| Tuesday, 7th June 2022, 4:38 pm

ആര്‍.ആര്‍.ആറിനെ പ്രശംസിച്ച് ഡോക്ടര്‍ സ്‌ട്രെയിഞ്ചിന്റെ എഴുത്തുകാരന്‍; മികച്ച ചിത്രമെന്ന് ട്വീറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.എസ്. രാജമൗലി ചിത്രം ആര്‍.ആര്‍.ആറിനെ( രൗദ്രം രണം രുധിരം) പുകഴ്ത്തി ഹോളിവുഡ് എഴുത്തുകാരന്‍ റോബര്‍ട്ട് കാര്‍ഗില്‍. ഹിറ്റ് ചിത്രം ഡോക്ടര്‍ സ്‌ട്രെയിഞ്ചിന്റെ എഴുത്തുകാരനാണ് റോബര്‍ട്ട് കാര്‍ഗില്‍. ആര്‍.ആര്‍.ആര്‍ കണ്ടെന്നും ചിത്രം അത്ഭുതപ്പെടുത്തിയെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഈ ആഴ്ച തന്നെ ചിത്രം ഒന്നുകൂടി കാണുമെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിചേര്‍ക്കുന്നു.

കാര്‍ഗിലിന്റെ ട്വീറ്റ് ആര്‍.ആര്‍.ആറിന്റെ നിര്‍മാണ കമ്പനിയായ ഡി.വി.വി എന്റര്‍ടൈമെന്റ്‌സും പങ്കുവെച്ചിട്ടുണ്ട്. ഹോളിവുഡ് നിരൂപകര്‍ക്കിടയിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

നോര്‍ത്ത് അമേരിക്കയില്‍ നിന്നും 74 കോടിയാണ് ആര്‍.ആര്‍.ആര്‍ കളക്ട് ചെയ്തത്. റിലീസ് ദിനത്തില്‍ തന്നെ ലോകമെമ്പാടുനിന്നും 223 കോടി നേടിയ ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.

അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ വ്യക്തികളുടെ കഥയാണ് സിനിമയില്‍ പറയുന്നത്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തിയിരുന്ന ചിത്രത്തില്‍ ആലിയ ഭട്ടായിരുന്നു നായിക.

ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിച്ചത്.

Content Highlight : Hollywood movie Doctor Strange screenwritter Robert Cargill has praised Rajamouli’s film R.R.R.

We use cookies to give you the best possible experience. Learn more