പാപ്പരാസികള്‍ക്കെതിരെ ആഞ്ഞടിച്ച് ഹോളിവുഡ് താരം ബ്ലാക്ക് ലൈവ്‌ലി. പാപ്പരാസികള്‍ തന്നെയും കുട്ടികളെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ബ്ലേക്ക് ലൈവ്‌ലി തുറന്നുപറഞ്ഞത്.
ബ്ലേക്ക് ലൈവ്‌ലി തന്റെ നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് ഇപ്പോള്‍. നടിക്കും കുടുംബത്തിനും പിന്നാലെ എപ്പോഴും പാപ്പരാസികള്‍ പിന്തുടര്‍ന്നെത്താറുണ്ട്.
നേരത്തെയും ഈ പ്രവണതക്കതിരെ നടി വിമര്‍ശനമുന്നയിച്ചിരുന്നു. ഇത്തവണ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവര്‍ രൂക്ഷമായ പ്രതികരണം നടത്തിയത്.
ഗര്‍ഭിണിയായതിന് ശേഷം താന്‍ എടുത്ത ചില ഫോട്ടോകളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ബ്ലാക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത തന്റെ മക്കളുടെ ചിത്രങ്ങളടക്കം പാപ്പരാസികള്‍ അനുവാദമില്ലാതെ എടുക്കുകയും പബ്ലിഷ് ചെയ്യുകയും ചെയ്യുന്നെന്നാണ് നടി പറയുന്നത്. പരിഹാസ രൂപേണ ചില വാചകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ബ്ലാക്ക് ലൈവ്‌ലിയുടെ പോസ്റ്റ്.
‘റിയല്‍ ലൈഫില്‍ ഗര്‍ഭിണിയായിരിക്കുന്ന എന്റെ കുറച്ച് ചിത്രങ്ങളും കൂടി ഇതിനൊപ്പം ഞാന്‍ വെക്കുന്നുണ്ട്. എന്നാലെങ്കിലും വീടിന് പുറത്ത് ഫോട്ടോക്ക് വേണ്ടി കാത്തുകെട്ടി നില്‍ക്കുന്ന ആ 11 പേര്‍ ഒന്ന് എന്നെ വെറുതെ വിട്ടാല്‍ മതിയായിരുന്നു. നിങ്ങള്‍ എന്നെയും കുട്ടികളെയും ശരിക്കും പേടിപ്പെടുത്തുന്നുണ്ട്. ഇവരൊഴികെയുള്ള എല്ലാവരോടും നന്ദി.
കുട്ടികളുടെ ഫോട്ടോ പങ്കുവെക്കുന്ന അക്കൗണ്ടുകളും പബ്ലിക്കേഷന്‍സും അണ്‍ഫോളോ ചെയ്യുന്ന എല്ലാവരോടും ഒരുപാട് നന്ദി. ഇവര്‍ക്കെതിരെ നമുക്ക് വിജയിക്കാനാകും. എനിക്ക് തരുന്ന സ്‌നേഹത്തിനും ബഹുമാനത്തിനും കൂടി ഞാന്‍ നന്ദി പറയുകയാണ്,’ ബ്ലേക്ക് ലൈവ്‌ലിയുടെ കുറിപ്പില്‍ പറയുന്നു.
നോ കിഡ്‌സ് പോളസി സൂക്ഷിക്കുന്ന മാധ്യമങ്ങള്‍ക്കും നന്ദി. നിങ്ങളാണ് ശരിക്കും മാറ്റങ്ങള്‍ കൊണ്ടുവരുന്നത് -എന്ന് കൂടി പറഞ്ഞുകൊണ്ടാണ് നടി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
സിനിമാതാരങ്ങള്‍ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പാപ്പരാസികള്‍. ബോളിവുഡിലടക്കം നിരവധി അഭിനേതാക്കള്‍ പാപ്പരാസികള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
സെയ്ഫ് അലി ഖാനും കരീന കപൂറിനും മകനുണ്ടായപ്പോള്‍ കുഞ്ഞിന്റെ ചിത്രമെടുക്കാനായി വീട്ടിലേക്ക് എങ്ങെയും കടക്കാന്‍ ശ്രമിച്ച ഒരു പാപ്പരാസി ഫോട്ടോഗ്രാഫറുടെ വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു.
Content Highlight: Hollywood actress Blake Lively against Papparazies