| Saturday, 31st August 2013, 6:57 pm

വിശുദ്ധ പശു; അവിശുദ്ധ അജണ്ട

ഡൂള്‍ന്യൂസ് ഡെസ്‌ക്

പശുവിറച്ചി തിന്നുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ലോകത്തെ സകല ജീവജാലങ്ങളും നമ്മക്കു തിന്നാന്‍ വേണ്ടി പടച്ചോന്‍ ഉണ്ടാക്കിത്തന്നതാണെന്നു വിശ്വസിച്ചതു കൊണ്ടൊന്നുമല്ല,പക്ഷെ ഇത്തരം ഫാസിസത്തോടു എതിരിടാനുള്ള മാര്‍ഗ്ഗം അതു തന്നെയാണ് .



 |എസ്സേയ്‌സ്| ആല്‍ക്കെമിസ്റ്റ്|


Most important symptoms Of Fascism –
Fascist regimes tend to make constant
use of patriotic mottos, slogans, symbols, songs, and other paraphernalia.

ഫാസിസ്റ്റ് ചിന്താ പദ്ധതികള്‍ക്കു  അടിസ്ഥാനപരമായ ചില പൊതുരൂപങ്ങളുണ്ട്. മൗലികമായ  ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും  ദേശീയവല്‍ക്കരിക്കുക എന്നതാണ് അതില്‍  ഏറ്റവും പ്രധാനപ്പെട്ടത്. ജര്‍മ്മനിയില്‍ നാസി ദേശീയതയുടെ കാലത്തു അതിന്റെ പ്രധാന ബൗദ്ധിക പ്രചാരണം ഇത്തരം ദേശീയ ചിഹ്നങ്ങളുടെ വ്യാപനത്തിലൂടെയായിരുന്നു..

ഹിന്ദു ഫാസിസത്തെ സംബന്ധിച്ചു അതിനെ ഏറെ അലട്ടുന്ന ഒരു വിഷയമാണ് മതമെന്ന രീതിയിലുള്ള ഒരു ഏകീകരിച്ച ഘടന  ഹിന്ദുമതത്തിനില്ലാത്തത് .അത്തരത്തില്‍ ഘടനാ പരമായ സ്വത്വം ലഭ്യമാകണമെങ്കില്‍ ഏകീകരിക്കപ്പെട്ട പ്രതീകങ്ങളും അടിസ്ഥാനങ്ങളും ആവശ്യമാണ്.

നിര്‍ബന്ധബുദ്ധ്യാ പിന്‍പറ്റേണ്ടുന്ന ചില നിയമാ വലികളുണ്ടെങ്കില്‍ മാത്രമേ ഒരു മതത്തിനു അതിന്റെ അപ്രമാദിത്തം നില നിര്‍ത്താനാകൂ. വേറൊരു രീതിയില്‍ പറഞ്ഞാല്‍ സ്വതന്ത്രമായി ചിന്തിക്കാനോ ബുദ്ധിയുപയോഗിക്കാനോ കഴിയാത്ത വിധം നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട തിട്ടൂരങ്ങള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ മതത്തിന്റെ ഘടനാപരമായ  സ്വത്വരൂപീകരണം സാധ്യമാകൂ.

ഹിന്ദുമതത്തിന്റെ സ്ഥായിയായ ബഹുസ്വരത കൊണ്ട് തന്നെ ഈ ഏകീകൃത ഘടനാ രൂപം അപ്രാപ്യമാണ്. സെമിറ്റിക് മതങ്ങളുടെ കടന്നു വരവോടെ, പ്രചാരത്തോടെ ഈയൊരു കുറവ് ഹിന്ദു ഫാസിസത്തെ ഹിന്ദു മതത്തിനു ഏകീകരിക്കപ്പെട്ട ഒരു ഘടനാ രൂപം അനിവാര്യമാക്കുന്നതിന്റെ ആവശ്യകതയെ പറ്റി ചിന്തിപ്പിച്ചു.

ഹിന്ദുമതത്തിനു മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട്. പാമ്പും പഴുതാരയും ഈച്ചയും  വരെ അതിന്റെ ദൈവങ്ങളാണ്. (മധ്യപ്രദേശില്‍ മഖീ മന്ദിറുണ്ട് ,തമിഴ് നാട്ടില്‍ കരിന്തേളിനു കോവിലുമുണ്ട്) അതിന്റെ ബഹുസ്വരത തന്നെയാണ് അതിന്റെ സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും. ഹിന്ദു മതത്തില്‍ നയന്‍ താരയ്‌ക്കോ , നമിതയ്‌ക്കോ പോലും ക്ഷേത്രം പണിയാം.

നിങ്ങള്‍ ഈ ദൈവത്തെ തന്നെ ആരാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ സീറ്റ് കിട്ടില്ലെന്നുള്ള കടുത്ത നിഷ്‌കര്‍ഷയൊന്നുമില്ല ഹിന്ദു മതത്തില്‍. ക്ഷേത്രങ്ങളില്‍ കൃത്യമായി ചെന്നു നിങ്ങളുടെ ആരാധന നടത്തിയില്ലെങ്കില്‍ സാമൂഹ്യ ബഹിഷ്‌കരണവും ഉണ്ടാകില്ല.


ഹൈന്ദവനും അതിഹൈന്ദവനും  എന്ന ലേഖനത്തിന്റെ തുടര്‍ച്ച


ഹിന്ദുവില്‍ അവനവന്‌പോലും വേണമെങ്കില്‍ ദൈവമാകാം. ദൈവ നിരാസത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു മതവുമാണത് . പക്ഷെ ഇങ്ങനെ ഒരു ബഹുസ്വര, സ്വാതന്ത്ര്യത്തില്‍ എങ്ങനെയാണ്  ഹിന്ദു നവോത്ഥാനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഉപകരണങ്ങളാകേണ്ടുന്ന ചിഹ്നങ്ങള്‍  സാധ്യമാകുന്നത് ?.

ഇവിടെയാണ് സെമിറ്റിക് മതങ്ങളെ പോലെ കൃത്യമായ ഏകീകരിക്കപ്പെട്ട മതചിഹ്നങ്ങള്‍, തിട്ടൂരങ്ങള്‍, നിബന്ധനകള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത.

സെമിറ്റിക് മതങ്ങളെ പോലെ ഏകീകരിക്കപ്പെട്ട മത ചിഹ്നങ്ങളില്ലെന്ന അപകര്‍ഷതയ്ക്കുള്ള പ്രതിവിധിയായാണ് രാമക്ഷേത്രവും ഗോമാതാവും ഭഗവദ് ഗീതയും ഗണേശോത്സവവും രക്ഷാ ബന്ധനും ഗംഗാജലവുമൊക്കെ ഹിന്ദു സമൂഹത്തിലേക്കു നിര്‍ബന്ധിതമായി നിഷ്‌ക്രമിപ്പിക്കുന്നത്. കാരണം ഇതിനെ ഏകീകരിക്കപ്പെട്ട ഒരു ഹിന്ദു പ്രതീകമായി ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ മാത്രമേ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ കഴിയൂ.

ഇത്തരത്തില്‍ വിശുദ്ധവല്‍ക്കരിച്ച  ചിഹ്നങ്ങളെ, ആശയങ്ങളെ, പ്രതീകങ്ങളെ ദേശീയമാക്കുക എന്നതാണ് അടുത്ത പടി.  നിഷ്‌കളങ്കവും നിരുപദ്രവുമെന്ന പ്രത്യക്ഷത്തില്‍ തോന്നുന്നതും ഏറ്റവും അപകടകരുവുമായ സംഗതിയാണ് ഗോ മാതാ കണ്‍സെപ്റ്റ് .

ഇതു വളരെ ആസൂത്രിതമായി നടക്കുന്ന ഹിന്ദുത്വ വല്‍ക്കരണമാണ്. ബ്രാഹ്മണിക് ഹിന്ദു വിശ്വാസങ്ങളെ, ബ്രഹ്മണിക് ഹിന്ദു ആശയങ്ങളെ രാജ്യത്തിന്റെ പൊതു നിയമങ്ങളാക്കി തീര്‍ക്കുക എന്നതാണിതിന്റെ പ്രാഥമിക ദൗത്യം.

പക്ഷെ  ഒരു വസ്തുത ഈ ഗോവധ നിരോധനമൊരിക്കലും ഹിന്ദു മത ചരിത്രത്തിന്റെ ഭാഗമായിരുന്നില്ല എന്നതാണ്. (ഭാഗമായിരുന്നേല്‍ ഇങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നൊരര്‍ത്ഥവുമില്ല )

ഇന്ത്യയില്‍ പശു വെറുമൊരു പശുവല്ല അല്ല ,അതിനു  വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ഹിന്ദു ഫാസിസത്തിനു അധികാരം കിട്ടിയാല്‍ അദ്യത്തെ അജണ്ടയാവും ഇന്ത്യയിലാകെ ഗോവധ നിരോധനം ഏര്‍പ്പെടുത്തുക എന്നത്. കര്‍ണ്ണാടകയില്‍ ബി.ജെ.പിക്കു  അധികാരം കിട്ടിയപ്പോള്‍ ഗോവധ നിരോധനം നടപ്പിലാക്കിയത്  ഇതിനുദാഹരണമാണ്.

“ഒരു സാധു ജീവിയെ വെട്ടിക്കൊല്ലരുതെന്നു പറയുന്നതാണൊ ,ഇത്ര അപകടം ? കൊല്ലാനല്ലല്ലോ കൊല്ലരുതെന്നല്ലെ പറയുന്നുള്ളൂ , അതു പോലും അജണ്ടയാണത്രെ അജണ്ട “.  ദാ ഇപ്പോള്‍ നിങ്ങളില്‍ ചിലരെ കൊണ്ടെങ്കിലും ഇങ്ങനെ ചിന്തിപ്പിച്ചില്ലെ അതു തന്നെയാണതിന്റെ അപകടകരമായ രാഷ്ട്രീയം.

വളരെ നിഷ്‌കളങ്കവും ന്യായവുമാണെന്നു തോന്നിപ്പിക്കുന്ന ഒരു കാര്യമാണ്  ഗോ വധ നിരോധനം. അത്  കൊണ്ടു അതു തന്നെയാണ് ഹിന്ദുത്വ വല്‍ക്കരണത്തിന്റെ പ്രിയപ്പെട്ട ആയുധമാകുന്നതും .

ഹിന്ദുസംസ്‌കാരം  അതിന്റെ പൂര്‍വ്വകാല ചരിത്രത്തിലെവിടെയെങ്കിലും ഗോവധം നിരോധിച്ചിരുന്നോ ? ഗോ മാംസം നിഷിദ്ധമാക്കിയിരുന്നോ ? ഹിന്ദു മിത്തുകളില്‍ പലയിടത്തായി പശുവിനെ വിശുദ്ധ മൃഗമായി പരിഗണിക്കുന്നുണ്ടെങ്കിലും (ഹിന്ദു മതത്തിനു ഏത് ജീവിയാണ് വിശുദ്ധമല്ലാത്തത് ?  എലിയും പന്നിയും പഴുതാരയും വരെ അതിന്റെ വിശുദ്ധ പട്ടികയിലുണ്ട് )  ഗോ വധ നിരോധനമൊന്നും പൗരാണിക കാലത്തു  അതിന്റെ ഒരുതരം സങ്കല്പങ്ങളിലുമുണ്ടായിരുന്നില്ല .

പുരാണങ്ങളില്‍ ഗോ മാംസം ഉപയോഗിച്ചതിനുള്ള ശ്ലോകങ്ങളുമുണ്ട്. എത്രയോ ഗോ മേധങ്ങള്‍  നടത്തിയിരുന്നതായി പുരാണത്തില്‍ കഥകളുണ്ട്. സംസ്‌കൃതത്തില്‍ അതിഥിക്കു “ഗോ ഘ്‌നന്‍ ” എന്നൊരു പര്യായം പോലുമുണ്ട് . അതയാത് അതിഥികള്‍ക്കു വിശേഷപ്പെട്ട വിരുന്നൊരുക്കാന്‍ പശുനെ തട്ടി ചാപ്‌സുണ്ടാക്കാറുണ്ടെന്നു തന്നെ.

 മറ്റൊരു ചിഹ്നം തൃശൂലമാണ്,ഹിന്ദു ഫാസിസ്റ്റുകള്‍ മുന്‍ കയ്യെടുത്തു സൃഷ്ടിക്കുന്ന  ഏതൊരു കലാപത്തിലും, ഏതൊരു ആക്രമണത്തിലും  തൃശൂലത്തിന്റെ സാന്നിധ്യം ബോധപൂര്‍വ്വമോ അല്ലാതെയോ ഉണ്ടാകുന്നുണ്ട്.

പത്താം നൂറ്റാണ്ടിലെഴുതപ്പെട്ട ആയുര്‍വേദ ഗ്രന്ഥമായ “അഷ്ടാംഗ ഹൃദയത്തിലും പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട ഭവ പ്രകാശത്തിലും ഗോ മാംസം ശരീര പുഷ്ടിക്കും ദ്രുതഗതിയിലുള്ള പേശീ വളര്‍ച്ചക്കും ഉത്തമമാണെന്നു ആണ് പറയുന്നത്. ഹിന്ദു മതത്തിന്റെ ഒരു ഐക്കോണിക് ഫിഗറായ  വിവേകാനന്ദന്‍ പോലും പശു മാംസം കഴിച്ചിരുന്നു എന്നു മാത്രമല്ല പശു മാംസം കഴിക്കുന്നതിനു വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തിരുന്നു .

പിന്നെ എവിടെ നിന്നു എങ്ങനെയാണ് ഇങ്ങനെയൊരു ഗോ വിശുദ്ധവാദമുടലെടുത്തത്  ?

ഗോവധനിരോധനമെന്ന ആശയത്തിന്റെ ഉല്‍ഭവത്തിനു രണ്ടു പ്രധാന കാരണങ്ങളാണ് തോന്നുന്നത്. വേദിക്  കാലഘട്ടത്തില്‍   പശു വളര്‍ത്തലും ക്ഷീരോല്പാദനവും  മാത്രം തൊഴിലായി അറിയാവുന്ന ബ്രാഹ്മണ സമൂഹത്തിനു  നില നില്‍പ്പിനു വേണ്ടി ഇങ്ങനെയൊരു നിയമം സൃഷ്ടിച്ചെടുക്കേണ്ടത് അനിവാര്യമായി തീര്‍ന്നു.

മറ്റൊന്നു അഹിംസാ മാര്‍ഗ്ഗത്തിലുള്ള ബുദ്ധ  ജൈന മതങ്ങളുടെ വ്യാപനം. ബ്രാഹ്മണ മേല്‍ക്കോയ്മക്കു വലിയ ക്ഷീണം സൃഷ്ടിക്കുന്ന ഈ വ്യാപനത്തിനു  തടയിടേണ്ടത് ബ്രാഹ്മണ ആവശ്യമായിരുന്നു .ഈ രണ്ടു കാരണങ്ങളാകാം വേദിക് കാലഘട്ടത്തില്‍ ഇങ്ങനെയൊരു ഗോ വധ നിരോധനത്തിലേക്കു നയിച്ചിരിക്കുക .

ദളിത് ചിന്തകനായ കാഞ്ച ഐലയ്യ തന്റെ Buffalo Nationalism : A Critique Of Spiritual Fascism എന്ന കൃതിയില്‍ സവര്‍ണ്ണഹിന്ദുത്വ വര്‍ഗ്ഗീയതയുടെ  ജൈവികവും അജൈവികവുമായ ചിഹ്നങ്ങളെ പറ്റി കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

വളരെ യാദൃശ്ചികതയുള്ള ഒരു കാര്യം നാസി ദേശീയതയുടെ അതേ ചിഹ്നമായ “സ്വസ്ഥിക്” തന്നെയാണ് ഹിന്ദു ഫാസിസ്റ്റ് ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടതെന്നതാണ്. ഗോള്‍വാള്‍ക്കറിന്റെ കൃതികളില്‍ ഹിറ്റ്‌ലറോടും നാസി ദേശീയതയുടെ വംശശുദ്ധി ആദര്‍ശങ്ങളോടുമുള്ള ആഭിമുഖ്യം ഇതോടു കൂട്ടിവായിക്കേണ്ടതാണ്.

മറ്റൊരു ചിഹ്നം തൃശൂലമാണ്, അക്രമണോത്സുകമായ ഹിന്ദുത്വത്തിന്റെ അംഗീകൃത പ്രതീകം തന്നെയാണത്.ഹിന്ദു ഫാസിസ്റ്റുകള്‍ മുന്‍ കയ്യെടുത്തു സൃഷ്ടിക്കുന്ന  ഏതൊരു കലാപത്തിലും, ഏതൊരു ആക്രമണത്തിലും  തൃശൂലത്തിന്റെ സാന്നിധ്യം ബോധപൂര്‍വ്വമോ അല്ലാതെയോ ഉണ്ടാകുന്നുണ്ട് .

പക്ഷെ ഹിന്ദു സവര്‍ണ്ണ ഫാസിസത്തിന്റെ നിശബ്ദവും അപകടകരവുമായ ഏറ്റവും വലിയ അജണ്ട അതിന്റെ “ഗോ മാതാവ്  സങ്കല്പം തന്നെയാണ്. ഇന്ത്യയില്‍ ഈ പശുവും ഹിന്ദു ഫാസിസവും തമ്മില്‍ വലിയ ബന്ധമുണ്ട്.

ഈ  “പശുരാഷ്ട്രീയത്തിനു  ” ഒരു ബദലായാണ്   കാഞ്ച ഐലയ്യ എരുമ ദേശീയത[Buffalo Nationalism ]  കൊണ്ടു വരുന്നത് . യഥാര്‍ത്ഥത്തില്‍ ഒരു പ്രധാനകാര്‍ഷിക പ്രധാന വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍  പശുവിനെക്കാളും എന്തു കൊണ്ടും ദേശീയ മൃഗമാക്കാന്‍ അനുയോജ്യം എരുമയാണ.

് എന്നിട്ടും എരുമയെ ദേശീയ ചിഹ്നമായി അവതരിപ്പിക്കാത്തത് അതിന്റെ ബ്രാഹ്മണിക് ആശയങ്ങള്‍ കൊണ്ടാണ്. എരുമ കറുത്തതും പശു വെളുത്തതും ആയതു കൊണ്ട് മാത്രമാണിത്.

ആര്യന്‍ അധിനിവേശ കാലത്തു തന്നെ വെളുപ്പ് ഉല്‍കൃഷ്ടവും കറുപ്പു അധമവുമാണെന്ന ഒരു സങ്കല്പം രൂപീകരിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ പശു വിശുദ്ധിയുടെ കഥ എന്നും അദ്ദേഹം പറയുന്നു .

ഉപജീവനത്തിനു വേണ്ടി പശു വളര്‍ത്തല്‍ നടത്തുന്ന ദളിതനും മുസ്ലീമും അടങ്ങുന്ന  ഭൂരിഭാഗം ദരിദ്രരായ ഇന്ത്യന്‍ കര്‍ഷകര്‍ പാല്‍ വറ്റിക്കഴിഞ്ഞും തുടര്‍ന്നും  നിര്‍ബന്ധിതമായി അതിനെ പോറ്റേണ്ടി വരുന്ന ഒരവസ്ഥ അവരുടെ ഉള്ള ദാരിദ്ര്യത്തെ വര്‍ദ്ധിപ്പിച്ചു കഷ്ടപ്പാടിന്റെ പാരമ്യത്തിലെത്തിക്കാനുമേ സഹായിക്കൂ.

പാലു തരാത്ത പശുവിനെ തുടര്‍ന്നും പരിപാലിക്കുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല, പ്രത്യേകിച്ച് ഇന്ത്യന്‍ ദരിദ്ര കര്‍ഷകര്‍ക്കിടയില്‍. അവരെ കൂടുതല്‍ ദരിദ്രരാക്കുക, അങ്ങനെ അവസാനം ആ  ജീവിയെ പട്ടിണിക്കിട്ടൂ കൊല്ലുക എന്നതില്‍ കവിഞ്ഞു എന്താണ് ഇത്തരം നിര്‍ബന്ധ ബുദ്ധി കൊണ്ട് സാധിക്കുക.

ഭൂരിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗോവധ നിരോധനം നടപ്പാക്കിയിട്ടുണ്ട്. ഈ പശുമാതാവാണ് ഉത്തരേന്ത്യയില്‍ കലാപമുണ്ടാകുന്നതിനുള്ള കാരണങ്ങളിലൊന്ന്. പശുവിനെ സംരക്ഷിക്കാന്‍ മനുഷ്യരെ  എത്ര വേണമെങ്കിലും കൊന്നു തള്ളും.

പക്ഷെ ഇന്നു  പശു ഒരു  ദേശീയ പ്രതീകമാണ്, അല്ലെങ്കില്‍ അങ്ങനെ ആക്കിത്തീര്‍ക്കേണ്ടത് ഹിന്ദു ഫാസിസത്തിന്റെ അനിവാര്യതയാണ്. യഥാര്‍ത്ഥത്തില്‍ പശുവിറച്ചി തിന്നുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ലോകത്തെ സകല ജീവജാലങ്ങളും നമ്മക്കു തിന്നാന്‍ വേണ്ടി പടച്ചോന്‍ ഉണ്ടാക്കിത്തന്നതാണെന്നു വിശ്വസിച്ചതു കൊണ്ടൊന്നുമല്ല,പക്ഷെ  ഇത്തരം ഫാസിസത്തോടു എതിരിടാനുള്ള മാര്‍ഗ്ഗം അതു തന്നെയാണ് .

സമകാലികമായ ഒരവസ്ഥയില്‍  ഈ പശു രാഷ്ട്രീയം വീണ്ടും ശക്തമായി വരുന്നു എന്നതിന്റെ ആദ്യ തെളിവ് കണ്ടത് കര്‍ണ്ണാടകയിലായിരുന്നു. അല്‍ഭുതകരമെന്നു പറയട്ടെ തികച്ചും ഇടതു പക്ഷാഭിമുഖ്യമുള്ള, പുരോഗമനാശയക്കാരെന്നു നടിക്കുന്ന കേരളീയരിലാണ് ആ പരീക്ഷണത്തിന്റെ അടുത്ത ഘട്ടം  നടപ്പിലായത്.

ബീഫും പൊറോട്ടയും ദേശീയ ഭക്ഷണമാക്കിയിരുന്ന കേരളീയ ഹിന്ദുക്കള്‍ പോലും ഇപ്പോള്‍ ഈ വിശുദ്ധി വാദത്തില്‍  “ശരി” യുണ്ടെന്നു വിശ്വസിച്ചു തുടങ്ങുന്നു. കുറച്ചു കാലം മുമ്പ് ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരത്തും പശുക്കളെ കൊന്നിടുന്ന വാര്‍ത്തകള്‍ ഒന്നിലേറെ തവണ വന്നിരുന്നു.പ്രതികളെ പിടിച്ചപ്പോള്‍ അവരെല്ലാവരും ആര്‍.എസ് .എസുകാര്‍.

ഈ സംഭവം വളരെ ആസൂത്രിതമായ ഒന്നായിരുന്നു (പവിത്രമായ ഒന്നിനെ ആക്രമിച്ചു വ്രണപ്പെടുത്തി ഭീതിയും അരക്ഷിതാവസ്ഥയും പരത്തുക എന്നത് വര്‍ഗ്ഗീയതയുടെ ഒരു തന്ത്രമാണ്  ഈയിടെ സ്‌പെഷ്യല്‍ ട്രയിനിങ്ങ് കഴിഞ്ഞ കുറച്ചു  സുഡാപ്പി പിള്ളേര്‍ ആലപ്പുഴയിലോ മറ്റോ പള്ളിക്കു നേരെ കല്ലും സോഡാക്കുപ്പിയും എറിഞ്ഞു പരിശീലിച്ച വാര്‍ത്ത കണ്ടില്ലെ)

ആ വികാരം വ്രണപ്പെടലിന്റെ  പരിണിത ഫലമെന്തായിരുന്നുവെന്നറിയുമോ?. കേരളാ നിയമ സഭയില്‍ ഗര്‍ഭിണി പശുവിനെ കൊല്ലരുതെന്നു ഒരു പ്രമേയം പാസ്സാക്കി. ഇതിലെ ഭീകരമായ തമാശ പാലുല്പാദനത്തിനു തന്നെയാണ് എല്ലാവരും പശുവിനെ വളര്‍ത്തുന്നത് എന്നതാണ്. അപ്പോള്‍ ഗര്‍ഭിണിയായ പശുവിനെ കൊല്ലുക എന്നാല്‍ അതിന്റെ   പ്രൊഡക്റ്റീവിറ്റി ഇല്ലാതാക്കുക എന്നതാണ്. ആ സമയത്തു പശുവിനെ അറക്കാന്‍ കൊടുക്കാന്‍ മാത്രം മന്തന്മാരാരും കാണില്ലല്ലോ.

എന്നിട്ടും ഇങ്ങനൊരു നിയമം പാസ്സാക്കാന്‍ കാരണം ആ വ്രണപ്പെടലിനൊരു പരിഹാരമായാണ്. അതായതു പശു രാഷ്ട്രീയത്തിനു നിശബ്ദമായി തന്നെ ഒരു പൊതുസമ്മതി ലഭിച്ചു കഴിഞ്ഞു. നാളെ ഗര്‍ഭിണി അല്ലാത്ത പശുവിനെ കൊന്നു അമ്പലത്തിലിടാന്‍ തുടങ്ങും. അങ്ങനെ ഗര്‍ഭിണി അല്ലാത്ത പശുവിനേയും കൊല്ലരുതെന്നു പ്രമേയം പാസ്സാക്കിപ്പിക്കണം.

Ref:  Buffalo Nationalism : A Critique Of Spiritual Fascism  by kancha ilayya
Picture courtesy : Google

ആല്‍ക്കെമിസ്റ്റിന്റെ മറ്റു ബ്ലോഗുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more