| Friday, 27th May 2022, 11:13 pm

ഭ്രാന്തമായ അനുഭവം; ആര്‍.ആര്‍.ആറിനെ പുകഴ്ത്തി ഹോളിവുഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.എസ്. രാജമൗലി ചിത്രം ആര്‍.ആര്‍.ആറിനെ പുകഴ്ത്തി ഹോളിവുഡ് നടനും തിരക്കഥാകൃത്തുമായ പാറ്റണ്‍ ഒസ്‌വാള്‍ട്ട്. ചിത്രം പരമാവധി ഐമാക്‌സ് ഫോര്‍മാറ്റില്‍ തന്നെ കാണണമെന്ന് അദ്ദേഹം ആരാധകരോട് റെക്കമന്‍ഡ് ചെയ്തു.

‘ആര്‍.ആര്‍.ആര്‍ നിങ്ങളുടെ അടുത്തുള്ള ഐമാക്‌സില്‍ പ്ലേ ചെയ്യുന്നില്ലെങ്കില്‍ വേഗം നെറ്റ്ഫ്‌ളിക്‌സില്‍ കാണൂ. ഇത് വല്ലാത്തൊരു അനുഭവമാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു. ഹോളിവുഡ് നിരൂപകര്‍ക്കിടയിലും മികച്ച അഭിപ്രായമാണ് ആര്‍.ആര്‍.ആറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആര്‍.ആര്‍.ആറിനെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകനായ ജോര്‍ജ് ഗുട്ടറസും ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ 84 വയസുള്ള അച്ഛനെയും സിനിമ കാണിച്ചു എന്നും അദ്ദേഹത്തിനും ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു എന്നും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഹോളിവുഡിലെ പ്രശസ്ത ആനിമേറ്ററായ ജോര്‍ജ് ഗുട്ടറസ് ദി ബുക്ക് ഓഫ് ലൈഫ് , ഗാര്‍ഡിയന്‍ ഓഫ് ഓസ് തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കയില്‍ നിന്നും 74 കോടിയാണ് ആര്‍.ആര്‍.ആര്‍ കളക്ട് ചെയ്തത്. റിലീസ് ദിനത്തില്‍ തന്നെ ലോകമെമ്പാടുനിന്നും 223 കോടി നേടിയ ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.

അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ യഥാര്‍ത്ഥ വ്യക്തികളാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായിക.

ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

Contact Highlight: Hollywood actor and screenwriter Patton Oswald has praised Rajamouli’s film R.R.R.

We use cookies to give you the best possible experience. Learn more