| Monday, 6th November 2023, 9:06 am

ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ജോ ബൈഡന് തുറന്ന കത്തയച്ച് അമേരിക്കന്‍ കലാകാരന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡന് തുറന്ന കത്തെഴുതി കലാകാരന്മാര്‍.

സെലീന ഗോമസ്, ബെല്ല ഹഡിദ്, ജിജി ഹഡിദ്, ജെന്നിഫര്‍ ലോപ്പസ്, സെയ്ന്‍ മാലിക് എന്നിവരുള്‍പ്പെടെയുള്ള കലാകാരന്മാരാണ് ഗസയില്‍ അടിയന്തര വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ട് ബൈഡന് കത്തയച്ചത്. ഓക്‌സ്‌ഫോം അമേരിക്ക, ആക്ഷന്‍ എയ്ഡ് യു.എസ്.എ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് കത്ത്.

പ്രസിഡന്റ് ബൈഡനെ അഭിസംബോധന ചെയ്ത തുറന്ന കത്തില്‍ കലാകാരന്മാര്‍ എന്ന നിലയിലുള്ള തങ്ങളുടെ ആശങ്കകള്‍ സംഘം പ്രകടിപ്പിച്ചു.

ഗസയില്‍ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കുള്ളില്‍ നഷ്ടമായ 5000ത്തിലധികം ജീവിതങ്ങളുടെ അമ്പരിപ്പിക്കുന്ന എണ്ണം കലാകാരന്മാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുകയും നിരപരാധികളായ ഫലസ്തീനികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനെ ശക്തമായി അപലപിക്കുകയും ചെയ്തു.

‘ പ്രിയ പ്രസിഡന്റ് ബൈഡന്‍, കലാകാരന്മാരും അഭിഭാഷകരും എന്ന നിലയിലാണ് ഞങ്ങള്‍ ഒത്തുചേരുന്നത്. എന്നാല്‍ അതിലുപരി ഇസ്രഈലിലെയും ഫലസ്തീനിലെയും വിനാശകരമായ ജീവഹാനികള്‍ക്കും ഭീകരതകള്‍ക്കും സാക്ഷ്യം വഹിക്കുന്ന മനുഷ്യര്‍ എന്ന നിലയിലാണ്.

മറ്റൊരു ജീവന്‍ നഷ്ടപ്പെടുന്നതിനു മുന്‍പ് ഗസയിലും ഇസ്രഈലിലും ഉടനടി സംഘര്‍ഷം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടത്താനും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റ് എന്ന നിലയില്‍ താങ്കളും യു.എസ് കോണ്‍ഗ്രസും ആവശ്യപ്പെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കഴിഞ്ഞ ഒന്നര ആഴ്ചക്കുള്ളില്‍ 5000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. മനസ്സാക്ഷിയുള്ള ഏതൊരാളും കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണിത്. വിശ്വാസമോ വംശീയതയോ പരിഗണിക്കാതെ എല്ലാ ജീവനും പവിത്രമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഫലസ്തീനിലേയും ഇസ്രഈലിലേയും പൗരന്മാരെ കൊല്ലുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു.

നിങ്ങളുടെ ഭരണകൂടത്തോടും കോണ്‍ഗ്രസിനോടും എല്ലാ ലോക നേതാക്കളോടും വിശുദ്ധ ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കാനും കാലതാമസം ഇല്ലാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും സൗകര്യമൊരുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ബോംബ് ആക്രമണം അവസാനിപ്പിക്കുക.

ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുക. രണ്ട് ദശലക്ഷം നിവാസികളില്‍ പകുതിയും കുട്ടികളാണ് മൂന്നില്‍ രണ്ടു ഭാഗവും അഭയാര്‍ത്ഥികളും അവരുടെ പിന്‍ഗാമികളും അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. മാനുഷിക സഹായം അവരിലേക്ക് എത്താന്‍ അനുവദിക്കണം.

ദുരിതങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് ഒരു സുപ്രധാനമായ പങ്ക് വഹിക്കാന്‍ ആകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ യു.എസ് കോണ്‍ഗ്രസ്, യൂണിസെഫ്, ഡോക്ടര്‍മാര്‍, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് എന്നിവയില്‍ നിന്നുള്ളവരോട് ഞങ്ങളുടെ അഭിപ്രായങ്ങളും ചേര്‍ക്കുകയാണ്.

ജീവന്‍ രക്ഷിക്കുക എന്നത് ധാര്‍മികമായ കാര്യമാണ്. ഇതെഴുതുമ്പോള്‍ കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ഗസയില്‍ ആറായിരത്തിലധികം ബോംബുകള്‍ വര്‍ഷിച്ചു. ഓരോ 15 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു.

ഗസയിലെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്ന്, ആശുപത്രികളിലേക്കുള്ള സുരക്ഷിതമായ പ്രവേശനം, എല്ലാം ദിവസങ്ങളോളം ഉള്ള വ്യോമാക്രമണങ്ങള്‍ കാരണം തകര്‍ന്നിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് അവിടുത്തെ ഇന്ധനം തീര്‍ന്നു.

വൈദ്യുതി നിലച്ചു . ഭൂരിഭാഗം ആളുകള്‍ക്കും പൈപ്പ് ലൈനുകള്‍ വഴി കുടിവെള്ളം ലഭിക്കില്ല. ജീവിതസാഹചര്യം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
എന്നിട്ടും എല്ലാ റിപ്പോര്‍ട്ടുകളും കൂടുതല്‍ ആക്രമണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഇവിടെ മനുഷ്യത്വത്തിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ ആളുകളുടെയും സ്വാതന്ത്ര്യത്തിനും നീതിക്കും അന്തസ്സിനും സമാധാനത്തിനും വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു. കൂടുതല്‍ രക്തച്ചൊരിച്ചിലുകള്‍ തടയാനുള്ള ആവശ്യം പ്രകടിപ്പിക്കുന്നു.

ഞങ്ങള്‍ ഒന്നും ചെയ്യാതെ നോക്കി നിന്നു എന്ന് വരും തലമുറകളോട് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ പ്രസിഡന്റ് ജോ ബൈഡനുള്ള തുറന്ന കത്തില്‍ അവര്‍ പറഞ്ഞു.

അനൗഷ്‌ക ശങ്കര്‍, ബെന്‍ അഫ്‌ലക്, ബ്രാഡിലി കൂപ്പര്‍, ചാനിങ് ടാറ്റം, ദുവാ ലിപാ, സാറ ജോണ്‍സ് എന്നിവരും കത്തെഴുതിയ കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഗസയെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തന്നെ ഉപേക്ഷിക്കേണ്ടി വന്ന കലാകാരിയാണ് അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ സെലീന ഗോമസ്.

Content Highlight: Hollywood A list Artists wrote open  letter to Jo Biden  regarding Gaza war

We use cookies to give you the best possible experience. Learn more