| Sunday, 13th October 2019, 8:05 pm

വിശുദ്ധ പട്ടമെല്ലാം കിട്ടിയല്ലോ, മറിയം ത്രേസ്യ ഇനി ആരേയും ചികിത്സിക്കരുത്; ഐ.എം.എ സംസ്ഥാന സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മറിയം ത്രേസ്യയുടെ വിശുദ്ധ നാമകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ തൃശുര്‍ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകന്‍ ഡോ. വി.കെ. ശ്രീനിവാസന്റേയും ഭാര്യ ഡോ. അപര്‍ണ ഗുല്‍വാഡിയുടേയും നടപടിയില്‍ സോഷ്യല്‍മീഡിയയില്‍ ഐ.എം.എ ക്കെതിരെ വന്‍ പ്രതിഷേധം. ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടല്‍ മൂലമെന്ന് ഡോക്ടര്‍ വി.കെ. ശ്രീനിവാസന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെയാണ് ഡോ. ശ്രീനിവാസനും ഐ.എം.എയ്ക്കുമെതിരെ പ്രതിഷേധമുയര്‍ന്നത്. പ്രതിഷേധം കനത്തതോടെ പ്രതികരണവുമായി ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി നൂഹു രംഗത്തെത്തി.

”അക്യൂട്ട് റെസ്പേറ്ററി ഫെയിലിയര്‍ ”എന്ന് പറയുന്ന രോഗത്തിന് അത്ഭുത ചികിത്സ നല്‍കിയ മറിയം ത്രേസ്യ എന്റെ പ്രൊഫസറായി വന്നില്ലല്ലോ എന്നുള്ളതോര്‍ത്ത് ഞാന്‍ അതിയായി ഖേദിക്കുന്നു. ഒരു നിമിഷത്തെ പ്രാര്‍ത്ഥന കൊണ്ട് പെട്ടെന്ന് രോഗശാന്തി വരുത്തുവാനായ ആ അത്ഭുത കരങ്ങള്‍ നീണാല്‍ വാഴട്ടെ.’

സുല്‍ഫി നൂഹുവിന്റെ കുറിപ്പ്:

വിശുദ്ധ പട്ടമെല്ലാം കിട്ടിയല്ലോ, അഭിനന്ദനങ്ങള്‍

”അക്യൂട്ട് റെസ്പേറ്ററി ഫെയിലിയര്‍ ”എന്ന് പറയുന്ന രോഗത്തിന് അത്ഭുത ചികിത്സ നല്‍കിയ മറിയം ത്രേസ്യ എന്റെ പ്രൊഫസറായി വന്നില്ലല്ലോ എന്നുള്ളതോര്‍ത്ത് ഞാന്‍ അതിയായി ഖേദിക്കുന്നു. ഒരു നിമിഷത്തെ പ്രാര്‍ത്ഥന കൊണ്ട് പെട്ടെന്ന് രോഗശാന്തി വരുത്തുവാനായ ആ അത്ഭുത കരങ്ങള്‍ നീണാല്‍ വാഴട്ടെ.

ഒരു ചെറിയ ഉപദേശം തരാനുണ്ട്. ഇനി ആരേയും ഇങ്ങനെ ചികിത്സിക്കരുത്. ഇങ്ങനെയൊക്കെ ചികിത്സിച്ചാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെല്ലാം അങ്ങ് രക്ഷപ്പെട്ടുപോകും. പിന്നെ നാടായ നാടുള്ള ഈ ആശുപത്രികളും, മെഡിക്കല്‍ കോളേജുകളും, ഡോക്ടര്‍മാരുമൊക്കെ പട്ടിണിയിലുമായി പോകും.

അത് കൊണ്ട് എല്‍കെജി മുതല്‍ എംബിബിഎസിന്റെ ഒന്നാം വര്‍ഷത്തില്‍ തുടങ്ങി ഏതാണ്ട് പത്ത് വര്‍ഷം കഠിനാദ്ധ്വാനം ചെയ്ത് നേടിയ ഞങ്ങളുടെ വിജ്ഞാനമൊക്കെ കാറ്റില്‍ പറന്ന് പോകും. അത് കൊണ്ട് പ്രിയ മറിയം ത്രേസ്യ. താങ്കല്‍ക്ക് കിട്ടിയ വിശുദ്ധ പദവി ഭദ്രമായി സൂക്ഷിച്ച് വെയ്ക്കൂ.

ഞങ്ങളെ ഉപദ്രവിക്കരുത്.

കേരളത്തില്‍ ഉടനീളം അത്ഭുത ചികിത്സയും ,വ്യാജ ചികിത്സയും വളര്‍ന്ന് പന്തലിച്ച് ഒരു വലിയ ആല്‍മരമായി മാറിയിക്കുകയാണ്,
അതിനിടയിലാണ് കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയ ക്രിസ്ത്യന്‍ സഭയുടെ ഈ തിരുത്തല്‍ വാദം.

കേരളത്തിലെ ഏറ്റവും നല്ല ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും , സ്‌കൂളുകളും നടത്തുന്ന അഭ്യസ്ഥവിദ്യര്‍ ധാരാളമുള്ള സഭാ മേലധികാരികളുടെ ഭാഗത്ത് നിന്നും ഈക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടാകുന്നത് വളരെ നല്ലകാര്യമാണ്.
കേരളത്തില്‍ ഏതാണ്ട് ആയിരത്തിലേറെ വ്യാജ ഡോക്ടര്‍മാര്‍ മനുഷ്യ ജീവനുകളെ വെല്ലുവിളിച്ച് കൊണ്ട് തിമിര്‍ത്ത് ആടുമ്പോള്‍ ആണ് ഈ പ്രകടനവും കൂടിയെന്ന് ഓര്‍മ്മവേണം. പണ്ട് കാലത്തൊക്കെ ഇത്തരം അത്ഭുത രോഗശാന്തിയൊക്കെ വിശ്വസിച്ചിരുന്നവര്‍ ഉണ്ടാകും. ഇപ്പോഴും ചിലരൊക്കെ ഈ രീതിയില്‍ തന്നെ വിശ്വാസ പ്രമാണങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഭാ മേലധാകാരികളോട് ഒരു അഭ്യര്‍ത്ഥന മാത്രം. വിശുദ്ധ പദവിയും മറ്റും നല്‍കാന്‍ മറ്റ് എന്തെങ്കിലും മാനദണ്ഡങ്ങള്‍ പുനര്‍ നിര്‍ണയം ചെയ്യണം .

തൊട്ട് തലോടി പ്രാര്‍ത്ഥിച്ചപ്പോള്‍ അക്യൂട്ട് റെസ്പറേറ്ററി ഫൈലിയര്‍ എന്ന ഗുരുതരരോഗം മാറി എന്ന് കരുതുന്നത് ശുദ്ധ ഭോഷകതരമാണ്.

. ആധുനിക വൈദ്യശാസ്ത്രശാഖയുടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടി ചികിത്സയുടെ ഫലമായി സാധാരണ ഗതിയില്‍ ഉണ്ടാകുന്ന ആരോഗ്യസ്ഥിതിയിലെ പുരോഗതിയാണ് അഞ്ച് മിനിട്ടിലെ ”ചികിത്സ” കൊണ്ട് നിങ്ങല്‍ തട്ടിയെടുത്ത് കളഞ്ഞത്. ഇത് അന്തവിശ്വാസങ്ങളുടെ കടുത്ത ഏടുകളിലേക്ക് നമ്മെ തള്ളിവിടും.

ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ജാതി മത വ്യത്യാസം ഇല്ല എന്ന കാര്യം വളരെ പ്രസക്തവുമാണ്.

ഇസ്ലാമിലെ ചേലാകര്‍മ്മം അപൂര്‍വം ചിലടത്തൊക്കെ ഉണ്ട് .

ഓതി കൊടുക്കലും എഴുതി കൊടുക്കലും അപൂര്‍വമായി കാണുന്നു.

ഈക്കാലഘട്ടത്തിലും ചില ഇസ്ലാം വിശ്വാസികള്‍ പള്ളിയിലെ വിദഗ്ധനെ കൊണ്ടു സുന്നത്ത് ചെയ്യിക്കല്‍ തുടരുന്നുണ്ട്

ഹിന്ദു മതത്തിലെ ദുരാചാരങ്ങള്‍ പലതും ഇപ്പോഴും തുടരുന്നു .

കാലഘട്ടത്തിനനുസരിച്ച് മതാചാരങ്ങളിലും വിശ്വാസങ്ങളിലും മാറ്റം ഉണ്ടാകേണ്ടതാണെന്ന അടിസ്ഥാന തത്വം മറന്ന് കൊണ്ട് ഒരു മതവിശ്വാസിയും പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ പൊതു സമൂഹം അംഗീകരിക്കും എന്ന് കരുതാനും കഴിയില്ല.

കാലം മാറുന്നതിനനുസരച്ച് മതവിശ്വാസങ്ങളും മാറ്റപെടേണ്ടതാണ് കുറച്ചെങ്കിലും.

ഒട്ടും മാറാതെ ശിലായുഗത്തിലെ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തിയാല്‍ സ്വന്തം മതസ്ഥര്‍ തന്നെ അതിനെതിരെ വടിവാളോങ്ങും.

പിന്നെ ഒരുകാര്യം

ഞാനും ധാരാളം രോഗികള്‍ക്കു രോഗശാന്തി വരുത്തിയിട്ടുണ്ട്. ആ കണക്കു ലക്ഷങ്ങള്‍ക്കു മേലില്‍ വരും.

അപ്പൊ പിന്നെ എന്നെയും കൂടി വിശുദ്ധനാക്കാമോ ? എന്ന് കുറിച്ച് നിര്‍ത്തുന്നു

ഡോ സുല്‍ഫി നൂഹു

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more