|

ഫലസ്തീനികൾക്ക് വേണ്ടി ഇനിയും പ്രതിഷേധിക്കും: പൊലീസ് ചോദ്യം ചെയ്യലിന് പിന്നാലെ ഹോളോകോസ്റ്റ് സർവൈവർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഫലസ്തീനികൾക്കുവേണ്ടി ഇനിയും ശബ്ദമുയർത്തുമെന്ന് ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയതിന്  പൊലീസ് ചോദ്യം ചെയ്ത ഹോളോകോസ്റ്റ് സർവൈവർ. ഹോളോകോസ്റ്റ് സർവൈവറായ സ്റ്റീഫൻ കാപോസാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ലണ്ടനിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനത്തിന് പിന്നാലെ പൊതു ക്രമസമാധാന ലംഘനം നടന്നെന്നാരോപിച്ച്   പൊലീസ് നടത്തിയ ചോദ്യം ചെയ്യൽ കഴിഞ്ഞതിന് ശേഷമായിരുന്നു സ്റ്റീഫൻ കാപോസ് തന്റെ നിലപാട് വ്യക്തമാക്കിയത്. 87 വയസുള്ള സ്റ്റീഫന് പിന്തുണയറിയിച്ചുകൊണ്ട് നിരവധിപേർ ലണ്ടനിലെ പൊലീസ് സ്റ്റേഷന് പുറത്ത് ഒത്തുകൂടി.

ചാരനിറത്തിലുള്ള ഓവർകോട്ടും പച്ച സ്കാർഫും ഫ്ലാറ്റ് തൊപ്പിയും ധരിച്ച് ഒരു വടിയുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലേക്ക് കയറുന്ന സ്റ്റീഫന്റെ വീഡിയോ വൈറൽ ആണ്.

സ്റ്റീഫൻ കാപോസിന് പിന്തുണയെന്ന് മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് നിരവധി ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ അവിടെയെത്തി. അവർ ഫലസ്തീൻ പതാകകൾ വീശിയും ഡ്രം മുഴക്കിയും പ്രതിഷേധിച്ചു. അവരിൽ ഒരു ഹോളോകോസ്റ്റ് സർവൈവറും ഹോളോകാസ്റ്റ് അതിജീവിതരുടെ പിൻഗാമികളും ഉണ്ടായിരുന്നു. ‘ഫലസ്തീൻ വംശഹത്യയ്‌ക്കെതിരെ ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ടവരുടെ പിൻഗാമികൾ’ എന്നെഴുതിയ ബാനർ ഉയർത്തി അവർ സ്റ്റീഫനും ഫലസ്തീനും പിന്തുണയറിയിച്ചു.

1937ൽ ബുഡാപെസ്റ്റിൽ ജനിച്ച കപോസ്, രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ക്യാമ്പുകളിൽ മാരകമായ പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. അദ്ദേഹം തന്റെ ബാല്യത്തിന്റെ ഭൂരിഭാഗവും ഒളിവിൽ കഴിയേണ്ടി വന്നു. ഫലസ്തീനെതിരായ ഇസ്രഈൽ യുദ്ധം ആരംഭിച്ചതുമുതൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ദേഹം പതിവായി മാർച്ചുകളിൽ പങ്കെടുക്കാറുണ്ട്.

ഗസയിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ചതിന് കാപോസിനെപ്പോലുള്ളവർ പൊലീസിൽ നിന്ന് പീഡനം നേരിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ലോഡ്സ് ഗെട്ടോയിൽ നിന്നും ബുക്കൻവാൾഡ് കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്നും അതിജീവിച്ച വ്യക്തിയുടെ മകൻ മാർക്ക് എറ്റ്കൈൻഡ് പറഞ്ഞു.

ജനുവരി 18ന് നടന്ന ഫലസ്തീൻ അനുകൂല പ്രകടനവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത നിരവധി പേരിൽ സ്റ്റീഫന് കപോസും ഉൾപ്പെടുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയതിന് നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധക്കാർ വൈറ്റ്ഹാളിൽ നിന്ന് ട്രാഫൽഗർ സ്‌ക്വയറിലേക്കുള്ള പൊലീസ് ലൈനുകൾ ലംഘിച്ച് പ്രകടനം നടത്തിയെന്നും പൊലീസ് ഏർപ്പെടുത്തിയ വ്യവസ്ഥകൾ ലംഘിച്ചതായും പൊലീസ് ആരോപിച്ചു.

ട്രാഫൽഗർ സ്‌ക്വയറിലേക്ക് പൊലീസ് തങ്ങളെ ക്ഷണിച്ചുവെന്നും എന്നാൽ പിന്നീട് തങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് ഫലസ്തീൻ അനുകൂല സംഘടനകൾ പറഞ്ഞു. പ്രതിഷേധ റാലിയിൽ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി ആക്രമിച്ചെന്നും സംഘടന പറഞ്ഞു.

പബ്ലിക് ഓർഡർ ആക്ട് വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് ഇതുവരെ 21 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മെട്രോപൊളിറ്റൻ പൊലീസ് മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു. എന്നാൽ പ്രകടനത്തിന്റെ മുഖ്യ നേതാവായ ക്രിസ് നിനെഹാമും ഫലസ്തീൻ സോളിഡാരിറ്റി കാമ്പെയ്‌നിന്റെ തലവനായ ബെൻ ജമാലും ഈ കുറ്റം നിഷേധിച്ചു.

Content Highlight: Holocaust survivor questioned by police over Gaza protest says he will ‘continue’ to march

Video Stories