| Saturday, 11th September 2021, 11:54 am

അണിയറയില്‍ 'ആറ്റംബോംബ്' ഒരുക്കി നോളന്‍; നിര്‍മ്മാണത്തിനായി മത്സരിച്ച് കമ്പനികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ലോകപ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ. റോബര്‍ട്ട് ഓപ്പന്‍ഹെയ്മറിന്റെ കഥയാണ് പുതിയ ചിത്രത്തില്‍ നോളന്‍ പറയുന്നത്.

കഥയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് കഥാപശ്ചാത്തലമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രോജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പണ്‍ഹെയ്മര്‍. അദ്ദേഹത്തിന്റെ ജീവിതം പ്രധാന പ്രമേയാക്കിയാണ് ചിത്രമെത്തുന്നത്.

നോളന്റെ പുതിയ ചിത്രത്തിനായി നിര്‍മ്മാണ കമ്പനികള്‍ തമ്മില്‍ മത്സരം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്‍സോമിന മുതലുള്ള നോളന്റെ ചിത്രങ്ങളെല്ലാം ഇതുവരെ നിര്‍മ്മിച്ചത് വാര്‍ണര്‍ ബ്രദേഴ്‌സ് ആയിരുന്നു.

എന്നാല്‍ അവസാന ചിത്രമായ ടെനറ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് കമ്പനിയുമായി നോളന് ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ചര്‍ച്ചയില്‍ വാര്‍ണര്‍ ബ്രദേഴ്‌സും മുന്‍പന്തിയിലുണ്ട്. സോണി, യൂണിവേഴ്‌സല്‍, പാരാമൗണ്ട് എന്നീ കമ്പനികളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

നോളന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശാസ്ത്രവും ചരിത്രവും യുദ്ധവും രാഷ്ട്രീയവുമെല്ലാം ഒന്നുച്ചേര്‍ന്നുവരുന്ന കഥാപശ്ചാത്തലത്തെ നോളന്‍ എങ്ങനെയായിരിക്കും അവതരിപ്പിക്കുകയെന്ന് നോക്കിയിരിക്കുകയാണ് സിനിമാലോകം.

ഇന്‍സെപ്ഷനും ഇന്റര്‍സ്റ്റെല്ലാറും ഡണ്‍കിര്‍ക്കും ടെനറ്റുമെല്ലാമൊരുക്കിയ നോളന്‍ തല പുകയ്ക്കുന്ന ഒരു ആറ്റംബോംബുമായി തന്നെ വരുമെന്നാണ് പ്രേക്ഷകരെല്ലാം കരുതുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hollywood director Christopher Nolan working on movie about WWII scientist J Robert Oppenheimer

We use cookies to give you the best possible experience. Learn more