| Wednesday, 19th November 2014, 11:49 am

രജനികാന്തിന് ഗോവ ഫിലിംഫെസ്റ്റില്‍ ആദരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.എഫ്.എഫ്.ഐയില്‍ സ്‌പെഷല്‍ സെന്റനറി അവാര്‍ഡ് നല്‍കിയ ആദരിക്കാന്‍ പോകുകയാണ് കോളിവുഡ് സൂപ്പര്‍താരം രജനികാന്തിനെ. നവംബര്‍ 20ന് ഗോവയില്‍ നടക്കുന്ന ഫെസ്റ്റിവെലിലാണ് രജനിക്ക് ഈ പുരസ്‌കാരം സമര്‍പ്പിക്കുക.

എന്നാല്‍ ഫെസ്റ്റിവെലിന് മുമ്പേ തന്നെ ഗോവയിലെ പ്രധാന നിരത്തുകളെല്ലാം രജനിമയമാണ്. രജനിയുടെ സൂപ്പര്‍ഹീറോ വസ്ത്രത്തിലുള്ള പോസ്റ്ററുകള്‍ ഗോവയില്‍ മിക്കയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

പ്രത്യേക വിമാനത്തില്‍ വ്യാഴാഴ്ച രജനികാന്ത് ഗോവയിലെത്തുമെന്ന് ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ പറഞ്ഞു. സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് രജനിയെ ഗോവ ഫെസ്റ്റിവെലില്‍ ആദരിക്കുന്നത്.

ഫെസ്റ്റിവെലിന്റെ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ പങ്കെടുക്കും. പനാജിക്ക് സമീപമുള്ള ഡോ. ശര്‍മ്മ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടക്കുക.

കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ചടങ്ങിലെ മുഖ്യാതിഥി. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ചടങ്ങില്‍ പങ്കെടുക്കും. പ്രമുഖ ചലച്ചിത്രതാരം അനുപം ഖേറും, നടി രവീണ ടണ്ടനുമാണ് പരിപാടിയുടെ അവതാരകരായെത്തുന്നത്.

സിനിമകളുടെ പബ്ലിക് സ്‌ക്രീനിങ് സമ്പ്രദായം പുനരാരംഭിച്ചിട്ടുണ്ടെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രീതി നിര്‍ത്തലാക്കിയിരുന്നു. റിച്ചാര്‍ഡ് ആന്റര്‍ബര്‍ഗിന്റെ “ഗാന്ധി”യാണ് പബ്ലിക് സ്‌ക്രീനിങ്ങിന്റെ ഉദ്ഘാടന ചിത്രം.

ഡി.ബി ബണ്ഡോദ്കര്‍ സ്‌റ്റേഡിയത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. എല്ലാദിവസവും ഒരു പ്രമുഖ ചിത്രമാണ് പൊതുവായി പ്രദര്‍ശിപ്പിക്കുക. ഇതിലൂടെ സാധാരണക്കാരെക്കൂടി ഫെസ്റ്റിവെലിന്റെ ഭാഗമാക്കാന്‍ സാധിക്കുമെന്നും ഫെസ്റ്റിവെല്‍ ഡയറക്ടര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more