| Tuesday, 6th April 2021, 11:15 pm

ഗേ ആണെന്ന് പറയാന്‍ ഭയക്കുന്ന നാല് നടന്മാരെ എനിക്ക് അറിയാം; ഹോളിവുഡിലെ ഹോമോഫോബിയക്കെതിരെ കേറ്റ് വിന്‍സ്‌ലെറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോളിവുഡിലെ ഹോമോഫോബിയയെ കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത നടിയും ഓസ്‌കാര്‍ ജേതാവുമായ കേറ്റ് വിന്‍സ്‌ലെറ്റ്. സ്വവര്‍ഗാനുരാഗികളാണെന്ന് തുറന്നു പറഞ്ഞാല്‍ ഹെട്രോസെക്ഷ്വലായ റോളുകള്‍ ലഭിക്കില്ലെന്ന പേടി മൂലമാണ് പലരും തങ്ങളുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ വെളിപ്പെടുത്താത്തതെന്ന് കേറ്റ് വിന്‍സ്‌ലെറ്റ് പറഞ്ഞു.

ഗേ അഭിനേതാക്കള്‍ക്ക് സ്‌ട്രെയ്റ്റ് റോളുകള്‍ ചെയ്യാനാകില്ലെന്ന് കരുതുന്നത് പിന്തിരിപ്പന്‍ ചിന്തയാണെന്നും ഇത്തരം ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നത് കുറ്റകൃത്യമായി പരിഗണിക്കണമെന്നും കേറ്റ് പറഞ്ഞു.

‘പ്രശസ്തരായവരും നവാഗതരുമായ ചെറുപ്പക്കാരായ എത്രയോ അഭിനേതാക്കളാണ് അവരുടെ സെക്ഷ്വാലിറ്റി തുറന്നുപറയാന്‍ മടിക്കുന്നതെന്ന് അറിയാമോ?, സെക്ഷ്വാലിറ്റി വെളിപ്പെടുത്തിയാല്‍ പിന്നീട് തങ്ങള്‍ക്കൊരിക്കലും സ്‌ട്രെയ്റ്റ് റോളുകള്‍ ലഭിക്കില്ലെന്ന് ഭയമാണ് അവര്‍ക്ക്,’ കേറ്റ് പറഞ്ഞു.

തനിക്ക് അറിയാവുന്ന, വളരെ പ്രശസ്തനായ ഒരു അഭിനേതാവിന്റെ പുതിയ ഏജന്റ് പറഞ്ഞ കാര്യവും നടി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. ‘നിങ്ങള്‍ ബൈസെക്ഷ്വലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഞാന്‍ അതൊരിക്കലും പുറത്തു പറയില്ല’ എന്നാണ് ഏജന്റ് പറഞ്ഞതെന്ന് കേറ്റ് പറയുന്നു.

‘സെക്ഷ്വാലിറ്റി മറച്ചുവെച്ചിട്ടുള്ള നാലോളം അഭിനേതാക്കളെയെങ്കിലും എനിക്ക് അറിയാം. തുറന്നുപറയാന്‍ അവര്‍ പേടിക്കുന്നത് ഏറെ വേദനാജനകമാണ്. എന്നെ ആളുകള്‍ കണ്ടുപിടിക്കാതിരിക്കണമെന്നാണ് ആഗ്രഹമെന്നാണ് അവരെല്ലാം പറയുന്നത്.

തുറന്നുപറയാന്‍ പുരുഷ അഭിനേതാക്കള്‍ കുറച്ചുകൂടെ ഭയക്കുന്നുണ്ട്. ഗേ ആണെന്നറിഞ്ഞാല്‍ പിന്നീട് നല്ല റോളുകള്‍ ലഭിക്കില്ലെന്ന പേടിയാണവര്‍ക്ക്,’ കേറ്റ് പറയുന്നു.

ചിലര്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ തുറന്നുപറയാതിരിക്കുന്നുണ്ട്. ഇതെല്ലാം അവരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ ഒരിക്കലും ഒരാളുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ അയാള്‍ക്ക് റോളുകള്‍ ലഭിക്കുന്നതിന്റെ മാനദണ്ഡമാകരുതെന്നും കേറ്റ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Hollywood actress Kate Winslet about homophobia and misconceptions in Hollywood

Latest Stories

We use cookies to give you the best possible experience. Learn more