| Thursday, 14th June 2018, 8:31 am

കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ദേശീയ ദുരന്തനിവാരണ സേന ജില്ലയില്‍ എത്തുമെന്ന് കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേന എന്‍.ഡി.ആര്‍.എഫ് ഇന്ന് ജില്ലയില്‍ എത്തും. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന എത്തുന്നത്. ഉരുള്‍പൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടിന്റെ മലയോര പ്രദേശങ്ങളിലാണ് മഴ പെയ്തതെങ്കില്‍ ഇന്നലെ രാത്രി ജില്ല മുഴുവന്‍ കനത്ത മഴയായിരുന്നു പെയ്തത്. ഈ ഒരു സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചതിനാലുമാണ് തീരുമാനം.


Read Also : കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. പ്രശാന്തിനെ ഒഴിവാക്കി


ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ക്യാമ്പ് കഴിയും വരെ അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

അടുത്ത കാലത്തൊന്നും ഇല്ലാത്ത തരത്തിലാണ് മലയോര പ്രദേശങ്ങളില്‍ നിര്‍ത്താതെ മഴ പെയ്യുന്നത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൃഷി ഒലിച്ച് പോയിട്ടുണ്ട്.ഉരുള്‍പൊട്ടി റോഡില്‍ മണ്ണും മരങ്ങളും വീണതിനെത്തുടര്‍ന്ന് സ്തംഭിച്ച ഗതാഗതം പലയിടത്തും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് വൈദ്യുതിയും ഇല്ല.

ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് എല്ലാവരേയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മഴക്ക് ഇന്നും ശമനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ജൂണ്‍ പത്തൊമ്പതോടെ കര്‍ണാടകയിലും കേരളത്തിലും കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഇതുവരെ 95 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more