മലയാള സിനിമക്ക് അഭിമാനമായി 1979ല്‍ പുറത്തിറങ്ങിയ ജി.അരവിന്ദന്‍ ചിത്രം കുമ്മാട്ടി അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്ന് വിഖ്യാത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി.
കുമ്മാട്ടിയുടെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഫിലിം ഫൗണ്ടേഷന്‍ റീസ്റ്റോറേഷന്‍ സ്‌ക്രീനിങ് റൂമില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്‌കോസെസി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രം അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്നും ഇമ്പമാര്‍ന്നതും ഹൃദയഹാരിയായതെന്നും സ്‌കോസെസി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.
മാര്‍ട്ടിന്‍ സ്‌കോസെസിയുടെ ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്‌ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‌ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചിത്രത്തിന്റെ നവീകരിച്ച 4കെ പതിപ്പ് തയ്യാറാക്കിയിരുന്നു.
4കെ പതിപ്പിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം 2022ലെ കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലാണ് നടന്നത്. കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അരവിന്ദന്‍ സംവിധാനം ചെയ്ത സിനിമയായ കുമ്മാട്ടിക്ക് കാവാലം നാരായണപ്പണിക്കരാണ് കഥയും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. 1979ല്‍ കേരള സര്‍ക്കാരിന്റെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ചിത്രം നേടിയിരുന്നു.
എന്തായാലും കുമ്മാട്ടിയെ കുറിച്ചുള്ള സ്‌കോസെസിയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍. പോസ്റ്റിന് താഴെ നിരവധിപേരാണ് ആഹ്ലാദം പങ്കുവെക്കുന്നത്. ഒപ്പം തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലും വൈറലായി കഴിഞ്ഞു.
ഷട്ടര്‍ ഐലന്‍ഡ് ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ സംവിധായകനാണ് സ്‌കോസെസി. ഹോളിവുഡ് നവതരംഗസിനിമയുടെ ഭാഗമായ സ്‌കോസെസി ഗുഡ്ഫെല്ലാസ്, ദി ഐറിഷ്മാന്‍, ടാക്സി ഡ്രൈവര്‍, കാസിനോ, ദി വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.