കോഴിക്കോട്: വന്ദേഭാരതിന് വേണ്ടി മറ്റു തീവണ്ടികള്‍ പിടിച്ചിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്. സംഭവത്തില്‍ റെയില്‍വെ പാലക്കാട് ഡിവിഷണല്‍ മാനേജറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. യാത്രക്ലേശം പരിഹരിച്ച് പരിശോധന നടത്തി പരിഹാര നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് 10 ദദിവസത്തിനകം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വന്ദേഭാരത് വന്നതിന് ശേഷം മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതും, പിടിച്ചിടുന്ന തീവണ്ടികളിലെ യാത്രക്കാര്‍ ദുരിതത്തിലാകുന്നതും നിത്യ സംഭവമായതോടെയാണ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുള്ളത്.
കഴിഞ്ഞ രണ്ട് മാസത്തോളമായി സാധാരണക്കാരായ തീവണ്ടി യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് ഇക്കാരണം കൊണ്ട് നേരിടുന്നത്. തീവണ്ടികളില്‍ ആളുകള്‍ കുഴഞ്ഞ് വീഴുന്നത്, ജോലിക്കടക്കം സമയത്തിന് എത്താന്‍ കഴിയാത്തതുമായ നിരവധി റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വെ അധികൃതരോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വടക്കന്‍ കേരളത്തിലും മലബാറിലും യാത്ര പ്രതിസന്ധി രൂക്ഷമാണ്.
നേരത്തെ ഷട്ടില്‍ ട്രെയിനുകളാണ് മറ്റു തീവണ്ടികള്‍ക്ക് കടന്നുപോകാനായി പിടിച്ചിട്ടിരുന്നത് എങ്കില്‍ വന്ദേഭാരതിന് വേണ്ടി ദീര്‍ഘ ദൂര ട്രെയിനുകള്‍ പോലും പിടിച്ചിടുന്നുണ്ട്. സ്ഥിരം യാത്രക്കാരും ദീര്‍ഘദൂര യാത്രക്കാരും ഇക്കാരണം കൊണ്ട് ഒരു പോലെ പ്രതിസന്ധിയിലാകുന്നുണ്ട്.
അതേസമയം വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്ന പ്രശ്‌നം പുതിയ ടൈംടേബിള്‍ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് കേന്ദ് മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ പുതിയ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷത്തില്‍ രണ്ട് തവണയാണ് റെയില്‍വെ ടൈംടേബില്‍ റിവിഷന്‍ നടത്തുന്നതെന്നും ഇതിനിടയിലാണ് പുതിയ വന്ദേഭാരത് കേരളത്തില്‍ വന്നതെന്നും ഇതാണ് മറ്റു ട്രെയിനുകള്‍ പിടിച്ചിടാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടൈംടേബിള്‍ വരുന്നതോടെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് പറഞ്ഞ വി.മുരളീധരന്‍ എന്നാല്‍ പുതിയ ടൈംടേബിള്‍ എന്നായിരിക്കും തയ്യാറാകുക എന്ന് പറഞ്ഞിട്ടുമില്ല.
പ്രശ്‌നപരിഹാരത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കേന്ദ്ര മന്ത്രിയുടെ വാക്കുകള്‍ സൂചിപിക്കുന്നത്. അടുത്ത ടൈംടേബിള്‍ പരിഷ്‌കരണത്തിന് മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ തന്നെ അത്രയും ദിവസം മറ്റു തീവണ്ടികള്‍ പിടിച്ചിടുന്നത് കാരണമുള്ള പ്രതിസന്ധികള്‍ തുടരുമെന്നാണ് മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
content highlights: Holding other trains for Vandebharat is a violation of human rights