ജസ്റ്റിസ് ലീഗ് റീഷൂട്ട് സെറ്റില്‍ വെച്ച് സംവിധായകന് കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി; മുന്‍ റിപ്പോര്‍ട്ടുകള്‍ ശരി വെച്ച് 'വണ്ടര്‍ വുമണ്‍' ഗാല്‍ ഗദോതിന്റെ വെളിപ്പെടുത്തല്‍
ഹോളിവുഡ് സംവിധായകന് ജോസ് വെഡണില് നിന്നും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് വണ്ടര്‍ വുമണ്‍ നായിക ഗാല്‍ ഗദോത്. 2017ലിറങ്ങിയ ജസ്റ്റിസ് ലീഗിന്റെ ഷൂട്ടിംഗ് സമയത്താണ് ചിത്രത്തിന്റെ സംവിധായകനായ ജോസ് വെഡണ്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ഗാല്‍ പറഞ്ഞു. ഇസ്രാഈലിലെ എന്‍12 ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘എന്റെ കരിയര്‍ നശിപ്പിക്കുമെന്ന് ജോസ് ഭീഷണിപ്പെടുത്തുമായിരുന്നു. ഞാനെന്തെങ്കിലും പുറത്തു പറഞ്ഞാല്‍ എന്റെ സിനിമാ ജീവിതം താറുമാറാക്കുമെന്ന് പറഞ്ഞിരുന്നു. ഞാന്‍ അവിടെ വെച്ച് തന്നെ ആ ഭീഷണികളെ വേണ്ടതുപോലെ കൈകാര്യം ചെയ്തു,’ ഗാല്‍ ഗദോത് പറഞ്ഞു.
ജോസ് വെഡേണ്‍ ഗാല്‍ ഗദോതിനോട് മോശമായി പെരുമാറിയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നടി ആദ്യമായാണ് ഇക്കാര്യം തുറന്നു പറയുന്നത്.
ജോസ് വെഡണ്‍ സെറ്റില്‍ വളരെ മോശമായാണ് അഭിനേതാക്കളോട് പെരുമാറുന്നതെന്ന് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. നടന് റേ ഫിഷറാണ് ആദ്യമായി ഇത്തരത്തിലൊരു തുറന്നു പറച്ചില് നടത്തിയത്.
ജസ്റ്റിസ് ലീഗിലെ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും വളരെ മോശമായ രീതിയിലാണ് ജോസ് വെഡണ്‍ പെരുമാറിയിരുന്നത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഉപദ്രവം നിറഞ്ഞ പെരുമാറ്റമായിരുന്നു ജോസ് വെഡണന്റേതെന്ന് റേ ഫിഷര്‍ പറഞ്ഞിരുന്നു.
ജോസ് വെഡേണിന്റെ മറ്റു സിനിമകളിലെ അഭിനേതാക്കളും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും ഇയാള്‍ക്കെതിരെ നടപടികളുണ്ടാകാത്തത് സത്യത്തില്‍ ഇത്തരം മോശം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.
ജോസ് വെഡേണ്‍ റീഷൂട്ട് ചെയ്ത് 2017ല്‍ ഇറങ്ങിയ ജസ്റ്റിസ് ലീഗ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയുമായിരുന്നു. പിന്നീട് മുന്‍ സംവിധായകന് സാക് സ്നൈഡറിന്റെ വേര്‍ഷന്‍ തന്നെ പുറത്തുവിടണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത കാലത്തായി ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് റിലീസ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക