| Monday, 7th September 2020, 1:52 pm

പൊലീസ് ഉടുത്തത് ആര്‍.എസ്.എസിന്റെ കാക്കി ട്രൗസറല്ലെന്ന് പറയാന്‍  ആഭ്യന്തര വകുപ്പിന് ത്രാണിയുണ്ടാവണം

ഡോ. ആസാദ്

ചവിട്ടിത്താഴ്ത്തപ്പെടുന്നവന്റെ സുവിശേഷമാണ് ഓണമെന്നു പറഞ്ഞാല്‍ പൊലീസ് പിടികൂടുമോ? സ്റ്റേഷനില്‍ വെച്ചു മാപ്പു പറയിക്കുമോ? അതിന്റെ വീഡിയോ എടുത്ത് സംഘപരിവാരത്തിന് കാമ്പെയിന്‍ നടത്താന്‍ പൊലീസ് വിട്ടു കൊടുക്കുമോ?

ഇതു കേരളമാണ് എന്നു പറഞ്ഞ അഭിമാനം ഏതു പാതാളത്തിലിരിക്കുന്നു? നമ്മുടെ അധികാരികളെവിടെ? ജനാധിപത്യ ഭരണകൂടം എവിടെ? പൊലീസ് സ്റ്റേഷനുകള്‍ സംഘ പരിവാര ഫാഷിസ്റ്റുകള്‍ക്കു തീറെഴുതിയോ?

ഞാനുറക്കെത്തന്നെ പറയുന്നു: ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം. വിഭജനങ്ങളും വേര്‍തിരിവുകളും സംഘര്‍ഷങ്ങളും നിലനിര്‍ത്തി സമത്വ സ്വപ്നങ്ങളെ വെല്ലുവിളിക്കുന്ന സകല വാമനാധികാര അശ്ലീല രൂപങ്ങള്‍ക്കുമുള്ള താക്കീതാണ് ഓണം. വന്നു മാപ്പു പറയിപ്പിക്കാന്‍ ആവുമോ നിങ്ങള്‍ക്ക്? അഥവാ, നിങ്ങളാരാണ്? കഥകള്‍ക്കും കിനാവുകള്‍ക്കും അതിരിടുന്ന ഏതധികാരത്തിന്റെ അധമ രൂപങ്ങളാണ്?

ആ കഥ എത്ര വിശദീകരിച്ചാലും എത്ര മാറ്റി മാറ്റി വ്യാഖ്യാനിച്ചാലും ഒരു സത്യം മാഞ്ഞു പോവില്ല. സമത്വ ജീവിതത്തിന്റെ ദര്‍ശനങ്ങളെ ചവിട്ടിയാഴ്ത്തിയ പൂണൂല്‍ ധിക്കാരത്തിന്റെ ചരിത്രഛേദമാണത്. അതു നല്‍കുന്ന പാഠം ‘വീണ്ടെടുക്കണം കൊള്ളയടിക്കപ്പെട്ട സകല അവകാശങ്ങളും’ എന്ന നിശ്ചയമാണ്. ഏതു തലമുറകള്‍ പിന്നിടുമ്പോഴും അഭിമാനവും ആര്‍ജ്ജവവുമുള്ള മനുഷ്യര്‍ സമത്വത്തിന്റെ പതാകകള്‍ തേടും. അതിനൂര്‍ജ്ജം നല്‍കാന്‍ മഹാബലിക്കഥ ബാക്കി നില്‍ക്കും.

ദാനം നല്‍കിയവരുടെ ‘വിശുദ്ധി’യോ ദാനം വാങ്ങിയവരുടെ ‘സ്വഭാവദൂഷ്യ’മോ കഥയില്‍ തേടുന്നവരുണ്ട്. ദാനം എന്ന വാക്കുതന്നെ മനുഷ്യര്‍ കുഴിച്ചു മൂടിയിട്ട് കാലം ഏറെയായി. ആരുടെയും ഔദാര്യമല്ല ജനാധിപത്യ അവകാശമാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ദാനം നല്‍കാന്‍ ആരും പിറക്കുന്ന നേരത്ത് ഒന്നും കൊണ്ടു വന്നിട്ടില്ല. എല്ലാവരുടേതുമായ എന്തെങ്കിലും വെട്ടിപ്പിടിച്ചു വീതിച്ചു ദാനവിശുദ്ധി പ്രകടിപ്പിക്കേണ്ട കാര്യമെന്ത്? മഹാബലിയുടെ കഥയില്‍ എല്ലാവര്‍ക്കും എല്ലാം ഉണ്ടായിരുന്നു. അവിടെ ദാനമെന്ന പദം ഉണ്ടായിരിക്കാന്‍ ഇടയില്ല.

പൊതുസമ്പത്ത് ഒരു ന്യൂനപക്ഷം അവകാശമാക്കുന്ന കാലത്തു മാത്രം പിറവിയെടുക്കുന്ന ദുഷ്പദമാണ് ദാനം. അങ്ങനെയുള്ള കാലത്ത് ദാനത്തമ്പുരാന്മാര്‍ ശിങ്കിടിപ്പാട്ടുകള്‍ കൊണ്ടു വിശുദ്ധരാവില്ല. പാട്ടുത്സവംകൊണ്ടു വാഴ്ത്തപ്പെടുകയില്ല. അതുകൊണ്ട് ഓണക്കഥയില്‍ വാങ്ങുന്നവന്‍ കൊടുക്കുന്നവനോടു കാണിച്ച വകതിരിവില്ലായ്മയുടെ മുഖമല്ല വാമനന്റേത്. ദാനമാവശ്യമില്ലാത്ത സമത്വകാലത്തെ ചവിട്ടിയാഴ്ത്തിയ കൊടുംചതിയുടെയും വര്‍ഗചൂഷണത്തിന്റെയും മുഖമാണത്.

സംഘപരിവാരങ്ങളിപ്പോള്‍ ഓണക്കഥയെ പൊലീസ് കേസാക്കുന്നു! കഥ ക്രമസമാധാന പ്രശ്‌നമാക്കുന്നു! കഥയുടെ കാക്കിക്കാവി വ്യാഖ്യാനങ്ങളുടെ ആധികാരികത അതിന്റെ പൂണൂല്‍ പ്രാമാണ്യത്തോടെ അടിച്ചേല്‍പ്പിക്കുന്നു. യോഗി ആദിത്യ നാഥല്ല ഇവിടത്തെ മുഖ്യമന്ത്രിയെന്ന് നാമെങ്ങനെയാണ് തീര്‍ച്ചപ്പെടുത്തേണ്ടത്?

ചവിട്ടിത്താഴ്ത്തപ്പെടുന്നവന്റെ സുവിശേഷമാണ് ഓണമെന്ന് പറഞ്ഞതിന് ഒരു അദ്ധ്യാപികയെ സ്റ്റേഷനില്‍ കയറ്റി മാപ്പു പറയിപ്പിച്ച സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നു. സര്‍ക്കാര്‍ അവരോടു മാപ്പ് ചോദിക്കണം. പൊലീസ് ഉടുത്തത് ആര്‍ എസ് എസ്സിന്റെ കാക്കി ട്രൗസറല്ലെന്ന് പറയാന്‍ ആഭ്യന്തര വകുപ്പിന് ത്രാണിയുണ്ടാവണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sangh Parivar forces a teacher from Kottayam to read out apology in the Police station and uploaded the video in social media claiming her Onam wishes hurt Hindu feelings

ഡോ. ആസാദ്

We use cookies to give you the best possible experience. Learn more