നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൂല്യമുള്ള താരമാണ് പ്രഭാസ്. രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ ഇമേജ് സൃഷ്ടിക്കാന്‍ പ്രഭാസിനായി. ബാഹുബലി 2 മുതല്‍ക്കിങ്ങോട്ട് പ്രഭാസ് നായകനായ എല്ലാ ചിത്രങ്ങളും ആദ്യദിനം തന്നെ 100 കോടി നേടിയിരുന്നു. ഡിസാസ്റ്റര്‍ റിവ്യൂ ലഭിച്ച സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങളും ഇതില്‍പ്പെടും. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കല്‍ക്കി 2898 എ.ഡി 1000 കോടി നേടിയതോടെ പ്രഭാസിന്റെ സ്റ്റാര്‍ വാല്യു വീണ്ടും ഉയര്‍ന്നു.
എന്നാല്‍ പ്രഭാസിന് 2028 വരെ ഡേറ്റ് ഉണ്ടാകില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാലോകത്ത് നിന്ന് പുറത്തുവരുന്നത്. കന്നഡയിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ ഹോംബാലെ ഫിലിംസുമായി മൂന്ന് ചിത്രങ്ങള്‍ക്ക് പ്രഭാസ് കരാറൊപ്പിട്ടു എന്നാണ് വാര്‍ത്തകള്‍. ഹോംബാലെ ഫിലിംസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സലാറിന്റെ രണ്ടാം ഭാഗമാണ് ഈ ലിസ്റ്റിലെ ആദ്യ ചിത്രം. 2023ല്‍ റിലീസായി വന്‍ വിജയമായ ചിത്രമായിരുന്നു സലാര്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും പ്രധാനവേഷത്തിലെത്തിയിരുന്നു.
500 കോടിക്കുമുകളിലാണ് സലാര്‍ കളക്ട് ചെയ്തത്. അടുത്ത വര്‍ഷം പകുതിയോടെ സലാര്‍ 2വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സലാര്‍ 2വിന് ശേഷം പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രവും പിന്നീട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമാകും ഹോംബാലെ ഫിലിംസിനോടൊപ്പം പ്രഭാസ് ചെയ്യുക എന്നാണ് റൂമറുകള്‍.
നിലവില്‍ മൂന്ന് ചിത്രങ്ങളുടെ പണിപ്പുരയിലാണ് പ്രഭാസ്. മാരുതി സംവിധാനം ചെയ്യുന്ന രാജാസാബാണ് ഇതില്‍ ആദ്യത്തേത്. ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്. 2025 ജനുവരിയില്‍ രാജാസാബ് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
സീതാരാമത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഫൗജിയാണ് ലിസ്റ്റില്‍ രണ്ടാമത്തേത്. ചിത്രത്തിന്റ ആദ്യ ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2025ന്റെ അവസാനം ഫൗജി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അനിമലിന് ശേഷം സന്ദീപ് വാങ്കാ റെഡ്ഡി സംവിധാനം ചെയ്യുന്ന സ്പിരിറ്റാണ് ലിസ്റ്റില്‍ ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്ന ചിത്രം. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പ്രഭാസ് സ്പിരിറ്റില്‍ അവതരിക്കുന്നത്. 2026ലാകും സ്പിരിറ്റ് ബിഗ് സ്‌ക്രീനിലെത്തുക.
Content Highlight: Hombale Films signed three projects with Prabhas