| Friday, 11th March 2022, 3:12 pm

പൊള്ളയായ ബജറ്റ്; കഴിഞ്ഞവണത്തെ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊളളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ബജറ്റിലെ 70 ശതമാനം പ്രഖ്യാപനവും ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും നയരൂപീകരണമോ, മാര്‍ഗനിര്‍ദേശമോ ഈ ബജറ്റിലില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘ബജറ്റിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടു. വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ തുന്നിചേര്‍ത്ത ബജറ്റാണ് ഈ വര്‍ഷത്തേത്. നികുതി സംവിധാനം ജി.എസ്.ടി അനുസൃതമാക്കി മാറ്റാനുളള നടപടികള്‍ ബജറ്റിലില്ല. 90 ശതമാനം സംസ്ഥാനങ്ങളും നികുതിഭരണ സമ്പ്രദായത്തില്‍ ജി.എസ്.ടിക്ക് അനുസൃതമായി മാറ്റം വരുത്തിയിട്ടുണ്ട്.

നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. അതിന്റെ ഏറ്റവും വലിയ തെളിവാണ് സര്‍ക്കാരിന്റെ ആംനെസ്റ്റി സ്‌കീമുകള്‍. നികുതി പിരിക്കുന്നതില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മുപ്പതിനായിരം കോടിയിലധികം കുറവാണ് വന്നിരിക്കുന്നത്.

നികുതി പിരിവിലുളള കാര്യക്ഷമതയില്ലായ്മയാണ് ഇത് കാണിക്കുന്നത്. യു.ഡി.എഫ് ഭരണക്കാലത്ത് നികുതി കുടിശിക പിരിക്കുന്നതിനുളള ലക്ഷ്യം ഒരു പരിധി വരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്,’ വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, ബജറ്റിനെ അഭിന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ച്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ലെന്നും മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ പറയുന്നു.


Content Highlights: Hollow budget; Past announcements are still pending: VD Satheesan

We use cookies to give you the best possible experience. Learn more