പ്രശസ്ത ഹോളിവുഡ് നടനും നിര്‍മാതാവുമായ മൈക്കല്‍ ഡഗ്ലസും ഹോളിവുഡ് നടിയും പങ്കാളിയുമായ കാതറിന്‍ സീറ്റ-ജോണ്‍സും ഇന്ത്യയിലേക്ക്. ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (ഐ.എഫ്.എഫ്.ഐ- 2023) പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്. ഇത്തവണത്തെ ഐ.എഫ്.എഫ്.ഐയിലെ ‘സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്’ മൈക്കല്‍ ഡഗ്ലസിനാണ്.
ഇപ്പോള്‍ ആ ഫിലിം ഫെസ്റ്റിവലില്‍ മൈക്കല്‍ ഡഗ്ലസ് പങ്കെടുക്കുമെന്ന വാര്‍ത്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ എക്സിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. പിന്നാലെ ഇന്ത്യയിലേക്ക് വരുന്നതിന്റെ സന്തോഷം താരം പങ്കുവെക്കുന്നതിന്റെ വീഡിയോ എ.എന്‍.ഐയും പുറത്തുവിട്ടു.
‘ഗോവയിലെ ഫിലിം ഫെസ്റ്റിവലിലെ ‘സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്’ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാനും കാത്തിയും (കാതറിന്‍) അവിടെ വരാന്‍ പോവുകയാണ്. നവംബറില്‍ നിങ്ങളെ കാണാന്‍ കാത്തിരിക്കുകയാണ്,’ മൈക്കല്‍ ഡഗ്ലസ് വീഡിയോയില്‍ പറയുന്നു.
മൈക്കല്‍ ഡഗ്ലസിനെയും കാതറിന്‍ സീറ്റ-ജോണ്‍സിനെയും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. 1987ല്‍ ഇറങ്ങിയ ‘വാള്‍സ്ട്രീറ്റ്’ സിനിമയിലെ നായകനായിരുന്നു മൈക്കല്‍ ഡഗ്ലസ്. രണ്ട് അക്കാദമി അവാര്‍ഡുകള്‍, അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍, ഒരു എമ്മി അവാര്‍ഡ് എന്നിവ നേടിയ മൈക്കല്‍ ഡഗ്ലസ് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ ‘വാള്‍സ്ട്രീറ്റ്’ ഉള്‍പ്പെടെ നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘വണ്‍ ഫ്‌ലൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് (1975)’, ‘ദി ചൈന സിന്‍ഡ്രോം (1979)’, ‘ദ ഗെയിം (1999)’ തുടങ്ങിയ നിരവധി സിനിമകളും നിര്‍മിച്ചിട്ടുണ്ട്.
കാതറിന്‍ സീറ്റ-ജോണ്‍സിനെ മലയാളികള്‍ക്ക് മനസിലാകാന്‍ ‘വെനസ്‌ഡേ (wednesday)’ എന്ന ഒരു സീരിസ് മാത്രം മതി. ആ സീരിസില്‍ മോര്‍ട്ടിഷ്യ ആഡംസ് (morticia addams) എന്ന കഥാപത്രത്തെയാണ് കാതറിന്‍ ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം മകന്‍ ഡിലന്‍ ഡഗ്ലസിനും ഇന്ത്യയിലെത്തും. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.