണം മുഖ്യമന്ത്രിയാണെന്ന് എഴുതിയ കുറിപ്പ് ഹോം ഗാര്‍ഡിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെടുത്തു. ഹോം ഗാര്‍ഡിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ബഹളം വെച്ചത് സംഘര്‍ഷത്തിനിടയാക്കി.
തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് നെയ്യാറ്റിന്‍കര സ്വദേശി സജീവാണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസമായി ഇദ്ദേഹത്തിന് ശമ്പളം ലഭിച്ചിട്ട്. മൃതദേഹത്തിലെ വസ്ത്രത്തില്‍ നിന്ന് നാട്ടുകാരാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. താന്‍ മരിക്കാന്‍ തീരുമാനിച്ചിരിക്കയാണെന്നും വീട്ടിലുള്ളവര്‍ക്ക് അതില്‍ പങ്കില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. “രണ്ട് മാസമായി തനിക്ക് ശമ്പളം ലഭിച്ചിട്ട്. ജോലി തരാമെന്ന് പറഞ്ഞ് തന്നെ പറ്റിക്കുകയായിരുന്നു. മരണത്തിന് കാരണം മുഖ്യമന്ത്രിയാണ്. പണമില്ലാത്തതിനാല്‍ തന്റെ മകള്‍ക്ക് ബി.ബി.എ പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല”- തുടങ്ങിയ കാര്യങ്ങളാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുള്ളത്.
മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് നാട്ടുകാര്‍ ഇടപെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ട്ം നടത്തണമെന്നും ആര്‍.ഡി.ഒ സ്ഥലത്തെത്തണമെന്നും ആവശ്യപ്പെട്ട് ബഹളം വെച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.