| Wednesday, 8th March 2023, 7:11 pm

വനിതകളെ സുരക്ഷിതമാക്കി ഹോളി ആഘോഷിക്കണം; ഭാരത് മാട്രിമോണിയുടെ വനിതാദിന സന്ദേശം ആന്റി-ഹിന്ദു പ്രൊപ്പഗണ്ടയാണെന്ന് ഹിന്ദുത്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വനിതാ ദിനത്തോട് അനുബന്ധിച്ച് ഭാരത് മാട്രിമോണി നല്‍കിയ സന്ദേശത്തിനെതിരെ ഹിന്ദുത്വ പ്രൊഫൈലുകളുടെ പ്രതിഷേധം. ഹോളിയും വനിതാ ദിനവും ഒരുമിച്ച് വന്ന സാഹചര്യത്തില്‍ ഹോളി ആഘോഷത്തില്‍ സ്ത്രീകളെ സുരക്ഷിതരാക്കണമെന്നായിരുന്നു ഭാരത് മാട്രിമോണിയുടെ ട്വീറ്റ്.

എന്നാല്‍ ഇത് ആന്റി-ഹിന്ദു പ്രൊപ്പഗണ്ടയാണെന്ന് ആരോപിച്ചാണ് ബോയ്‌ഗോട്ട് ഭാരത് മാട്രിമോണി എന്ന ഹാഷ്ടാഗോട് കൂടിയുള്ള പ്രതിഷേധം ട്വിറ്ററില്‍ നടക്കുന്നത്.

‘ഒരുപാട് സ്ത്രീകള്‍ ഹോളിക്കിടയില്‍ ഉണ്ടാകുന്ന ഉപദ്രവങ്ങള്‍ കാരണം ആഘോഷങ്ങള്‍ അവസാനിപ്പിക്കാറുണ്ട്. ഈ ഹോളി ദിനത്തില്‍ വനിതാദിനവും ആഘോഷിക്കുമ്പോള്‍ അവരെ സുരക്ഷിതരാക്കുക,’ എന്നാണ് ഭാരത് മാട്രിമോണി പങ്കുവെച്ച സന്ദേശം.

സ്ത്രീകളെ എല്ലായ്‌പ്പോഴും സുരക്ഷിതരാക്കണമെന്ന് പറയുന്ന സന്ദേശത്തിന്റെ കൂടെ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

പ്രസ്തുത വീഡിയോയില്‍ ഹോളി ആഘോഷം കഴിഞ്ഞ് മുഖം കഴുകുന്ന പെണ്‍കുട്ടിയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ആ പെണ്‍കുട്ടി മുഖം കഴുകി കഴിഞ്ഞതിന് ശേഷം കണ്ണാടി നോക്കുമ്പോള്‍ ആഘോഷത്തിനിടെ ഉപദ്രവിച്ചതിന്റെ പാടുകളും കാണുന്നുണ്ട്.

ഉടനെ ചില നിറങ്ങള്‍ ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി തുടച്ച് നീക്കാന്‍ സാധിക്കില്ലെന്നും ഹോളിയില്‍ അനുഭവിക്കുന്ന ഉപദ്രവങ്ങള്‍ ട്രോമകളായി നിലനില്‍ക്കും എന്ന സന്ദേശം നല്‍കുകയാണ് വീഡിയോയിലൂടെ.

ട്രോമയിലൂടെ കടന്ന് പോയ മൂന്നില്‍ ഒരു സ്ത്രീ ഹോളി നിര്‍ത്തിയെന്നും ഭാരത് മാട്രിമോണി പറഞ്ഞു. ഈ ഹോളി, വനിതാ ദിനം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കണമെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

എന്നാല്‍ ഈ വീഡിയോക്ക് പിന്നാലെ ഒരു കൂട്ടം ആളുകള്‍ ഇത് ആന്റി-ഹിന്ദു അജണ്ടയാണെന്നും പറഞ്ഞ് വിമര്‍ശനവുമായി വന്നിരിക്കുകയായിരുന്നു.

ഭാരത് മാട്രിമോണിയുടെ ഈദ് ആശംസകള്‍ പറയുന്ന പോസ്റ്ററും ഈ മെസേജും കൂടി യോജിപ്പിച്ചാണ് ഏറ്റവും കൂടുതല്‍ പ്രചരണം വന്നിരിക്കുന്നത്. ഈദ് ദിനത്തില്‍ ഭാരത് മാട്രിമോണി വനിതകള്‍ക്ക് എന്തുക്കാണ്ടാണ് ബോധവല്‍ക്കരണം നല്‍കാതിരുന്നത് എന്നുള്ള പ്രചരണങ്ങളാണ് വരുന്നത്.

അല്ലാഹു നിങ്ങളുടെ ത്യാഗങ്ങളും നല്ല ഉദ്ദേശങ്ങളും സ്വീകരിച്ച് അനുഗ്രഹം നേരട്ടേയെന്നാണ് ഈദ് ദിനത്തില്‍ ഭാരത് മാട്രിമോണി ആശംസാ മെസേജ് നല്‍കിയത്. എന്നാല്‍ ഇവ രണ്ടും ഉപയോഗിച്ച് കൊണ്ട് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയാണ് ബോയ്‌ഗോട്ട് ഭാരത് മാട്രിമോണി എന്ന ഹോഷ്ടാഗിലൂടെ.

സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മാട്രിമോണിയല്‍ ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന മെസേജുകളും കൂടുതലായി കാണുന്നുണ്ട്.

content highlight: Holi should be celebrated by keeping women safe; Hindutvar says Bharat Matrimony’s Women’s Day message is anti-Hindu propaganda

We use cookies to give you the best possible experience. Learn more